ഷവോമിയെ വെല്ലുവിളിച്ച് സാംസങ്; ടിവി വില കുത്തനെ കുറച്ചു

രാജ്യത്തെ സ്മാർട് ഫോൺ വിപണിക്കു പുറമെ സ്മാർട് ടിവി വിപണിയിലും വൻ മൽസരമാണ് നടക്കുന്നത്. വില കുറഞ്ഞ സ്മാർട് ടിവി അവതരിപ്പിച്ച ചൈനീസ് കമ്പനി ഷവോമിയെ പിടിച്ചുക്കെട്ടാൻ സാംസങ് രംഗത്തെത്തി. ടെലിവിഷനുകളുടെ വില കുത്തനെ കുറച്ചാണ് സാംസങ്ങിന്റെ വരവ്.

സാംസങ് എൽഇഡി ടിവികൾക്ക് 20 ശതമാനം വരെയാണ് വില കുറച്ചത്. ഇത് ആദ്യമായാണ് സാംസങ്ങിന്റെ വലിയ സ്ക്രീൻ ടിവികൾക്ക് ഇത്രയും വില കുറയുന്നത്. സ്മാർട് ഫോൺ വിപണി ചൈനീസ് കമ്പനികൾ പിടിച്ചെടുത്തു കഴിഞ്ഞു. ഇനി ടിവി വിപണിയും പിടിച്ചെടുക്കുമെന്നത് മുന്നിൽകണ്ടാണ് സാംസങ് ടിവി വില കുത്തനെ കുറച്ചത്. ഏകദേശം 22,000 കോടി രൂപയാണ് ഇന്ത്യയിലെ ടിവി വിപണി.

ഒരു ലക്ഷം രൂപ വിലയുണ്ടായിരുന്ന സാംസങ് 55 ഇഞ്ച് ടിവിയുടെ വില 70,000 രൂപയായി കുറച്ചു. 43 ഇഞ്ച് ടിവിയുടെ വില 39,900 ൽ നിന്ന് 33,500 രൂപയുമാക്കി. അതേസമയം ഷവോമിയുടെ 43 ഇഞ്ച് സ്മാർട് ടിവി 22,999 രൂപയ്ക്കും 55 ഇഞ്ച് ടിവി 44,999 രൂപയ്ക്കുമാണ് വിൽക്കുന്നത്.