നിക്കോണ്‍ D5 എത്തുന്നു

Photo Credit: nikonrumors

പ്രോഫെഷണല്‍ DSLRകളിലെ അടുത്ത രാജാവാരായിരിക്കും എന്നറിയാന്‍ 2016ല്‍ സാധിച്ചേക്കും. കാനോണും നിക്കോണും തങ്ങളുടെ ഏറ്റവുമധികം ഇലക്ട്രോണിക് മസില്‍ പവറുള്ള DSLR കാമറകള്‍ അടുത്ത വര്‍ഷം ഇറക്കുമെന്നാണു കരുതുന്നത്.

എന്തായാലും നിക്കോണിന്റെ ഏറ്റവും സാങ്കേതികത്തികവുള്ള അടുത്ത കാമറയായ D5, 2016 ആദ്യം തന്നെ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. 20MP FX സെന്‍സര്‍ ആയിരിക്കും ഇതിലുണ്ടാവുക എന്നറിയുന്നു. (കാനോണും നിക്കോണും തങ്ങളുടെ ഏറ്റവും മുന്തിയ കാമറകളെ മെഗാപിക്‌സല്‍ മത്സരക്കളത്തിനു വെളിയില്‍ നിറുത്തിയിരിക്കുകയാണ്. അതിന്റെ കാരണങ്ങളില്‍ ഒന്ന് ഫ്രെയിം റെയ്റ്റാണ്. മെഗാപിക്‌സല്‍ കൂട്ടിയാല്‍, സെക്കന്‍ഡില്‍ പത്തിലേറെ ഫ്രെയിം കൊയ്‌തെടുക്കാന്‍ കഴിവുള്ള ഇത്തരം കാമറകള്‍ ഉത്പാദിപ്പിക്കുന്ന ഡെയ്റ്റ, കാര്‍ഡിലേക്കു തള്ളിമാറ്റാനാകാതെ അവരുടെ കൈയ്യില്‍ ഇന്നുള്ള പ്രോസസറുകള്‍ വിയര്‍ക്കും.)

നിര്‍മാണത്തികവ്, ഫ്രെയിം റെയ്റ്റ് തുടങ്ങയവ കണക്കിലെടുക്കുമ്പോള്‍, 16MP സെന്‍സര്‍ ഉള്ള D4s (11fps) ആണ് നിക്കോണിന്റെ ഇപ്പോഴത്തെ ഏറ്റവും നല്ല പ്രൊഫഷണല്‍ കാമറ. ഇതിനു പകരമാണ് D5 എത്തുക. ബോഡിയില്‍ സമൂലമാറ്റം പ്രതീക്ഷിക്കുന്നില്ല. D4s ന്റെ രീതിയില്‍ തന്നെ ആയിരിക്കും പുതിയ കാമറയും.

നിക്കോണ്‍ സിസ്റ്റം ഉപയോഗിക്കുന്ന പ്രോഫഷണല്‍ വന്യജീവി, സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍മാരുടെ കയ്യില്‍ പ്രൗഡിയോടെ ഇരിക്കാന്‍ പോകുന്ന ഈ കാമറയ്ക്ക്, 153 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഫോക്കസിങ് മൊഡ്യൂള്‍ ഉണ്ടായിരിക്കും. 4K വിഡിയോ ഷൂട്ടു ചെയ്യാനുള്ള ശേഷിയും പ്രതീക്ഷിക്കുന്നുണ്ട്.

കാനോൺ EOS-1Dയുടെ അടുത്ത തലമുറയും ഈ വര്‍ഷം തന്നെ മാര്‍ക്കറ്റിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോഴുള്ള EOS-1D X (18.1MP, 12 fps) നെ കവച്ചുവയ്ക്കുന്ന ശക്തി പുതിയ കാമറയ്ക്കുണ്ടാകുമെന്ന് ഉറപ്പാണല്ലോ.

ഇരു കമ്പനികളും തികഞ്ഞ പ്രൊഫെഷണലുകളെ ലക്ഷ്യമാക്കിയിറക്കുന്ന ഇത്തരം കാമറകളില്‍ തങ്ങളുടെ ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ ശക്തിപ്രകടനം തന്നെ നടത്തും.

താമസിയാതെ പെന്റാക്‌സും തങ്ങളുടെ ഫുള്‍ഫ്രെയിം DSLR പുറത്തിറക്കും എന്നുറപ്പായിട്ടുണ്ടെങ്കിലും അത് മേല്‍പ്പറഞ്ഞ കാമറകള്‍ക്കൊരു ഭീഷണിയാകുമെന്നു കരുതാന്‍ വയ്യ.