Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിങ്കളാഴ്ച നല്ല ദിവസം !

Be Positive ബി പോസിറ്റീവ് കൂട്ടായ്മയിൽനിന്ന്

സെമസ്റ്റർ പരീക്ഷ, അസൈൻമെന്റുകൾ, പ്രോജക്ട്...ക്യാംപസിൽ മറ്റൊന്നിനും സമയമില്ല... ഇക്കാലത്തെ പതിവു വിലാപം. പക്ഷേ, മനസ്സുണ്ടെങ്കിൽ ഏതു തിരക്കിനിടയിലും ചില്ല ‘നല്ലപാഠങ്ങൾ’ കൂടി പഠിക്കാമെന്നും മറ്റുള്ളവരിലേക്കു പകരാമെന്നും തെളിയിക്കുകയാണ് കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർഥികൾ. എല്ലാ ദിവസവും നല്ലതുതന്നെ. എന്നാൽ, ബസേലിയസിലെ കുട്ടികൾക്കു തിങ്കളാഴ്ച ‘കുറച്ചുകൂടി’ നല്ലദിവസമാണ്. കാരണം, ആഴ്ച മുഴുവൻ അവർക്ക് ഊർജം പകരുന്ന നന്മക്കൂട്ടായ്മ നടക്കുന്നത് അന്നാണ്. കൂട്ടായ്മയുടെ പേരുതന്നെയാണു പ്രധാന ഹൈലൈറ്റ് ‘ബി പോസിറ്റീവ്.’ 

 

നന്മയുള്ള എന്തും 

∙ മൂന്നു വർഷങ്ങൾക്കു മുൻപാണ് വിദ്യാർഥികൾ ബി പോസിറ്റീവ് കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. തിങ്കളാഴ്ചകളിൽ വൈകിട്ട് ക്ലാസ് കഴിഞ്ഞുള്ള 40 മിനിറ്റ് ഒത്തുചേരാൻ തീരുമാനിച്ചു. സമരമരച്ചുവട്ടിലോ, മൈതാനത്തിന്റെ കോണിലോ ചേരുന്ന ‘ബി പോസിറ്റീവ്’ സൗഹൃദയോഗങ്ങൾക്ക് ഔപചാരികതയൊന്നുമില്ല. അധ്യാപക – വിദ്യാർഥി ഭേദങ്ങളുമില്ല. നന്മയുള്ള ഒരു വാക്ക്, സ്വാധീനിച്ച ഒരനുഭവം, വായിച്ച പ്രിയ പുസ്തകം... എന്തിനും ഇവിടെ ഇടമുണ്ട്. വേറിട്ട ജീവിതങ്ങളിലൂടെ ശ്രദ്ധേയരായ വ്യക്തികൾ അതിഥികളായി എത്താറുണ്ട്. 

∙ ഒന്നും ‘കേട്ടു കളയില്ല’ 

ബി പോസിറ്റീവ് യോഗങ്ങളിലൂടെ ലഭിക്കുന്ന ഊർജവും പുതിയ കാഴ്ചപ്പാടുകളും വെറുതെ കളയാൻ വിദ്യാർഥികൾ ഒരുക്കമല്ല. നവജീവൻ പി.യു. തോമസ് പങ്കെടുത്ത യോഗത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ്, ‘പൊതിച്ചോറ്’ പദ്ധതിക്കു കുട്ടികൾ തുടക്കമിട്ടത്. നഗരത്തിൽ വിശന്നുപൊരിയുന്നവർക്ക് ഒരു നേരമെങ്കിലും അന്നമെത്തിക്കാനുള്ള പദ്ധതി, എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണു നടത്തുന്നത്. തങ്ങൾക്കുള്ള ഭക്ഷണപ്പൊതിക്കൊപ്പം ഒരു പൊതി കൂടി വിദ്യാർഥികൾ അധികം കരുതുന്നു; തെരുവോരങ്ങളിൽ തനിച്ചായിപ്പോയവർക്കു വേണ്ടി. കോളജിലെ താൽക്കാലിക ജീവനക്കാരിക്ക് പൊളിഞ്ഞുവീഴാറായ വീടിനു പകരം ‘സ്നേഹവീട്’ നിർമിച്ചു നൽകിയതും ബി പോസിറ്റീവിന്റെ നേതൃത്വത്തിൽ തന്നെ. മധ്യവേനലവധിക്ക് നൂറോളം വിദ്യാർഥികൾ ഇതിനായി പണിയെടുത്തു. പ്രിൻസിപ്പൽ ഡോ. ജാൻസി തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പ്രഫ. തോമസ് കുരുവിള, പ്രഫ. സാനി മേരി ബഞ്ചമിൻ എന്നിവർ‌ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.