ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡൽ ഇനി അങ്കിതയ്ക്കു സ്വന്തം

മിലിന്ദ് സോമനും അങ്കിതയും

അങ്ങനെ ആരാധകർ കാത്തിരുന്ന ആ വാർത്ത വന്നെത്തി, ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലും നടനുമായ മിലിന്ദ് സോമൻ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്ന അങ്കിത കോൻവാര്‍ ആണ് വധു. ഞായറാഴ്ച രാവിലെ ന‌ടന്ന പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹൽദി, സംഗീത് സെറിമണികൾക്കു ശേഷം ലളിതമായ ചടങ്ങിൽ വച്ചാണ് മിലിന്ദ് അങ്കിതയെ ജീവിതസഖിയാക്കിയത്.

മിനിമൽ മേക്കപ്പിലും ജ്വല്ലറിയുമൊക്കെ അതിസുന്ദരിയായാണ് ഇരുപത്തിയേഴുകാരിയായ അങ്കിത വിവാഹ വേദിയിലെത്തിയത്. ഐവറി നിറത്തിലുള്ള കസവു സാരിക്കു ചേരുന്നതായിരുന്നു ഓരോ ആഭരണങ്ങളും. വരനും കസവു കരയുള്ള ഐവറി കളറിലുള്ള കുർത്തയാണു ധരിച്ചത്. ഇതോടെ നാലുവർഷം നീണ്ട പ്രണയത്തിനാണ് ശുഭപര്യവസായിയാരിക്കുന്നത്. 

ബോഡി ബിൽഡിങ്ങിൽ തരംഗം സൃഷ്ടിച്ച്, ഇന്ത്യയുടെ ഏറ്റവും ഹോട്ടസ്റ്റ്, സെക്‌സിയസ്‌റ്റ് മോഡൽ ആയി മാറിയ മിലിന്ദ് കഴിഞ്ഞ നാലുവർഷമായി അങ്കിതയുമായി പ്രണയത്തിലായിരുന്നു. വിവാഹമോചിതനായ ശേഷം ഒറ്റയാൻ ജീവിതം നയിച്ചിരുന്ന മിലിന്ദ് വീണ്ടും പ്രണയത്തിലായി എന്ന വാർത്ത നവമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അങ്കിതയുമൊത്തുള്ള ചിത്രങ്ങൾ മിലിന്ദ് പങ്കുവച്ചിരുന്നത്. ഫോർ എവർ എന്ന അടിക്കുറിപ്പോടെയായിരുന്നു മിലിന്ദ് ചിത്രങ്ങളിലേറെയും ഷെയർ ചെയ്തിരുന്നത്. 

അമ്പത്തിരണ്ടുകാരനായ മിലിന്ദും ഇരുപത്തിയേഴുകാരിയായ അങ്കിതയുമായുള്ള പ്രണയവാർത്ത പുറത്തു വന്നപ്പോൾ തന്നെ വിമർശനവുമായി നിരവധിപേർ മുന്നോട്ടുവന്നിരുന്നു. പ്രായത്തിന്റെ പകുതി മാത്രമുള്ള യുവതിയെ പ്രണയിക്കുന്നുവെന്നു പറഞ്ഞാണ് പലരും മിലിന്ദിനെ കുറ്റപ്പെടുത്തിയിരുന്നത്. എന്നാൽ പ്രണയത്തിലും വിവാഹത്തിലും പ്രായമേറുന്നതൊരു പ്രശ്നമല്ലെന്നു തെളിയിക്കുകയായിരുന്നു മിലിന്ദ്. 

മെയ്ഡ് ഇൻ ഇന്ത്യ എന്ന മ്യൂസിക് ആല്‍ബമാണ് മിലിന്ദിനെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കിയത്. ശേഷം ഒരുപിടി സിനിമകളിലും അദ്ദേഹം വേഷമിട്ടു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam