sections
MORE

സാംസങ്ങിന്റെ ‘ഫോള്‍ഡിങ് വണ്ടര്‍’ ഫോണ്‍, ഗ്യാലക്‌സി 10 ഫെബ്രുവരി 20ന്

foldable-phone
SHARE

സാംസങ്ങിന്റെ കൊട്ടിഘോഷിച്ചെത്തുന്ന ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്‌സി 10 ഹാൻഡ്സെറ്റും അന്നേ ദിവസം പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. സ്റ്റീവ് ജോബ്‌സ് തിയേറ്റര്‍ പണിയുന്നതിനു മുൻപ്, ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അവരുടെ പത്തു വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ പരിചയം പിന്‍ബലമാക്കി സൃഷ്ടിച്ച പുതിയ ഗ്യാലക്‌സി അനുഭവം നല്‍കാന്‍ കെല്‍പ്പുള്ള ഉപകരണങ്ങള്‍ അനാവരണം ചെയ്യുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഗ്യാലക്‌സി നിരയുടെ ഭാവിയ്ക്കും ഊന്നല്‍ നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്. മൊബൈല്‍ ഫോണുകളുടെ ഭാവിയെ മാറ്റിമറിക്കാന്‍ കഴിവുള്ള ഉപകരണങ്ങള്‍ പുറത്തിറക്കുമെന്നാണ് അവരുടെ പരസ്യം. 2018ല്‍ നടത്തിയ സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി ഇന്‍ഫിനിറ്റി ഡിസ്‌പ്ലെ പുറത്തിറക്കിയിരുന്നു. ഇത് പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നുവെന്നും അവര്‍ പറയുന്നു.

സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ ഉടന്‍ എത്തുമെന്ന് കമ്പനി കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് കമ്പനിയുടെ മുഖ്യ എതിരാളിയായ ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡലായ ഐഫോണ്‍ XS മാക്‌സിനെക്കാള്‍ വിലയുള്ളതായിരിക്കാമെന്നാണ് കരുതുന്നത്. ഏകദേശം 1760 ഡോളറും പിന്നെ ടാക്‌സും കൂടുന്നതായിരിക്കും വിലയെന്നു കരുതുന്നു. ഐഫോണ്‍ XS മാക്‌സിന്റെ തുടക്ക വില 1099 ഡോളറാണല്ലോ.

സാംസങ് വില കൂട്ടിയിടുന്നതിന്റെ ഒരു കാരണം ഇതിനു മുൻപ് പ്രധാന നിര്‍മാതാക്കള്‍ ഇത്തരം ഫോണുകള്‍ അവതരിപ്പിച്ച് അവയോട് ഉപയോക്താക്കള്‍ക്ക് താത്പര്യമുണ്ടോ എന്ന് അറിയാത്തതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കില്‍, ഫോണിന് തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ ലഭിക്കും. ഫോള്‍ഡ് ചെയ്യുമ്പോള്‍ വലുപ്പം 4.5 ഇഞ്ചായി കുറയും. ചെറിയ ഡിസ്‌പ്ലെയും വലിയ ഡിസ്‌പ്ലെയും ഉപയോഗിക്കാം. ചെറിയ ഡിസ്‌പ്ലെയില്‍ കളിച്ചു തുടങ്ങിയ ഗെയിം വലിയ ഡിസ്‌പ്ലെയില്‍ തുടരാവുന്ന രീതിയിലായിരിക്കും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുക എന്നും കേള്‍ക്കുന്നു. ഈ ഉപകരണത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കമ്പനി പുറത്തുവിട്ടത്. എന്നാല്‍, ഡിസ്‌പ്ലെയിലെ ഐക്കണുകളെയൊന്നും വ്യക്താമായി മനസ്സിലാക്കാവുന്ന രീതിയിലായിരുന്നില്ല കാണിച്ചത്.

എന്തായാലും, ഫോണിന് ഇന്‍ഫിനിറ്റി ഫ്‌ളെക്‌സ് ഡിസ്‌പ്ലെ ആയിരിക്കും ഉണ്ടായിരിക്കുക എന്ന് കമ്പനി പറയുന്നു. ഇതാകട്ടെ തുറക്കുമ്പോള്‍ ടാബ്‌ലറ്റും മടക്കുമ്പോള്‍ ഫോണുമായി വേഷപ്പകര്‍ച്ച നടത്തും. ബെസല്‍ നന്നെ കുറച്ചായിരിക്കും നിര്‍മിതി.

ഗ്യാലക്‌സി S10 ബിയോണ്‍ഡ് വണ്‍ (Beyond 1)

ഫെബ്രുവരി 20നു പുറത്തിറക്കുന്ന ഫോണുകളുടെ കൂട്ടത്തില്‍ പുതുപുത്തന്‍ ഗ്യാലക്‌സി S10 മോഡലും ഉണ്ടായിരിക്കും. 5.8-ഇഞ്ച് വലുപ്പമുളള ഡിസ്‌പ്ലെയുള്ള മോഡലിനും ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയായിരിക്കും ഉള്ളത്. താഴെ മാത്രം അല്‍പം ബെസല്‍ ഉണ്ട്. ക്യാമറയ്ക്കായി മുകളില്‍ വലതു ഭാഗത്തും സ്‌ക്രീനില്‍ സ്ഥലം എടുത്തിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ ക്യാമറയും, ഹോം ബട്ടണുകളും, സ്പീക്കറുകളും സെന്‍സറുകളും പിടിപ്പിക്കുമെന്നു കരുതുന്നു. പുതിയ തരം ക്യാമറ ഡിസൈന്‍ സാംസങ് കൊണ്ടുവന്നത് ഗ്യാലക്‌സി A8S മോഡലിലാണ്. ഈ ഫോണിലാണ് ആദ്യമായി ഇന്‍ഫിനിറ്റി O (Infinity O) ഡിസ്‌പ്ലെയും കമ്പനി കാണിച്ചത്. ക്യാമറയ്ക്കായി O ആകൃതിയില്‍ ഡിസ്‌പ്ലെയില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് ആ പേരു നൽകാനുള്ള കാരണം.

എന്നാല്‍, വലുപ്പം കൂടുതലുള്ള ഗ്യാലക്‌സി S10ഉം പുറത്തിറക്കിയേക്കും. ഈ മോഡലിന് 6.4-ഇഞ്ച് വലുപ്പമായിരിക്കും ഉണ്ടാകുക. ഇതിന്റെ പേര് ഗ്യാലക്‌സി S10 ബിയോണ്‍ഡ് 2 എന്നായിരിക്കുമെന്നും കരുതുന്നു. ഈ മോഡലിൽ രണ്ട് മുന്‍ ക്യാമറകളും രണ്ട് പിന്‍ ക്യാമറകളും കാണുമെന്നും കരുതുന്നു. മറ്റു ഫീച്ചറുകളെല്ലാം ബിയോണ്‍ഡ് 1 ന്റെതിനോട് സാമ്യമുള്ളതായിരിക്കും.

അമേരിക്കയിലെ മൊബൈല്‍ സേവനദാദാവായ വെറൈസണും സാംസങും പറഞ്ഞത് ഈ വര്‍ഷമാദ്യം തന്നെ 5ജി ശേഷിയുള്ള ഫോണുകള്‍ വരുമെന്നാണ്. പുതിയ ഫോണുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസറായിരിക്കും ശക്തി പകരുക. എന്നാല്‍, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനു ശേഷമായിരിക്കും ഫോണുകള്‍ ഉപയോക്താക്കളുടെ കയ്യിലെത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇതും ഫെബ്രുവരിയില്‍ തന്നെ നടക്കും.

ഇറങ്ങുന്നതിനു മുൻപെ കല്ലുകടി?

ഈ വര്‍ഷത്തെ ടെക് വിസ്മയങ്ങളില്‍ ഒന്നായിരിക്കും സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ എന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍, ഈ ഫോണ്‍ പൂര്‍ണമായും മടക്കിയാല്‍ ഒടിഞ്ഞു രണ്ടു കഷ്ണമാകുമെന്ന് കഴിഞ്ഞ ദിവസം വന്ന ഒരു റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് പൂര്‍ണ്ണമായും ചേരാത്ത വിധത്തില്‍ നിര്‍മിക്കാനാണ് സാംസങ് ശ്രമിക്കുന്നതെന്നു പറയുന്നു. മുഴുവന്‍ പ്രശ്‌നങ്ങളും തീര്‍ത്ത ശേഷമെ പുറത്തിറക്കൂ എന്നു പറയുന്നു. ഒരു മാസത്തിലേറെ സമയം സാംസങ്ങിന്റെ കയ്യില്‍ ഇനിയും ബാക്കിയുണ്ടല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA