sections
MORE

മുഖ്യന്റെ ഷൂ ഫോട്ടോഷോപ്പിൽ ‘പോളിഷ്’ ചെയ്തു, പുകിലായി, ട്രോളുമായി...

bad-photoshop-picture
SHARE

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഫോട്ടോഷോപ് ചെയ്ത ഔദ്യോഗിക ചിത്രം സോഷ്യൽമീഡിയകളിൽ വലിയ ചര്‍ച്ചയായി, കാരണമെന്ത്? മനോഹരമായ ഫോട്ടോയാണത്. സ്‌കോമോ (ScoMo) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ പ്രധനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്റെ കുടുംബത്തോടൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പേജില്‍ (pm.gov.au) പോസ്റ്റു ചെയ്തിരിക്കുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ സ്‌കോമോയും അദ്ദേഹത്തിന്റെ ഭാര്യ ജെനിയും മക്കളായ ലിലിയും ആബിയും ഒരു പുല്‍ത്തകിടില്‍ ഇരിക്കുന്നതാണ് ചിത്രം.

ഈ ചിത്രം കാണുന്ന ആരുടെയും ദൃഷ്ടി പ്രധാനമന്ത്രിയുടെ ഷൂവില്‍ പതിയണമെന്നില്ല. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ മീഡിയാ യൂണിറ്റുകാരുടെ കഴുകന്‍ നോട്ടത്തില്‍ നിന്ന്, വികലമായി ഫോട്ടോഷോപ് ചെയ്ത ഷൂ ഒളിപ്പിക്കാനുമായില്ല. പിന്നീടത് വാര്‍ത്തയായി, പുകിലായി, ലോകം മുഴുവൻ വാർത്തയായി. സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്ന ഒരു കാര്യം സ്‌കോമോ അണിഞ്ഞിരിക്കുന്ന ഷൂ യാഥാര്‍ഥമല്ല എന്നതാണ്. കുറച്ചു കൂടെ സൂക്ഷിച്ചു നോക്കിയാല്‍ കാണാം അവ അദ്ദേഹത്തിന്റെ കാലിലല്ല അണിഞ്ഞിരിക്കുന്നതെന്ന്. പിന്നീടു 'ഫോട്ടോഷോപ്' ചെയ്ത് കൂട്ടിച്ചേര്‍ത്തതാണിതെന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയുടെ ഏറ്റവും പുതിയ നായകനു ചേരുന്നത് സ്‌പോര്‍ട്‌സ് ഷൂ ആണെന്നു കരുതിയാകാം അത്തരം ഷൂ അണിയിച്ചിരിക്കുന്നത് എന്നാണ് ഒരു കമന്റ്.

മറ്റൊരാള്‍ പറയുന്നത് നല്ല വെള്ള ഷൂ പ്രധാനമന്ത്രിയുംട പാദത്തിലേക്ക് ഫോട്ടോഷോപ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. നമ്മുടെ നികുതിപ്പണം കൊണ്ട് ചെയ്യുന്നതു കണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. (എന്തായാലും നികുതിപ്പണത്തേക്കുറിച്ച് ഓസ്‌ട്രേലിയക്കാര്‍ ബോധവാന്മാരാണെന്നും മനസ്സിലാക്കാം.)

എന്നല്‍, ഇതിലെ പ്രധാന പ്രശ്‌നം അതൊന്നുമല്ല. പ്രധാനമന്ത്രിക്കിപ്പോള്‍ രണ്ട് ഇടതു പാദങ്ങളുണ്ടെന്ന തോന്നലാണുളവാക്കുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. ഇടതു കാലിലിടുന്ന ഷൂ തന്നെ വലതു കാലിലും ഫോട്ടോഷോപ് ചെയ്തു ചേര്‍ത്തിരിക്കുന്നുവെന്നാണ് ആരോപണം. (ചിലപ്പോള്‍ പ്രധാനമന്ത്രി ഇരു പാദങ്ങളിലും ഇടത്തെ കാലിലെ ഷൂ ഇടാന്‍ ഇഷ്ടപ്പെടുന്നയാളാകാമെന്നാണ് മറ്റൊരു കമന്റ്.)

ഫോട്ടോഷോപ് ചെയ്തു ചേര്‍ത്തുവെന്നത് അതിശയോക്തിയല്ലെന്നാണ് മറ്റൊരാള്‍ക്ക് സംശയം. ലോകത്തെ ഏറ്റവും ശക്തികൂടിയ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്രയും മോശമായി എങ്ങനെയാണ് ഒരു ചിത്രം മാറ്റുന്നത് എന്നാണ് അവരുടെ സംശയം. അത് മൈക്രോസോഫ്റ്റിന്റെ ഫ്രീ സോഫ്റ്റ്‌വെയര്‍ ആയ 'പെയിന്റ്' ഉപയോഗിച്ചുള്ള കൂട്ടിച്ചേര്‍ക്കലാകാനാണു വഴിയെന്നാണ് മറ്റൊരു കമന്റ്.

പത്രക്കാര്‍ ഈ ചിത്രത്തെക്കുറിച്ചുള്ള സത്യം കണ്ടുപിടിക്കണം. വോട്ടര്‍മാര്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ട് എന്നാണ് മറ്റൊരാള്‍ പറയുന്നത്. എന്നാല്‍ സ്‌കോമോയും ആളൊരു രസികന്‍ തന്നെയാണെന്നു തെളിയിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് തിളങ്ങുന്ന ഷൂ എന്നെ അണിയിക്കാന്‍ ഞാന്‍ പറഞ്ഞില്ല. ഇനി നിങ്ങള്‍ക്ക് ഫോട്ടോഷോപ് ചെയ്തു കളിക്കണമെങ്കില്‍ എന്റെ (ഇല്ലാത്ത) തലമുടിയില്‍ (മുൻപില്‍ കഷണ്ടിയാണ്) ചെയ്യൂ. എന്റെ കാലില്‍ തൊടേണ്ട എന്നാണ്. ഇതാ എന്റെ കാലുകള്‍ അവയുടെ മുഴുവന്‍ പ്രഭാവത്തോടെയും എന്നു പറഞ്ഞ് തന്റെ പാദത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റു ചെയ്തു.

scott-morrisons

വാര്‍ത്ത വന്നതോടെ ട്വിറ്ററിലെ ട്രോളുകളും തുടങ്ങി:

2019ലെ ഓസ്‌ട്രേലിയിയിലെ ആദ്യത്തെ രാഷ്ട്രീയ അപവാദമെന്നാണ് ഒരാള്‍ കുറിച്ചത്. അതുമാത്രമല്ല രണ്ട് ഇടതു പാദങ്ങളെന്ന് മറ്റൊരാള്‍ പറഞ്ഞു. ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കാണ് പണം ലഭിക്കുന്നത്? ഇത്തരമൊരു കാര്യം ചെയ്യാന്‍ തീരുമാനമെടുത്തതാരാണ്? എന്തിനായിരുന്നു അത്? എന്നാണ് മറ്റൊരു പ്രതികരണം.

എന്നാല്‍, ഇതിലെ തമാശ ആസ്വദിക്കാന്‍ ശ്രമിക്കാത്തവരും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയെ ബഹുമാനിക്കണമെന്നാണ് ഒരാള്‍ കുറിച്ചത്. അദ്ദേഹത്തെ വെറുതെ വിടൂ. അദ്ദേഹം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാണ്. ബഹുമാനം നല്‍കൂ എന്നാണ് കുറിച്ചിട്ടത്. ഇതിനു ലഭിച്ച ഒരു മറുപടി ഇതാണ്, ആരെങ്കിലും പ്രധാനമന്ത്രിയെ കളിയാക്കുന്നുവെന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ, ഈ കൃത്യം നിര്‍വഹിച്ച പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെയാണ് എല്ലാവരും കളിയാക്കുന്നത്.

എല്ലാത്തിനുമൊടുവില്‍ ഔദ്യോഗിക പ്രതികരണവുമുണ്ടായി. ഓസ്‌ട്രേലിയയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈം മിനിസ്റ്റര്‍ ആന്‍ഡ് ക്യാബിനറ്റ് ആണ് വിവാദ ഫോട്ടോയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍, പ്രധാനമന്ത്രിയുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് അതു ചെയ്തത്. ഫോട്ടോ മാറ്റി പോസ്റ്റു ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA