Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊട്ടോഗ്രഫിക്ക് സന്തോഷവാർത്ത, നിക്കോണ്‍ D820 ഉടന്‍ എത്തും

nikon

നാളിതുവരെ ഇറങ്ങിയ DSLR ക്യാമറകളിലെ ഒരു ക്ലാസിക് ആണ് നിക്കോണ്‍ D810. 2014ല്‍ പുറത്തിറക്കിയ ഈ ക്യാമറ പോലെ ലോകമെമ്പാടുമുള്ള റോ (RAW) ഷൂട്ടര്‍മാര്‍ക്ക് തൃപ്തി നല്‍കിയ മറ്റൊരു DSLR ഉണ്ടോ എന്നു പോലും സംശയമാണ്. D800/E എന്നീ ബോഡികളുടെ പണിക്കുറവു തീര്‍ത്തിറക്കിയ ഈ ബോഡി ഉജ്ജ്വല പ്രകടനമാണു നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ക്യാമറയ്ക്ക് ഒരു പിന്‍ഗാമി വരുന്നുവെന്നു കേള്‍ക്കുന്നത് ക്യാമറാ പ്രേമികളില്‍ ഏറെ ജിജ്ഞാസ ഉണര്‍ത്തുന്ന കാര്യമാണ്. പുതിയ ക്യാമറ ഈ മാസമോ അടുത്ത മാസമോ പുറത്തിറക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പേര് D820 എന്നായിരിക്കാനാണ് കൂടുതല്‍ സാധ്യത.

42.4 MP സെന്‍സറുമായി എത്തിയ സോണിയുടെ a7 RII മിറര്‍ലെസ് ക്യാമറയില്‍ ഉപയോഗിച്ച ബാക്സൈഡ് ഇലൂമിനേറ്റഡ് സെന്‍സറിനെ പൊതിഞ്ഞ് നിക്കോണ്‍ തങ്ങളുടെ പുതിയ ക്യാമറ ഇറക്കുമെന്ന് കഴിഞ്ഞ വര്‍ഷം കേട്ടുകേള്‍വികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അങ്ങനെയൊന്നും സംഭവിച്ചില്ല. എന്നുതന്നെയല്ല സോണി തങ്ങളുടെ മികച്ച ഫുള്‍ ഫ്രെയിം സെന്‍സറുകള്‍ മറ്റു കമ്പനികള്‍ക്കു വിറ്റേക്കില്ലെന്ന വാര്‍ത്തയും വന്നു. നല്ല സെന്‍സറുകള്‍ വില്‍ക്കുന്നെങ്കില്‍ തന്നെ അത് സോണിയുടെ ക്യാമറ ഇറങ്ങി ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമാകുമെന്നായിരുന്നു പറഞ്ഞത്. നിക്കോണിന്റെ പല ക്ലാസിക് ക്യാമറകളും സോണിയുടെ സെന്‍സര്‍ ഉപയോഗിച്ചു നിര്‍മിച്ചവയാണ്. 

ഏതു കമ്പനിയുടെ സെന്‍സര്‍ ഉപയോഗിച്ചാണ് നിക്കോണിന്റെ പുതിയ ക്യാമറ ഇറങ്ങുന്നത് എന്നുറപ്പില്ല. പക്ഷേ, വളരെ താത്പര്യജനകമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുതിയ ക്യാമറയ്ക്ക് 45MP അല്ലെങ്കില്‍ 46MP സെന്‍സറായിരിക്കുമെന്നാണ് പറയുന്നത്. (ക്യാനന്‍ 5DS നെ കവച്ചു വയ്ക്കുന്ന റെസലൂഷനുമായി ഇറങ്ങുമെന്ന് ഒരു കൂട്ടര്‍ വാദിച്ചിരുന്നു. അതായത് 50MPയില്‍ ഏറെ.)

നിക്കോണിന്റെ സ്പീഡ് രാജാവായ D5ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഓട്ടോഫോക്കസ് സിസ്റ്റം പുതിയ ക്യാമറയില്‍ ഉണ്ടാകും. ചെരിക്കാവുന്ന LCD സ്‌ക്രീന്‍ ഉണ്ടാകും. ISO റെയ്ഞ്ചില്‍ D810യെ കടത്തിവെട്ടും. ഇതൊക്കെയാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. 

സാമ്പത്തിക പ്രശ്‌നങ്ങളിലടക്കം പെട്ടുഴലുന്ന നിക്കോണിന് ഒരു വിജയം അത്യാവശ്യമാണ്. പുതിയ, D820 അല്ലെങ്കില്‍ D850 എന്നു പേരിട്ടേക്കാവുന്ന ക്യാമറ അത്തരം ഒരു വിജയം സമ്മാനിക്കട്ടെ.