വണ്‍പ്ലസ് 5 ക്യാമറ മികവുറ്റതാക്കാൻ വണ്‍പ്ലസും DXOയും ഒന്നിക്കും

ലൈക്കയുടെ സഹകരണത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ വന്‍ കുതിപ്പു നടത്തിയ വാവേയ്‌യെ (http://bit.ly/27jYviS) ഓര്‍ക്കുന്നുണ്ടല്ലോ. ഇപ്പോഴിതാ മറ്റൊരു ചൈനീസ് കമ്പനി തങ്ങളുടെ ഫോണിന്റെ ക്യാമറയ്ക്ക് കൂടുതല്‍ ശക്തി നല്‍കാനായി ഫ്രാന്‍സ് കേന്ദ്രീകരിച്ചു നടത്തുന്ന DXO കമ്പനിയുമായി ഒരുമിക്കുന്നു. DXO പ്രധാനമായും ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്. ഐഫോണില്‍ അറ്റാച് ചെയ്ത് ഉപയോഗിക്കാനായി DXO One എന്നൊരു ക്യാമറയും നിര്‍മിച്ചിട്ടുണ്ട്. 

അഡോബിയുടെ അത്ര മികവ് അവകാശപ്പെടാനാവില്ലെങ്കിലും DXO ഫൊട്ടോഗ്രഫിയിലെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്. വണ്‍പ്ലസ് ആകട്ടെ തരക്കേടില്ലാത്ത സ്മാര്‍ട്ട്‌ഫോണും അതിന്റെ  ക്യാമറയും നിര്‍മിക്കുന്നതില്‍ പേരുകേട്ടവരും. ഇരു കമ്പനികളും ഒരുമിക്കുന്നത് വണ്‍പ്ലസ് 5നു വേണ്ടിയാണ്. ഈ ഫോണിന്റെ ക്യാമറയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയാല്‍ ഇവര്‍ കൂട്ടുകെട്ട് തുടര്‍ന്നേക്കും.

ഇപ്പോള്‍ വില്‍പ്പനയിലുള്ള വണ്‍പ്ലസ് 3Tയുടെ ക്യാമറ ലോകത്ത് ഇന്നു ലഭ്യമായ ഏറ്റവും നല്ല പതിനഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. എച്ച്ടിസി U 11, ഗൂഗിള്‍ പിക്‌സല്‍, എച്ച്ടിസി 10, സാംസങ് ഗ്യാലക്‌സി S8, മോട്ടോ Z Force Droid, ഐഫോണ്‍ 7 തുടങ്ങിയവയൊക്കെയാണ് ഏറ്റവുമധികം റെയ്റ്റിങ്ങുള്ള ഫോണ്‍ ക്യാമറകള്‍. 

ഓരോ തലമുറയിലും മെച്ചപ്പെട്ട പ്രകടനമെന്നത് മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ നിന്നു പ്രതീക്ഷിക്കുന്നതാണ്. സയനജന്‍ മോഡുമായി ഇറങ്ങിയ വണ്‍പ്ലസ് വണ്‍ ഫോണിന് റോ ചിത്രങ്ങള്‍ എടുക്കാനുള്ള ശേഷി വരെ ഉണ്ടായിരുന്നു. ഈ കൂട്ടുകെട്ടു വിട്ട ശേഷവും തരക്കേടില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ നിര്‍മിക്കാന്‍ വണ്‍പ്ലസിനായി. വണ്‍പ്ലസും DXOയും ഒരുമിക്കുമ്പോള്‍ മികച്ച ക്യാമറ തന്നെ പ്രതീക്ഷിക്കാം.

രസകരമായ ഒരു കാര്യം കൂടി പറയാം: നമ്പര്‍ ക്രമത്തിലാണെങ്കില്‍ അടുത്തതായി ഇറങ്ങേണ്ടത് വണ്‍പ്ലസ് 4 ആണ്. എന്നാല്‍ കമ്പനി അങ്ങനെ ഒരു ഫോണ്‍ ഇറക്കുന്നില്ല. പകരം വണ്‍പ്ലസ് 5 എന്ന ഫോണ്‍ ആയിരിക്കും ഇറക്കുക. കാരണം എന്താണെന്നോ? പല ജാപ്പനീസ്, ചൈനീസ് കമ്പനികളും 4 എന്ന അക്കം ഭാഗ്യമില്ലാത്ത നമ്പര്‍ ആയി ആണു കാണുന്നത്!