ഹലോ ഗൂഗിൾ, എന്നെ സഹായിക്കുമോ? ഇനി ഗൂഗിളും മലയാളം സംസാരിക്കും

നമസ്കാരം ഗൂഗിൾ, എന്നെ സഹായിക്കുമോ? ഗൂഗിൾ അസിസ്റ്റന്റിനോട് മലയാളത്തിൽ സംസാരിക്കാൻ സാധിക്കുമോ? താമസിയാതെ കഴിഞ്ഞെക്കുമെന്നാണ് പുതിയ റിപ്പോർട്ട്. മലയാളം ഉള്‍പ്പെടെ 14 ഭാഷകള്‍ കൂടെ സപ്പോര്‍ട്ടു ചെയ്യാന്‍ ഒരുങ്ങുകയാണ് ഗൂഗിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ്. എക്‌സ്ഡിഎ ഡെവലപ്പേഴ്‌സ് (XDA Developers) ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പിന്റെ എപികെ (APK) ഫയല്‍ കാണാനിടയായതില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റ് 17 ഭാഷകളാണ് സപ്പോര്‍ട്ടു ചെയ്യുന്നത്. ഇനി വരുന്ന 14 ഭാഷകളിലേറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയായിരിക്കുമെന്നറിയുന്നു. മലയാളം, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളായിരിക്കും സപ്പോര്‍ട്ടു ചെയ്യുക. ജര്‍മ്മന്‍ (ഓസ്ട്രിയ), പോളിഷ്, ടര്‍ക്കിഷ്, അറബിക്, തുടങ്ങിയവയും അടുത്ത അപ്‌ഡേറ്റില്‍ സപ്പോര്‍ട്ടു ചെയ്യുമെന്നു കരുതപ്പെടുന്നു.

എക്‌സ്ഡിഎ ഡെവലപ്പര്‍ ക്വിനി899 (Quinny899) ആണ് ഈ വിവരം കണ്ടെത്തിയത്. ഗൂഗിള്‍ ഔദ്യോഗികമായി ഇത് അറിയിച്ചിട്ടില്ല. ഗൂഗിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ സേവനം 2016ല്‍ ആദ്യ പിക്‌സല്‍ ഫോണിലാണ് അവതരിപ്പിച്ചത്. എന്നാല്‍ ആഗോള തലത്തില്‍ ഈ സേവനം അവതരിപ്പിച്ചത് 2017ലെ മൊബൈല്‍ വേള്‍ഡ് (എംഡബ്ല്യുസി) കോണ്‍ഗ്രസിലാണ്. 2018ലെ എംഡ്ബ്ല്യുസിയില്‍ അവരുടെ അസിസ്റ്റന്റ് 30 ഭാഷകള്‍ സപ്പോര്‍ട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഗൂഗിള്‍ അസിസ്റ്റന്റിന് കാര്യമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇപ്പോള്‍ ഈ സേവനം മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ഗൂഗിള്‍ ഹോം സ്പീക്കറുകളിലും വെയറബ്ള്‍സിലും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സേവനങ്ങളിലും ലഭ്യമാണ്.

ഗൂഗിള്‍ അസിസ്റ്റന്റ് ഇപ്പോള്‍ സപ്പോര്‍ട്ടു ചെയ്യുന്നവയുടെ കൂട്ടത്തില്‍ ഹിന്ദിയും ഡാനിഷും ഫ്രഞ്ചും, ജര്‍മ്മനും, ഇറ്റാലിയുമടക്കം 12 ഭാഷകളാണ്. തുടക്കത്തില്‍ മലയാളം ഉപയോഗിക്കുമ്പോള്‍ അത്ര സുഖകരമാകണമെന്നില്ല. പക്ഷേ, ക്രമേണ ഇതു സ്വാഭാവികമായി തീരുക തന്നെ ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ അസിറ്റന്റ് കൂടുതല്‍ ഡേറ്റ എത്തുന്നതോടെ മെച്ചപ്പെടുന്ന രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആപ്പിളിന്റെ സിറി, ആമസോണിന്റെ അലക്‌സ, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന തുടങ്ങിയവയാണ് മറ്റു ലോകപ്രശ്‌സ്ത അസിറ്റന്റുകള്‍. ഇവയില്‍ കോര്‍ട്ടാനയെ മൈക്രോസോഫ്റ്റ് പിന്‍വലിക്കാനുള്ള ശ്രമത്തിലാമെന്നു കേള്‍ക്കുന്നു. പകരം വിന്‍ഡോസ് 10 ഉപകരണങ്ങളിലും ആമസോണിന്റെ അലക്‌സയായിരിക്കും എത്തുക.

മലയാളത്തില്‍ ഗൂഗിള്‍ അസിസ്റ്റന്റ് എത്തുന്നത് സാധാരണ ഉപയോക്താക്കളെ കൂടാതെ, പ്രായമായവര്‍ക്കും മറ്റും വളരെ ഉപകാരപ്രദമാകാം. ടൈപ്പു ചെയ്യാതെ, സംസാരത്തിലൂടെ സേര്‍ച്ചും മറ്റും നടത്തുകയും അവയുടെ ഉത്തരങ്ങള്‍ മലയാളത്തില്‍ ലഭിക്കുകയും ചെയ്യുന്ന കാലം വരുമെന്നു കരുതാം.