പോൺ ചിത്രങ്ങൾ ഒളിപ്പിച്ചു കാണുന്നവർ സൂക്ഷിക്കുക

പോൺ ചിത്രങ്ങൾ ഒളിപ്പിച്ച കാണുന്ന ഒരാൾക്ക് വിൻഡോസ് 10 കൊടുത്തത് എട്ടിന്റെ പണി. ഏറെ കാത്തിരുന്ന വിൻഡോസ് 10 പിസിയിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അയാൾ ഒരിക്കലും കരുതിക്കാണില്ല ആ ചതി. ഉറങ്ങാൻ പോകുന്നതിനു മുമ്പ് വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്യാൻ വച്ചു തൊട്ടടുത്ത ദിവസം എഴുന്നേറ്റ അയാളെ കാത്തിരുന്നത് ദേഷ്യം വന്നു ചുവന്നിരിക്കുന്ന ഭാര്യയുടെ മുഖമാണ്. ഒരു വിൻഡോസ് 10 അപ്ഡേറ്റ് ചെയ്യുമ്പോഴേക്കും ഭാര്യയ്ക്കെന്താ ഇത്ര പിണങ്ങാൻ എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് കക്ഷി സ്ക്രീനിലേക്ക് ഒന്നുകൂടി നോക്കിയത്. ഭാര്യ വാളെടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു. ഭർത്താവ് ഒരു ഫോൾഡറിലാക്കി ഒളിപ്പിച്ചുവച്ച പോൺചിത്രങ്ങളെല്ലാം അതാ സ്ലൈഡ് ഷോ ആയി ഡെസ്ക്ടോപ്പിൽ കിടന്നു കളിക്കുന്നു. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് ഫാൾഒൗട്ട് ബോസ് എന്ന പേരിലുള്ള വിൻഡോസ് 10 ഉപയോക്താവ് തന്റെ ചതി രേഖപ്പെടുത്തിയത്.

സ്ലൈഡ് ഷോ ആയി വരുന്ന ചിത്രങ്ങൾ എങ്ങനെ മാറ്റുമെന്നറിയാതെ ആദ്യം കൺഫ്യൂഷനിലായ യൂസർ പിന്നീട് റൈറ്റ് ക്ലിക്ക് ചെയ്ത് ടേൺ ലൈവ് ടൈൽ ഓഫ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതോടെയാണ് പോൺ ചിത്രങ്ങൾ ഒന്നടങ്ങിയത്. സ്ക്രീൻ സേവറിൽ ചിത്രങ്ങൾ വന്നത് മനപ്പൂർവമല്ലെന്നു വ്യക്തമാക്കി തെറ്റ് ഏറ്റുപറഞ്ഞതോടെയാണ് ഭാര്യയെ ഒരുവിധം ബോസ് സമാധാനിപ്പിച്ചതത്രേ. എങ്കിലും താൻ ഒരു ഫോൾഡറിലാക്കി ഒളിപ്പിച്ചുവച്ച ചിത്രങ്ങൾ വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്തതോടെ പുറത്തായതിന്റെ കലിപ്പിലാണ് കക്ഷി ഇപ്പോഴും.

മൈ പിക്ചേഴ്സ് എന്ന ഫോൾഡറിൽ സേവ് ചെയ്ത ചിത്രങ്ങളാണ് വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഓട്ടോമാറ്റിക്കായി സ്ക്രീൻ സേവറാകുന്നതെന്നും കക്ഷി കണ്ടുപിടിച്ചു. അതിനാൽ സ്വകാര്യ ചിത്രങ്ങൾ മൈ പിക്ചേഴ്സ് ഫോൾഡറിൽ സേവ് ചെയ്ത് തന്റെ അബദ്ധം പറ്റരുതെന്നാണ് വിൻഡോസ് ഉപഭോക്താക്കൾക്ക് ഫാൾഒൗട്ട് ബോസിന്റെ അപേക്ഷ.