Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അവർക്ക് വീടാകട്ടെ എന്നിട്ടു ചെരിപ്പിടാം, പ്രതിജ്ഞയുമായി സിബിൻ !

Sibin സിബിൻ തോമസ്

എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിപരിസരത്ത് നിർധന രോഗികളെ സഹായിച്ച് ഈ ഇരുപത്തിനാലുകാരൻ കൂടെയുണ്ട്; സിബിൻ തോമസ്. കാൻസർ രോഗികൾക്കു താമസസ്ഥലം ഉണ്ടാക്കാനാണിപ്പോൾ പരിശ്രമം. അതു സഫലമായിട്ടേ ചെരിപ്പിടൂ എന്നു പ്രതിജ്ഞയും. പ്ലസ് ടു കഴിഞ്ഞപ്പോൾ ജോലി കിട്ടിയെന്നു പറഞ്ഞു വീടു വിട്ട സിബിൻ തോമസ് നേരെ എത്തിയതു കോട്ടയം മെഡിക്കൽ കോളജിലേക്ക്. 

അവിടെ കിടപ്പുരോഗികളെ കുളിപ്പിക്കും, പ്രാഥമിക കൃത്യങ്ങൾക്കു സഹായിക്കും, ശുശ്രൂഷിക്കും. അവിടെത്തന്നെ ഉറങ്ങും. രണ്ടു വർഷത്തിനു ശേഷം ഒരു ബന്ധു കണ്ടതോടെ ആകെ ബഹളമായി. ഖത്തറിൽ ജോലി തരപ്പെടുത്തിക്കൊണ്ടു ബന്ധുക്കൾ ആശുപത്രിയിലെത്തി. വീട്ടിലേക്കില്ലെന്നു പറഞ്ഞതോടെ പിണങ്ങി, ഒരു വർഷത്തോളം മിണ്ടാതിരുന്നു. 

ആദ്യം ആശുപത്രി അധികൃതരും സിബിനെ ഗൗനിച്ചില്ല. പിന്നീടു നഴ്സുമാർ ഇങ്ങോട്ടു വിളിച്ചു സേവനം ആവശ്യപ്പെടാൻ തുടങ്ങി. അവർ തന്നെ നിർബന്ധിച്ചു പാരലൽ കോളജിൽ ബികോമിനു ചേർത്തു. ഫീസില്ലാതെ പഠിപ്പിക്കാൻ അധ്യാപകനും തയാറായി. രാവിലെ ക്ലാസിനു പോയി,ഉച്ചയ്ക്ക് ആശുപത്രിയിലെത്തും. വായനയും ഉറക്കവുമെല്ലാം ആശുപത്രി വരാന്തയിൽ. 

ഇതറിഞ്ഞ്, സമീപത്തു താമസിക്കുന്ന വനിത തന്റെ കടമുറികളിലൊന്നു സിബിനു വിട്ടുനൽകി. മുറി, കാൻസർ വാർഡിനു വളരെയടുത്താണെന്നതാണു തന്നെ സന്തോഷിപ്പിച്ചതെന്നു സിബിൻ.  2015ൽ ചാരിറ്റി ട്രസ്റ്റ് റജിസ്റ്റർ െചയ്ത സിബിൻ, ഇപ്പോൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ നാലു ദിവസം കിടപ്പുരോഗികൾക്കു സൗജന്യഭക്ഷണം നൽകുന്നു. വീടുകളിൽ നേരിട്ടുപോയി സഹായം തേടിയാണു ഫണ്ട് കണ്ടെത്തുന്നത്.  

മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന നൂറുകണക്കിനു കാൻസർ രോഗികൾക്കു താമസിക്കാനൊരിടമാണിപ്പോൾ സിബിന്റെ വലിയ സ്വപ്നം. അതു സാക്ഷാത്കരിച്ചിട്ടേ ഇനി ചെരിപ്പ് ധരിക്കൂ എന്ന നിയോഗം വച്ചു പ്രാർഥനയും ഒപ്പം അതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ട് ആറുവർഷം. ആരോ കൊടുത്ത വേഷം ധരിച്ച്, ചെരിപ്പിടാത്ത കാലുകളുമായി സിബിൻ യാത്ര തുടരുകയാണ്. അതു കാണുമ്പോൾ അറിയാതെ പറഞ്ഞുപോകും, ഇതു ഭ്രാന്ത് തന്നെ, നന്മയുടെ ഭ്രാന്ത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam