sections
MORE

നിലമുഴാന്‍ മുതല്‍ വിളവെടുക്കാന്‍ വരെ ബുദ്ധിയുള്ള യന്ത്രങ്ങള്‍, ഇതാണ് സിഇഎസ്

LasVegas-lg
SHARE

ടെക്‌നോളജിയുടെ അദ്ഭുത ലോകമാണ് ലാസ് വേഗസില്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്). നിരവധി കമ്പനികളുടെ ഉൽപ്പന്നങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്. ഇല്‌ക്ട്രോണിക് രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ലോകമെമ്പാടും നിന്നുള്ള 4,500 കമ്പനികളാണ് ഇവിടെ എത്തിയിരിക്കുന്നതെങ്കില്‍ 180,000 ടെക്‌പ്രേമികള്‍ പ്രദര്‍ശനം കാണാനെത്തുമെന്ന് അനുമാനിക്കുന്നു. സാംസങ്, സോണി, എല്‍ജി, പാനസോണിക് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ തങ്ങളുടെ മികവ് ലോകസമക്ഷം എടുത്തുകാട്ടാന്‍ വെമ്പല്‍ കൊള്ളുന്നതും കാണാം. നെടുങ്കന്‍ സ്റ്റാളുകളാണ് ഇവരുടേത്. ഇവയുടെ ഭിത്തികളെ അടക്കി വാഴുന്നതോ, വിസ്മയിപ്പിക്കുന്ന ടിവി സ്‌ക്രീനുകളും.

വെര്‍ച്വല്‍ റിയാലിറ്റിയാണ് സാന്നിധ്യമറിയിക്കുന്ന മറ്റൊരു ടെക്‌നോളജി. ഐബിഎം തങ്ങളുടെ ശബ്ദനിയന്ത്രിതമായ പോഡ് ആണ് പ്രദര്‍ശനത്തിനു വച്ചത്.

എല്‍ജി

പതിവു തെറ്റിക്കാതെ തങ്ങളുടെ ഡിസ്‌പ്ലെകളാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ എല്‍ജി പ്രദര്‍ശിപ്പിച്ചത്. ഒരു മുറി നിറയെ സ്‌ക്രീനുകള്‍ പിടിപ്പിച്ചാണ് അവര്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇത്തവണ 265 സ്‌ക്രീനുകളാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതു മാത്രം 10 ലക്ഷം ഡോളറിനുള്ളത് കാണുമെന്നാണ് പറയുന്നത്. എല്‍ജിയുടെ സുതാര്യമായ ഓലെഡ് പാനല്‍ കോള്‍മയിര്‍ കൊള്ളിക്കുന്ന ഒരു കാഴ്ചയാണ്. 'സിനിമ കാണിക്കാന്‍ കഴിയുന്ന ഒരു ഗ്ലാസ് ജനല്‍ സങ്കല്‍പ്പിക്കുക', എന്നാണ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞത്. ഇത്തരത്തിലുള്ള പലതരം ആവേശകരമായ ടെക്‌നോളജിയും തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഡിസ്‌പ്ലെയുടെ കാര്യത്തില്‍ ഏറ്റവും മികച്ച ടെ്കനോളജി ഓലെഡ് സ്‌ക്രീനുകളാണെന്ന് എല്‍ജിയുടെ പ്രതിനിധി പറഞ്ഞു.

ഫ്‌ളെക്‌സ്‌പൈ (FlexPai)

വളയ്ക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട് ഫോണാണ് ഫ്‌ളെക്‌സ്‌പൈ. റോയൊലെ (Royole) കമ്പനി പുറത്തിറക്കിയ ഈ ഫോണ്‍ പലരിലും ആകാംക്ഷയുണര്‍ത്തിയിരുന്നു. സിഇഎസില്‍ ഫോണ്‍ അടുത്തു പരിചയപ്പെടാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ടൂത്ബ്രഷ്!

പിആന്‍ഡ്ജിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ടൂത്ബ്രഷ് പുറത്തിറക്കിയിരിക്കുന്നത്. ശിരോചര്‍മ്മം പരിശോധിക്കാനുള്ള ഒരു ഉപകരണവും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. പരിശോധിച്ച ശേഷം തലയില്‍ പുരട്ടാവുന്ന പ്രൊഡക്ടുകള്‍ റെക്കമെന്‍ഡ് ചെയ്യും. ഇപ്പോള്‍ യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും മാത്രമാണ് ഇത് ലഭ്യം. എന്നാല്‍ ഇവയ്‌ക്കെല്ലാം നല്ല വില നല്‍കേണ്ടിവരും. ഓറല്‍-ബി ബ്രാന്‍ഡഡ് ടൂത് ബ്രഷിന്റെ വില 279 ഡോളറായിരിക്കുമെന്നു പറയുന്നു.

ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തു പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് മിക്കവയും. ഇത് വ്യക്തികളുടെ പതിവുശീലങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവുതന്നെ വമ്പന്‍ കമ്പനികളുടെ കയ്യില്‍ എത്തിക്കും. പരസ്യക്കാര്‍ക്കും ഹാക്കര്‍മാര്‍ക്കും ഇതൊരു സ്വര്‍ണ്ണഖനിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സെല്‍ഫ് ഡ്രൈവിങ് ട്രാക്ടറുകള്‍

self-driving tractors

നിലമുഴാന്‍ മുതല്‍ വിളവെടുക്കാന്‍ വരെ ബുദ്ധിയുള്ള യന്ത്രങ്ങള്‍ എത്തുന്നു. ജോണ്‍ ഡിയര്‍ (John Deere) കമ്പനി എത്തിയിരിക്കുന്നത് സെല്‍ഫ് ഡ്രൈവിങ് ട്രാക്ടറുകളുമായാണ്. വിളവെടുപ്പു യന്ത്രവും കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം സ്വീകരിക്കുന്നു. കംപ്യൂട്ടര്‍-വിഷന്‍ ടെക്‌നോളജി ഉപയോഗിച്ച് നാണ്യങ്ങളുടെ ഗുണമളക്കാനും ഇവയ്ക്കു സാധിക്കും. നെല്ലും പതിരും വേര്‍തിരിക്കാനും സാധിക്കും. സ്മാര്‍ട് ഫോണ്‍ ആപ്പിലൂടെ കര്‍ഷകര്‍ക്ക് ഇവയെ നിയന്ത്രിക്കാം. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ നിലനില്‍ക്കുന്ന ഇരുമ്പു പണിക്കാരുടെ ഈ കമ്പനി ഇപ്പോള്‍ പെട്ടെന്ന് ഇത്തരമൊരു സാങ്കേതികവിദ്യയുമായി എത്തുമെന്ന ആരുകണ്ടു എന്നാണ് ടെക് ലേഖകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇത്തരം ട്രാക്ടറുകളും മറ്റും അമേരിക്കയിൽ മുന്‍ വര്‍ഷങ്ങളിലേ ലഭ്യമാക്കിയിരുന്നു എന്നാണു പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA