സന്തുഷ്ട ദാമ്പത്യത്തിന് ഉയരം കൂടിയ ഭർത്താവ് !

സന്തോഷകരമായ ദാമ്പത്യത്തിന് എന്തെല്ലാം ഘടകങ്ങൾ അത്യാവശ്യമാണ്? പരസ്പര വിശ്വാസം, സ്നേഹം, മനസിലാക്കൽ അങ്ങനെയങ്ങനെ നീണ്ട പട്ടിക തന്നെയുണ്ടാകുമല്ലേ.. എന്നാൽ മറ്റൊന്നു കൂടിയുണ്ട്, സന്തുഷ്ട ദാമ്പത്യത്തിന് ഭര്‍ത്താവ് ഉയരക്കാരാനായാൽ മതിയത്രേ. ചെറിയ ഉയര വ്യത്യാസമുള്ളവരെയും ഉയര വ്യത്യാസമേയില്ലാത്താവരെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. സന്തോഷകരമായ കുടുംബ ജീവിതമായിരിക്കും ഉയരം കൂടിയ ഭർത്താവിനും തീരെ ഉയരം കുറഞ്ഞ ഭാര്യയ്ക്കുമിടയിൽ എന്നാണ് ഗവേഷകർ പറയുന്നത്.

സൗത്ത് കൊറിയയിലെ ഗവേഷകനായ കിറ്റേ സോൺ ആണ് പുതിയ പഠനത്തിനു പിന്നിൽ. 7850 സ്ത്രീകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് അദ്ദേഹം ഇത്തരമൊരു അനുമാനത്തിലേക്കെത്തിയത്. ഉയരംകൂടിയ ഭർത്താവിനൊപ്പം സന്തോഷ ജീവിതം നയിക്കുന്നതിൽ ഒന്നിലേറെ കാരണങ്ങളുണ്ടെന്നു കണ്ടെത്തി. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിൽക്കൂടി സ്ത്രീകൾക്കിഷ്ടം ഉയരംകൂടിയ പുരുഷന്മാരെയാണത്രേ. പക്ഷേ ഈ ഇഷ്ടം അത്ര നീണ്ടുനിൽക്കുകയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഭർത്താവിന്റെ ശാരീരിക ഘടനയോടുള്ള താൽപര്യം കുറച്ചുനാൾ കഴിയുമ്പോൾ തീരാനും സാധ്യതയുണ്ടത്രേ. പതിനെട്ടു വർഷം കഴിയുന്നതോടെ ഉയരത്തോടുള്ള ആകർഷണം തീർത്തും നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സംഗതി ശരിയാണെങ്കിലും തെറ്റാണെങ്കിലും പൊക്കമില്ലാത്തവരുടെ നെഞ്ചിൽ ഒരു ഇടിത്തീയായാണ് പുതിയ പഠനത്തിന്റെ ഫലം. സാരമില്ല ബോയ്സ്, പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന കുഞ്ഞുണ്ണിമാഷ് കവിത പറഞ്ഞ് നമുക്കിത് തള്ളിക്കളയാം.....