ഉത്തര കൊറിയൻ ചരക്കു കപ്പൽ അപ്രത്യക്ഷമായി, കടലിൽ ഒളിപ്പിച്ചത് എവിടെ?

നാല് ഉത്തര കൊറിയൻ ചരക്കു കപ്പലുകൾക്ക് ഒരു കാരണവശാലും തുറമുഖങ്ങളിൽ പ്രവേശനാനുമതി നൽകരുതെന്ന് അംഗരാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഉത്തരകൊറിയയുടെ ഈ നാലു കപ്പലുകളും നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ ഇതിലൊരു കപ്പൽ അപ്രത്യക്ഷമായെന്നാണ് പുതിയ റിപ്പോർട്ട്. കപ്പൽ റഡാറിൽ നിന്ന് മറഞ്ഞുവെന്നും എന്താണ് സംഭവിച്ചത് വ്യക്തമല്ലെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹാവോ ഫാൻ 6 എന്ന കപ്പലാണ് അപ്രത്യക്ഷമായത്. ഒക്ടോബർ 10 വരെ ഈ കപ്പൽ റഡാർ വഴി നിരീക്ഷിച്ചിരുന്നു. ഈ ദിവസം തന്നെയാണ് യുഎൻ നിർദ്ദേശവും വന്നത്. ഈ കപ്പലിൽ നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചത് ഒരു മാസം മുൻപ് ഈസ്റ്റ് ചൈന കടലിൽ നിന്നാണ്. ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയാണ് കപ്പൽ നീങ്ങുന്നതെന്നും സൂചനയുണ്ട്.

ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകൾക്കാണ് യുഎൻ വിലക്കേർപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയൻ കപ്പലുകൾക്ക് യുഎന്‍ രക്ഷാസമിതി വിലക്കേർപ്പെടുത്തുന്നത്.

പെട്രെൽ 8, ഹാവോ ഫാൻ 6, ടോങ് സാൻ 2, ജീ ഷുൻ എന്നീ കപ്പലുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. കൊമോറോസ് ദ്വീപിലാണ് പെട്രെൽ 8ന്റെ റജിസ്ട്രേഷൻ. സെന്റ്. കിറ്റ്സ് ആൻഡ് നെവിസ് ദ്വീപുകളിൽ ഹാവോ ഫാന്‍ 6 റജിസ്റ്റർ ചെയ്തപ്പോൾ ടോങ് സാൻ 2 ഉത്തരകൊറിയയിലാണ് റജിസ്റ്റര്‍ ചെയ്തത്.

നിരോധിക്കപ്പെട്ട ചരക്കുകളുമായി ഒക്ടോബർ അഞ്ചു മുതൽ ഇവ യാത്ര തുടങ്ങിയതാണ്. കപ്പലുകൾക്ക് തുറമുഖങ്ങളിൽ വിലക്കേർപ്പെടുത്തുന്നതിന് അധികരപ്പെടുത്തുന്ന പ്രമേയം ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് യുഎൻ രക്ഷാസമിതി പാസാക്കിയത്.