3499 രൂപയ്ക്ക് ക്രോംകാസ്റ്റ് 3 ഇന്ത്യയിൽ

ഗൂഗിൾ ഉൽപന്നങ്ങളുടെ പുതിയ നിരയിൽ ഉൾപ്പെടുത്തി വിപണിയിലിറക്കിയ ക്രോംകാസ്റ്റ് 3 മീഡിയ സ്ട്രീമിങ് ഉപകരണം ഇന്ത്യയിലെത്തി.  2013 ജൂലൈയിൽ അവതരിപ്പിച്ച ക്രോംകാസ്റ്റിന്റെ മൂന്നാം പതിപ്പാണിത്. 2015 സെപ്റ്റംബറിൽ അവതരിപ്പിച്ച ക്രോംകാസ്റ്റ് 2 ഗൂഗിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് 2016 ഏപ്രിലിലായിരുന്നു.  ഈ സാഹചര്യത്തിലാണ് ഈ മാസം ആദ്യം അവതരിപ്പിച്ച ക്രോംകാസ്റ്റ് 3 കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിച്ചത്. 

3499 രൂപയാണ് ക്രോംകാസ്റ്റ് 3ന്റെ ഇന്ത്യയിലെ വില. ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങാം. സോണി ലൈവിന്റെ ഒരു വർഷത്തെയും ഗാന മ്യൂസിക് സ്ട്രീമിങ് സേവനത്തിന്റെ ആറുമാസത്തെയും സബ്സ്ക്രിബ്ഷനോടെയാണ് ക്രോംകാസ്റ്റ് 3 ലഭിക്കുക. ഫോൺപേ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് ഫ്ലിപ്കാർട്ടിന്റെ വക 100 രൂപ ക്യാഷ്ബാക്കുമുണ്ട്. 

ടിവിയിലെ എച്ച്ഡിഎംഐ പോർട്ടിൽ കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാവുന്ന ക്രോംകാസ്റ്റിൽ നിലവിൽ 800ലധികം ആപ്പുകളും ഉണ്ട്. കഴിഞ്ഞ പതിപ്പിനെക്കാൾ സ്ട്രീമിങ്ങിൽ 15 ശതമാനം വേഗവർധനയുണ്ടെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഫുൾഎച്ച്ഡിയിൽ(1080പി) 60ഫ്രെയിംസ് പെർ സെക്കൻഡ് വിഡിയോ സ്ട്രീമിങ്ങും ഉണ്ട്.