ജപ്പാൻ ക്രൂസ് മിസൈൽ വാങ്ങുന്നു, അമേരിക്ക സഹായിക്കും, ലക്ഷ്യം ഉത്തരകൊറിയ

ഉത്തരകൊറിയയുടെ ഭീഷണിയിൽ നിന്നു രക്ഷതേടി ജപ്പാൻ ക്രൂസ് മിസൈലുകൾ വാങ്ങുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എല്ലാ ആക്രമണ ദൗത്യങ്ങളും പുറത്തുനിന്നുള്ള ആയുധ ഇടപാടുകളും ജപ്പാൻ ഉപേക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെയാണ് ജപ്പാൻ വീണ്ടും പ്രതിരോധ രംഗത്ത് നിലപാടുകൾ മാറ്റി സജീവമാകാൻ തുടങ്ങിയത്.

ഉത്തരകൊറിയയിൽ എത്താൻ ശേഷിയുള്ള ക്രൂസ് മിസൈലുകൾ വാങ്ങുന്നുണ്ടെന്ന് ജപ്പാൻ പ്രതിരോധമന്ത്രി സുനോരി ഒനോഡെരയാണ് അറിയിച്ചത്. ഇതോടൊപ്പം അമേരിക്കയുമായുള്ള സഖ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോയിന്‍റ് സ്ട്രൈക്ക് ക്രൂസ് മിസൈൽ പ്രതിരോധിക്കാൻ മാത്രമാണ് ഉപയോഗിക്കുക എന്ന ജപ്പാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

എഫ്-35 എ പോർ വിമാനങ്ങളിൽ നിന്നു വരെ തൊടുക്കാവുന്ന മിസൈലിന്‍റെ ദൂരപരിധി 500 കിലോമീറ്ററാണ്. ലോക്ക് ഹീഡ് മാർട്ടിൻ കോർപറേഷന്റെ 1000 കിലോമീറ്റർ ദൂരപരിധിയുള്ള മറ്റൊരു ക്രൂസ് മിസൈലും വാങ്ങാൻ ജപ്പാന് പദ്ധതിയുണ്ട്.