sections
MORE

കുരങ്ങന് സെൽഫിയെടുക്കാം, പക്ഷേ പകർപ്പവകാശം ചോദിക്കരുത്

Monkey-selfies
SHARE

കുരങ്ങന് സെൽഫിയെടുക്കാം പക്ഷെ അതിന് പകർപ്പവകാശം ചോദിക്കരുത്. വിധി യുഎസ് കോടതിയുടേതാണ്. കുരങ്ങൻ എടുത്ത സെൽഫി പ്രസിദ്ധീകരിച്ച ഫൊട്ടോഗ്രഫർക്കെതിരെ കോടതി കയറിയ മൃഗപ്രേമികളുടെ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) കോടതിച്ചെലവുകളെല്ലാം അടയ്ക്കാനും കോടതി ഉത്തരവിട്ടു. 

2011ലാണ് കേസിനാസ്പദമായ സംഭവം. ഫൊട്ടോഗ്രഫറായ ഡേവിഡ് ജെ. സ്‍ലേറ്റർ ഇന്തോനേഷ്യയിലെ വനോദ്യാനത്തിലൂടെ നടക്കുമ്പോഴാണ് ഒരു കുരങ്ങൻ അദ്ദേഹത്തിന്റെ കയ്യിലിരുന്ന ക്യാനൻ ഡിഎസ്എൽആർ ക്യാമറ പിടിച്ചുവാങ്ങി സ്വന്തം മുഖത്തേക്കു പിടിച്ച് ചിത്രങ്ങളെടുത്തത്. സംഭവം വാർത്തയാവുകയും കുരങ്ങന്റെ സെൽഫി വൈറലാവുകയും ചെയ്തു. തന്റെ ക്യാമറയിലെടുത്ത ചിത്രം സ്‍ലേറ്റർ വിവിധ ഇടങ്ങളിൽ പ്രസിദ്ധീകരിച്ചു. 

അതോടെ മൃഗപ്രേമവുമായി പെറ്റ രംഗത്തെത്തി. ചിത്രം എടുത്തത് കുരങ്ങനാണ് അതുകൊണ്ട് പകർപ്പവകാശവും കുരങ്ങന് ആയിരിക്കണമെന്നും ഫോട്ടോ കൈകാര്യം ചെയ്യുന്ന ഫൊട്ടോഗ്രഫർ പകർപ്പവകാശലംഘനം നടത്തുകയാണെന്നും പെറ്റ ആരോപിച്ചു. ചിത്രം പ്രസിദ്ധീകരിച്ച വിക്കിമീഡിയ ഫൗണ്ടേഷനോട് ചിത്രം നീക്കം ചെയ്യാനാവശ്യപ്പെട്ടു. വിക്കിമീഡിയ ചിത്രം നീക്കം ചെയ്തില്ല. കേസ് കോടതിയിലെത്തിയപ്പോഴൊക്കെ പെറ്റയ്ക്ക് തിരിച്ചടികളായിരുന്നു. 

എന്നാൽ, ആത്മവിശ്വാസത്തോടെ സംഘടന കേസു തുടർന്നു. അന്തിമ വിധി വന്നപ്പോഴാണ് കോടതിച്ചെലവുകളടക്കം കേസ് തള്ളിയത്. യുഎസ് പകർപ്പവകാശനിയമപ്രകാരം മൃഗങ്ങൾക്ക് പകർപ്പവകാശമില്ല എന്നതിനാലാണ് ഫോട്ടോ എടുത്ത കുരങ്ങന് പകർപ്പവകാശം നഷ്പ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA