എന്തുകൊണ്ട് സ്റ്റാർട്ടപ്പ്? വേറിട്ട അനുഭവങ്ങൾ പങ്കുവെച്ച് മേധാവികൾ

കൊച്ചി∙ കൈത്തറി ഷര്‍ട്ടും മുണ്ടുമാണ് വേഷം. അമേരിക്കയിലെ സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചുള്ള സിഡിസി സോഫ്റ്റുവെയറിന്റെ മേഖലാ പ്രസിഡന്റായിരുന്നയാള്‍ ഇപ്പോള്‍ സാമൂഹിക മാറ്റം ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ തലവനാണ്. വ്യത്യസ്ഥമായ കഥയാണ് അക്യുമെന്‍ ഫണ്ട് പാര്‍ട്ണറായ നാഗരാജ പ്രകാശത്തിന്റെ കഥ. ബിസിനസുകാരന്റെ കാര്യക്ഷമതയും, സാമൂഹിക പ്രവര്‍ത്തകന്റെ കരുണയും ചേര്‍ന്നാല്‍ നാഗരാജ് പ്രകാശമായി. ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ പരിചയപ്പെടുത്തുന്ന ഗോ കോ അപ്, ബംഗളൂരുവിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃസംസ്ക്കരിക്കുന്ന സാഹസ്, നനഞ്ഞ മാലിന്യങ്ങളില്‍നിന്ന് ബയോഗ്യാസും കംപോസ്റ്റും ഉണ്ടാക്കുന്ന കാര്‍ബണ്‍ മാസ്റ്റേഴ്സ്, ഗുണമേന്‍മയുള്ള ജൈവ കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്ന ഹാപ്പി ഹെന്‍, പച്ചക്കറി വ്യാപാരത്തിനായുള്ള ഫ്രഷ് വേള്‍ഡ് തുടങ്ങിയവ നാഗരാജ പ്രകാശത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്പനികളാണ്.

അധ്വാനിക്കുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന വിഹിതം ഉറപ്പാക്കുകയാണ് ഈ കമ്പനികളുടെയെല്ലാം ലക്ഷ്യം. അമേരിക്കയിലും ഇന്ത്യയിലുമുള്ള 450 സംരംഭകരെ ഉള്‍പ്പെടുത്തിയാണ് 2013ല്‍ ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കിന് (ഐഎഎന്‍) നാഗരാജ പ്രകാശം തുടക്കമിട്ടത്. ഐഎഎന്‍ ഇംപാക്ട് എന്ന ഉപ വിഭാഗം സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള ബിസിനസുകള്‍ക്കായി രൂപപ്പെടുത്തിയതാണ്. 

രാജ്യത്ത് ആവശ്യത്തിലധികം മൊബൈല്‍ ആപ്പുണ്ട്, മൊബൈല്‍ പ്രവര്‍ത്തിക്കാന്‍ കറന്റിലാത്ത അവസ്ഥയാണ് - നാഗരാജ പ്രകാശം പറയുന്നു. നമുക്ക് ചുറ്റുമുള്ള ഓരോ പ്രശ്നവും ഓരോ ബിസിനസ് സാധ്യതകളാണെന്ന് ‘ഹോം ഗ്രോൺ സ്റ്റാർട്ടപ്സ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയില്‍ നാഗരാജ പ്രകാശം പറഞ്ഞു. ചേരികളിലുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ചേരികളില്‍ താമസിക്കുന്നവരും, ഗ്രാമീണരുടെ പ്രശ്നം മനസിലാക്കാന്‍ വൈദ്യുതിയില്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരുമായ സംരംഭകരുണ്ട്. വ്യത്യസ്തങ്ങളായ സംരംഭങ്ങളിലേക്കു തിരിയും മുൻപ് അതുമായി ബന്ധപ്പെട്ട് ഓരോരുത്തരെയും ‘മോട്ടിവേറ്റ്’ ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത്. നിലവിലെ ജോലി ഉപേക്ഷിച്ചു സംരംഭങ്ങളിലേക്കു മാറുന്നതിനു പലരും പല ഒഴിവുകഴിവുകളാണു പറയുന്നത്. ഇന്ത്യയിൽ ഒരു രൂപയ്ക്കും 500 രൂപയ്ക്കും ഇഡ്ഡലി ലഭിക്കും. ആവശ്യമുള്ളതു തിരഞ്ഞെടുക്കുകയെന്നതാണു ഓരോരുത്തരെയും മികവിലേക്കു നയിക്കുന്ന ഘടകം. സംരംഭം ആരംഭിക്കുന്നതിനു മുൻപ് ഓരോരുത്തരും സ്വയം വിശ്വസിക്കുകയാണു വേണ്ടതെന്നും നാഗ വ്യക്തമാക്കി. 

സ്കിൽ ഗ്യാപ്, ലേണിങ് ഗ്യാപ് എന്നിവയാണു സംരംഭക എന്ന നിലയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് ‘ഏക’ ബയോകെമിക്കല്‍സ് സ്ഥാപകയും സിഇഒയുമായ ആർദ്ര ചന്ദ്ര മൗലി പറഞ്ഞു. ഉപഭോക്താവിനു താൻ പറയുന്നതു മനസ്സിലാകുമെന്നതിനാലാണ് കേരളം തന്നെ തന്റെ സ്റ്റാർട്ടപ്പിനായി തിരഞ്ഞെടുത്തത്. ബിസിനസ് വളർച്ചയിൽ അതൊരു വലിയ കാര്യമാണ്. ഒരു കുഞ്ഞിനെയെന്ന പോലെയാണ് സ്റ്റാർട്ടപ്പിനെ കൈകാര്യം ചെയ്യുന്നത്. മികവിനു വേണ്ടിയുള്ള ശ്രമമാണ് എല്ലായിപ്പോഴും, അതാണ് ഒരു കമ്പനി നേരിടുന്ന വലിയ വെല്ലുവിളിയെന്നും ആർദ്ര പറഞ്ഞു.

ഇടി കൊടുക്കുന്നതിലല്ല, എങ്ങനെ അതു നേരിടുന്നുവെന്നതിനാലാണ് ഏതൊരു സംരംഭത്തിന്റെയും വിജയമെന്ന് കെയർപാക്ട് സ്ഥാപക സിഇഒ ജോസഫ് പാലത്തിങ്കൽ പറഞ്ഞു. സംരംഭം ആരംഭിക്കുന്ന സമയത്തു പലയിടത്തു നിന്നും തിരിച്ചടിയായിരുന്നു. ഇന്ന് അതേയിടത്തു നിന്നു തന്നെയാണു പിന്തുണ ലഭിക്കുന്നത്. സംരംഭത്തിൽ മികവിനു വേണ്ടി ക്ഷമയും സ്ഥിരതയുമാണു വേണ്ടതെന്നും ജോസഫ് പറഞ്ഞു. 

പ്രശ്നം നേരിടും മുൻപ് അതിനെ തിരിച്ചറിയുകയും അതിനെ നേരിടാൻ തയാറാണെന്നു സ്വയം മനസ്സിലാക്കുകയും വേണമെന്നതാണു സംരംഭത്തിന്റെ വിജയമെന്ന് എൻഡ്യുറന്‍സ് സർവീസസ് സ്ഥാപകനും സിഇഒയുമായ ഡോ.നിഷാന്ത് ബി.സിങ് പറഞ്ഞു.

പുതിയൊരു സംരംഭം ആരംഭിക്കും മുൻപു പലരും കേരളത്തിലേക്കു പോകരുതെന്നു നിർദേശിച്ചിരുന്നതായി ചില്ലാർ പേമെന്റ്സ് സൊല്യൂഷൻസ് എംഡി ആസിഫ് ബഷീർ. എന്നാൽ അതിനെയെല്ലാം മറികടന്നാണ് ചില്ലാർ ആരംഭിച്ചത്. തുടക്കക്കാരായതിനാൽ അതിന്റെതായ ശ്രദ്ധയോടെയായിരുന്നു എല്ലാം.  സംരംഭങ്ങൾ ആരംഭിക്കും മുൻപ് ഉപഭോക്താക്കളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ആസിഫ് വ്യക്തമാക്കി.