ഭാവിയില്‍ ലെന്‍സില്ലാ ക്യാമറ വരും, ഫൊട്ടോഗ്രഫിയിൽ വൻ മാറ്റം വരും

ഇന്നത്തെ നിലയില്‍ ഡിജിറ്റല്‍ ക്യാമറയുടെ സെന്‍സറില്‍ ഒരു ചിത്രം പതിക്കണമെങ്കില്‍ സെന്‍സറിനു മുമ്പില്‍ ലെന്‍സ്പാളികള്‍ ആവശ്യമാണ്. ഇവ സെന്‍സറിലേക്ക് അപ്പേര്‍ച്ചര്‍-ഷട്ടര്‍ കളികളിലൂടെ വെളിച്ചത്തെ പതിപ്പിക്കുന്നു. ഇതു സംഭവിച്ചത്, ഫിലിം ക്യാമറാ ടെക്‌നോളജി ഡിജിറ്റല്‍ ക്യാമറയിലേക്ക് 'കോപ്പി പെയ്സ്റ്റ്' ചെയ്തതു കൊണ്ടാണ്. ഇതോടൊപ്പം, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സകല 'അനുഷ്ഠാനങ്ങളും' ഫൊട്ടോഗ്രഫിയില്‍ നില നിറുത്തുന്നതും വില കൂടിയ ക്യാമറകളും ലെന്‍സുകളും നര്‍മിച്ചു ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഫൊട്ടോഗ്രഫിയെ ശാസ്ത്രലോകം പുനര്‍വിഭാവന ചെയ്യുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇതിനായി പല സജീവ നീക്കങ്ങളും ഇന്നു ലോകത്തു നടക്കുന്നുണ്ട്.

ഇപ്പോള്‍, കാലിഫോര്‍ണിയയിലെ വിശ്വപ്രശസ്തമായ എൻജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ കാള്‍ടെക്കിലെ (Caltech) ഗവേഷകര്‍ ലെന്‍സില്ലാതെ ഒരു ചിത്രം പകര്‍ത്താനാകുന്ന ഒരു ഒപ്ടിക്കല്‍ ഫെയ്‌സ്ഡ് അറെ (optical phased array, OPA) ചിപ്പ് നിര്‍മിച്ചിരിക്കുന്നു. ചിപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കുന്ന വെളിച്ചത്തെ കേന്ദ്രീകരിച്ച് ചിത്രങ്ങള്‍ പകര്‍ത്താനാകും. ചിപ്പിന് ഒരു ഫിഷ് ഐ വീക്ഷണകോണില്‍ നിന്ന് ടെലീ ലെന്‍സിലേക്ക് ഞൊടിയിടയില്‍ മാറുകയും ചെയ്യാം. മെക്കാനിക്കല്‍ ലെന്‍സ് സൂം ചെയ്യാനെടുക്കുന്ന സമയം വേണ്ട. 

OPA യില്‍ നിരവധി അടരുകളായി ലൈറ്റ് സ്വീകരിക്കുന്ന സെന്‍സറുകള്‍ ഉണ്ട്. ഇവയില്‍ വീഴുന്ന പ്രകാശത്തെ വിശകലനം ചെയ്ത് ഫോട്ടോ എടുക്കാം. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ വരവ് ഒന്നു കൂടെ വേഗത്തിലാക്കാന്‍ ഈ പുതിയ കണ്ടുപിടുത്തത്തിനാകുമെന്നു കരുതുന്നു. തങ്ങള്‍ സൃഷ്ടിച്ച ചിപ്പിന് ഒരു ഡിജിറ്റല്‍ ക്യാമറാ സെന്‍സറിനെ അനുകരിക്കാനാകുമെന്നും, അത് ക്യാമറയുടെ വലിപ്പവും നിര്‍മാണച്ചിലവും കുറയ്ക്കാനാകുമെന്നും ഗവേഷണശാലയിലെ പ്രോഫെസര്‍ അലി ഹജിമിറി (Ali Hajimiri) പറഞ്ഞു.