Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ കരച്ചിൽ ഓരോ നിമിഷവും കണ്മുന്നിൽ' 

two-girls-helping-old-man

ഒന്നുപറഞ്ഞ് രണ്ടാമത്തേതിനു തൊട്ടടുത്തു നിൽക്കുന്നവന്റെ ചങ്കിലേക്കു കഠാരിയിറക്കുന്ന മനുഷ്യൻ. പിഞ്ചു കുഞ്ഞിനെപ്പോലും പിച്ചിച്ചീന്തുന്ന നരാധമർ. ചോരവാർന്നു കിടക്കുന്ന സഹജീവിയുടെ വിഡിയോയെടുത്ത് രസിക്കുന്ന കണ്ണിൽചോരയില്ലാത്തവർ... മനുഷ്യ കുലത്തിൽനിന്ന് കാരുണ്യവും ആർദ്രതയും സ്നേഹവുമെല്ലാം മരിച്ച് അടക്കം കാത്തുകിടക്കുകയാണെന്നു കരുതുന്നവർക്കിടയിലേക്കാണ് ഈ പെൺകുട്ടികളുടെ വരവ്. ഇവരുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ ജീവിതത്തിന്റെ സായം സന്ധ്യയിലുള്ള ഒരു വയോധികൻ ഇപ്പോഴേക്കും അസ്തമിച്ചേനെ. കാതു പൊത്തിക്കുന്ന നൂറു നൂറു വാർത്തകൾക്കിടയിലും ഈ സമൂഹത്തിൽ ഇനിയും നന്മ ബാക്കിയെന്നു തെളിയിക്കുന്ന ഈ മിടുക്കികളെ അഭിനന്ദിക്കാതെ വയ്യ.. ഇവരെ സഹായിച്ചവരെ മറക്കുകയല്ല, എല്ലാം തുടങ്ങിവച്ച ആ മനസ്സുകൾക്കിരിക്കട്ടേ ആദ്യ സല്യൂട്ട്.

കഴിഞ്ഞയാഴ്ച വഴിയരികിലൂടെ നടന്നു നീങ്ങുന്നതിനിടയിലാണ് ആ പ്രായമായ മനുഷ്യൻ നടപ്പാതയിൽ അവശനിലയിൽ‌ കിടക്കുന്നത് കണ്ടത്. ആരായാലും കണ്ണേ മടങ്ങുകയെന്നു പറഞ്ഞ് വഴി മാറിപ്പോകുന്ന സാഹചര്യം. വളർന്നുപന്തലിച്ച നരച്ചമുടിയും താടിയും. കുളിച്ചിട്ട് ഒരുപാടു ദിവസമായിക്കാണും. അടുക്കുമ്പോൾ ദുർഗന്ധം. കിടന്ന കിടപ്പിൽ മലമൂത്രവിസർജനം നടത്തിയിട്ടുണ്ട്. ബാങ്ക് റോഡിൽ ജില്ലാ മൃഗാശുപത്രിക്ക് എതിർവശത്തായി നടപ്പാതയി‍ൽ പനിച്ചു വിറയ്ക്കുകയായിരുന്നു അദ്ദേഹം. 

കണ്ണു പിൻവലിക്കുന്നതിനു പകരം കൽപറ്റ സ്വദേശി നീതു ജോസും കോടഞ്ചേരി സ്വദേശി അൻ‌സില പീറ്ററും അദ്ദേഹത്തിനു സമീപത്തേക്കു നീങ്ങി. ‘പറ്റിയ പണിയെടുത്താൽ മതി മക്കളേ, വയ്യാവേലി തലയിൽ കയറ്റേണ്ട’ അസ്സൽ ഉപദേശമാണ് കാഴ്ച കാണാനെത്തിയവർ നൽകിയത്. ‘ഈ അവസ്ഥ ചേട്ടനായിരുന്നെങ്കിലോ.. ഒറ്റച്ചോദ്യത്തിനു മുന്നിൽ ഉപദേശികൾ തലതാഴ്ത്തി നടന്നു’ നീതു പറയുന്നു. സഹായത്തിനു പൊലീസിൽ വിളിക്കാനാണ് തോന്നിയത്.

അപ്പച്ചാ.. ചായ വേണോ എന്നു ചോദിച്ചപ്പോൾ തലയാട്ടി. ചായ കുടിക്കുമ്പോൾ ആ ചുളി വീണ കണ്ണുകൾ നനയുകയായിരുന്നു. ആ കരച്ചിൽ ജീവിതകാലം മുഴുവൻ മറക്കാത്ത സമ്മാനമായി ഓരോ നിമിഷവും അവരുടെ കൺമുന്നിൽ തെളിയുന്നുണ്ട്. പൊലീസെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. 

 മണിക്കൂറുകൾക്കു ശേഷം അദ്ദേഹത്തെ കാണാൻ നീതുവും ആൻസിലയും ആശുപത്രിയിലെത്തി. ആ സമയവും എത്തിച്ചപോലെ തന്നെ കിടക്കുകയായിരുന്നു. ആ അവസ്ഥയിൽ ചികിത്സ നൽകുന്നതായിരുന്നു പ്രശ്നം. പൊതുപ്രവർത്തകരായ നിയാസ് കാരപ്പറമ്പും, ബാലുശ്ശേരി ചങ്ങരോത്ത് കുന്നുമ്മൽ സി.കെ. ധനേഷും ചേർന്നാണ് കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ചത്.  ഗ്ലൂക്കോസും മരുന്നും ഉള്ളിലെത്തിയതോടെ നടപ്പാതയിൽ തീർന്നുപോകുമായിരുന്ന ആ ശരീരത്തിനു ജീവൻ വച്ചു. കുര്യാക്കോസ് എന്നാണ് പേരെന്നു പറഞ്ഞു. ആ മനുഷ്യനെ സംരക്ഷണ കേന്ദ്രത്തിലാക്കിയ ശേഷമാണ് നീതുവും അൻസിലയും തിരിച്ചുപോയത്. നീതു അശോകപുരം ഐസിഎൻഎസിലും അൻസില കല്ലായി പിഎംഎസിലുമാണ് പഠിക്കുന്നത്. നന്മയുടെ പതാകാവാഹകരായ ഇരുവരുടെയും അപൂർവ മാതൃകയ്ക്കു കയ്യടിക്കുകയാണ് കേരളം... ഇവർ ചെയ്തതു ചെറിയ കാര്യമായിരിക്കാം പക്ഷേ, ആ ചെറുപ്പത്തിനൊരു വലിപ്പമുണ്ട്.