Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തീപ്പക്ഷി’ മുതൽ നാട്ടിലെ ബാലൻ വരെ- ഫോട്ടോമ്യൂസ് ഫൊട്ടോഗ്രഫി എക്സിബിഷൻ

photomuse

ചിത്രങ്ങളെ ചരടുകളാൽ കോർക്കാമോ? പലനിറമുള്ള പൂക്കൾ ഒരു ചരടാൽ കോർക്കപ്പെട്ട മനോഹരമായൊരു മാല കാണുന്നതു പോലെയാണ് ഫോട്ടോമ്യൂസ് ഫോട്ടോഗ്രഫി പ്രദർശനം. ലോകത്തിന്റെ ഓരോ കോണിൽ നിന്നുമുള്ള  ഫൊട്ടോഗ്രാഫുകൾ ആശയപരമായി സ്വതന്ത്രമല്ലേ? അവയെ എങ്ങനെ കണ്ണിചേർക്കും? അതറിയാൻ ഭാരതത്തിലെ ആദ്യത്തെ ഫൊട്ടോഗ്രഫി മ്യൂസിയമായ ഫോട്ടോമ്യൂസ് രാജ്യാന്തരതലത്തിൽ വർഷം തോറും നടത്തിവരുന്ന ഫോട്ടോപ്രദർശത്തിന്റെ രണ്ടാം എഡിഷൻ കാണുക. സ്വതന്ത്ര ജന്മങ്ങൾ തുറന്ന ലക്ഷ്യങ്ങൾ (Open Origins Open Ends) എന്ന  ഫോട്ടോ എക്സിബിഷൻ വ്യത്യസ്തമായ അവതരണ രീതികൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. എറണാകുളം ദർബാർഹാളിൽ ഡിസംബർ 9 വരെയാണ് പ്രദർശനം.

photomuse-5

ലോകത്തിന്റെ പലകോണുകളിൽ നിന്നെടുത്ത ചിത്രങ്ങൾ തീർച്ചയായും ആശയംകൊണ്ടും ആവിഷ്കരണരീതി െകാണ്ടും വ്യത്യസ്തമായിരിക്കുമല്ലോ. ഇത്തരം 329 പടങ്ങളെ അവയിലെ പൊതുവായ ചില രീതികൾ തിരിച്ചറിഞ്ഞ് കോർത്തിണക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. താൻ ക്യുറേറ്റ് ചെയ്ത ഫോട്ടോ എക്സ്ബിഷനുകളിൽ വച്ചേറ്റവും വെല്ലുവിളി ഉയർത്തിയതും എന്നാൽ സംതൃപ്തി നൽകുന്നതുമാണ് ഈ എക്സ്ബിഷൻ എന്ന് ക്യുറേറ്ററും ഫോട്ടോമ്യൂസ് ‍ഡയറക്ടറുമായ ഡോക്ടർ ഉണ്ണിക്കൃഷ്ണൻ പുളിക്കൽ.

photomuse-1

BAF-ഫോട്ടോമ്യൂസ് ക്ലബിൽ കഴിഞ്ഞ വർഷം പോസ്റ്റ് ചെയ്യപ്പെട്ട അരലക്ഷം ചിത്രങ്ങളിൽ നിന്നു ദേശീയ - രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ ഫൊട്ടോഗ്രാഫർമാർ ഉൾപ്പെട്ട ജൂറി (Dr Unni Pulikkal S, Praveen P  Mohandas, Nandakumar Moodadi, Pradeep K Menon) തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. കൂടാതെ, പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ ആറു വിദേശ ഫൊട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും, ഭാരതത്തിലെ മുതിർന്ന ഫൊട്ടോഗ്രാഫർമാരിൽ പ്രമുഖരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകൾ കഴിഞ്ഞാലും നശിക്കാത്തതരം ആർക്കൈവൽ പിഗ്‌മെന്റ് പ്രിന്റുകളിലാണ് മനംമയക്കുന്ന പടങ്ങൾ എടുത്തിട്ടുള്ളത്. ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലെ രണ്ടുനിലകളിലായിട്ടാണ് പ്രദർശനം. ആദ്യഗ്യാലറിയിൽ യുകെയിൽ നിന്നുള്ള മാർക്ക് ലിറ്റിൽജോണിന്റെയും മറ്റു വിദേശ, ദേശ ഫൊട്ടോഗ്രാഫർമാരുടെയും മരങ്ങളുടെ അമരചിത്രങ്ങളുണ്ട്. ലെൻമെറ്റ്കാഫ് ക്യുറേറ്റ് ചെയ്ത  ഐസ്പീക്ക് ഫോർ ട്രീസ് എന്ന പ്രദർശനത്തിന്റെ ഇന്ത്യൻ പതിപ്പാണിവിടെ. ഇതിൽ നെതർലൻഡ്സിൽ നിന്നുള്ള തിയോബെറൻസ്ഡിന്റെ ചിത്രങ്ങൾ പുതുമയാണ്. 

photomuse-3

പലവിഭാഗങ്ങളിലായിട്ടാണ് ഫോട്ടോസ് ഒരുക്കിയിട്ടുള്ളത്. ശാന്തഭാവം ഒരു ചുഴിപോലെ നിങ്ങളെ ഉള്ളിലേക്കാകർഷിക്കുന്ന തരത്തിലാണ് ലിസണിങ് ടു സൈലൻസ് വിഭാഗത്തെ തയാറാക്കിയത്. ഇതിൽ പാപ്പുവ ന്യൂഗിനിയയിലെ ‘തീപ്പക്ഷി’ മുതൽ നാട്ടിലെ ബാലൻ വരെ ഇതിവൃത്തങ്ങളാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള ലെൻ മെറ്റ്കാഫ് തന്നെ ഒരുക്കിയതാണ് ന്യൂഡ് ചിത്രങ്ങൾ. വിമൻഹുഡ് വിഭാഗം സ്ത്രീകളുടെ വിവിധഭാവതലങ്ങൾ സ്പർശിക്കുന്നു.   

photomuse-4

തിബറ്റൻ ബാലന്റെ നോട്ടത്തിൽ നിന്നു തുടങ്ങി മൃഗങ്ങളുടെയും പക്ഷികളുടെയും കലാകാരൻമാരുടെയും കണ്ണുകളുടെ തീക്ഷ്ണത ഒപ്പിയെടുത്ത് ആഫ്രിക്കൻ വംശജനിലെത്തി നിൽക്കുന്ന ദി ലുക്ക് എന്ന വിഭാഗം നിങ്ങളുടെ കണ്ണിമ തുറന്നുപിടിക്കും. പത്തുചിത്രങ്ങളെ ഒരു പൂവിതൾപോലെ ഒരുക്കിയ ടൈം ആൻഡ് ഇറ്റ്സ് എക്സ്പ്രഷൻ, വന്യതയുടെ അടയാളങ്ങളായി ദി വൈൽഡർനെസ്, പ്രകാശം പരത്തുന്ന സെലിബ്രേഷൻ ഓഫ് ലൈറ്റ് തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിൽ വളരെ ആകർഷകമായ എന്നാൽ ഇത്തരത്തിൽ ആദ്യത്തേതെന്നു പറയാവുന്ന തരത്തിലാണ് പ്രദർശനം.

photomuse-2

സാധാരണ പ്രദർശനങ്ങളിൽ രസച്ചരട് മുറിയാതെ നോക്കുകയാണു സംഘാടകരുടെ പ്രധാനജോലി. എന്നാൽ തീർത്തും വ്യത്യസ്തമായ ചിത്രങ്ങൾക്ക് ഒരു പൊതുരസച്ചരട് നൽകി ശ്രദ്ധ നേടുകയാണ് ഫോട്ടോമ്യൂസ് എക്സിബിഷൻ.

സ്ഥലം– എറണാകുളം ദർബാർ ഹാൾ. 

സമയം– രാവിലെ 11 മുതൽ രാത്രി 7 വരെ

അടുത്തുള്ള റയിൽവേസ്റ്റേഷൻ– എറണാകുളം സൗത്ത്.