ആദ്യ DSLR വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കു ശുഭ വാര്‍ത്ത!

ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹമാണ് സ്വന്തമായി ഒരു DSLR വാങ്ങുക എന്നത്. അതിനായി പലരും തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്ന് ഉപയോഗിച്ച (secondhand) DSLR വാങ്ങുക എന്നതാണ്. എന്നാല്‍ പഴക്കം കൊണ്ടും സാങ്കേതികവിദ്യയുടെ മാറ്റം കൊണ്ടും കാലഹരണപ്പെട്ടു എന്നു വേണമെങ്കില്‍ പറയാവുന്ന മോഡലുകള്‍ക്കു വരെ പഴയ ഉപകരണങ്ങള്‍ വില്‍ക്കുന്ന സൈറ്റുകളില്‍ വന്‍ വിലയാണ്.

എന്നാല്‍, തുടക്കക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ ഇപ്പോള്‍ ഇതാ ഒരു കാരണം. പുതിയ DSLRന് ചരിത്രത്തിലാദ്യമായി 19,000 രൂപയില്‍ താഴെ വിപണിയില്‍ ലഭ്യമായിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടില്‍ കാനോൺ 1200D കിറ്റ്‌ലെന്‍സും മെമ്മറി കാര്‍ഡുമുള്‍പ്പെടെ വില്‍ക്കുന്നത് 18,500 രൂപയ്ക്കാണ്. ബോഡി മാത്രം 16,666 രൂപയ്ക്കു വിറ്റിരുന്നു. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും നിക്കോണ്‍ D3200 യ്ക്കും 19,000 രൂപയില്‍ താഴെയാണ്. അടുത്തുള്ള കടകളിലും വില അന്വേഷിക്കുക.

2014ല്‍ പുറത്തിറക്കിയ 1200D ഉപയോഗിക്കുന്ന 18MP APS-C സെന്‍സര്‍ വര്‍ഷങ്ങള്‍ക്കു മുമ്പിറങ്ങിയ ക്രോപ് സെന്‍സര്‍ മോഡലുകളെക്കാള്‍ ഭേദമാണ്. കാമറാ ബോഡിയില്‍ മോട്ടര്‍ ഇല്ല എന്നത് പഴയ AF ലെന്‍സുകള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ ഓട്ടോഫോക്കസ് ലഭിക്കില്ല എന്ന കുറവുണ്ട്.

24MP സെന്‍സറുള്ള നിക്കോണ്‍ D3200യും വളരെ നല്ല മോഡലാണ്. ഇതിനും ഇന്‍ബില്‍റ്റ് മോട്ടര്‍ ഇല്ല. എന്നാല്‍ ബോഡിയില്‍ മോട്ടര്‍ ഉണ്ട് എന്നു പറഞ്ഞു വില്‍ക്കുന്ന പഴയ കാമറകളുടെ ഷട്ടര്‍ കൃത്യത (shutter accuracy) നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. ഇത്തരം ബോഡികള്‍ക്കു വില കൂടുതലായതിനാല്‍ വെറും കാമറ കമ്പക്കാര്‍ വാങ്ങാനുള്ള സാധ്യത കുറവാണ്. അവ വാങ്ങുന്നവര്‍ അത് ശരിക്കുപയോഗിച്ചിട്ടുമുണ്ടാകും. അതുകൊണ്ട് ഗ്യാരന്റിയുള്ള താരതമ്മ്യേന പുതിയ മോഡലുകള്‍ വാങ്ങുന്നതു തന്നെയാകും ബുദ്ധി, പ്രത്യേകിച്ചും പഴയ AF ലെന്‍സുകള്‍ ഉപോയോഗിക്കാന്‍ ഉദ്ദേശിക്കുന്നല്ലെങ്കില്‍. ഇനി സെക്കന്‍ഡ്ഹാന്‍ഡ് കാമറയാണു വാങ്ങുന്നതെങ്കില്‍ അവയ്ക്ക് വില ഈ കാമറകളുേെടതിന് ആനുപാതികമായി കുറഞ്ഞിട്ടുണ്ടോ എന്നും, കാര്യമായ പരിക്കേല്‍ക്കാത്തവയാണോ എന്നും ഉറപ്പു വരുത്തുക.

കാമറാ ബോഡികള്‍ക്കു വില കുറയുന്നു എന്നു തന്നെയാണു കാണുന്നത്. ഫുള്‍ഫ്രെയ്ം ബോഡിയായ നിക്കോണ്‍ D610 90,000 താഴെ ആമസോണ്‍ വിറ്റിരുന്നു.