കുട്ടിക്കാലത്തെ ആല്‍ബം അനുഭവം പങ്കുവച്ച്, ‘അയാം എ മല്ലു’ പാടി റിനോഷ്

കൊച്ചി∙ ‘മികച്ച പാട്ടുകളുമായി ഒരു ആൽബം തയാറാക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. എങ്ങനെ അത് ചെയ്യണമെന്ന് അമ്മയോടു ചോദിച്ചു. പക്ഷേ അവർക്ക് അറിയില്ലായിരുന്നു. അങ്ങനെ ആദ്യമായി ഗൂഗിളില്‍ ഒരു കാര്യം സേർച്ച് ചെയ്തു. സോണിയും ടി സീരിസുമൊക്കെയായി എങ്ങനെ കരാർ ഉണ്ടാക്കുമെന്നായിരുന്നു അത്..’– നടനും ഗായകനുമായ റിനോഷ് ജോർജിന്റേതായിരുന്നു വാക്കുകള്‍. ‘എമർജിങ് മീഡിയ’ എന്ന വിഷയത്തിൽ ടെക്സ്പെക്റ്റേഷൻസ് 2018 ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യൂട്യൂബിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഗാനങ്ങളൊന്നും അധികമാരും കേട്ടില്ല. അഞ്ചാമത്തെ പാട്ട് ബെംഗളൂരുവിനെപ്പറ്റിയായിരുന്നു. അത് ഹിറ്റായി. പിന്നീട് ‘അയാം എ മല്ലു’ പാട്ടും. അതിനിടെ സിനിമയെത്തി. പക്ഷേ പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ നിർമാതാക്കൾ തയാറായിരുന്നില്ല. പിന്നീട് തന്റെ പാട്ട് യൂട്യൂബിൽ കണ്ട നിർമാതാവാണ് തന്നെ നായകനാക്കി ഒരു സിനിമയ്ക്കു തയാറായത്. ജനങ്ങളുമായി താനുണ്ടാക്കിയ ഡിജിറ്റല്‍ ബന്ധമാണ് ഇക്കാര്യത്തിൽ സഹായിച്ചത്. ഡിജിറ്റൽ രീതി എല്ലാത്തിനെയും മാറ്റിയിരിക്കുന്നു, ജനങ്ങളുമായി കൂടുതൽ ബന്ധമുണ്ടാക്കാൻ സഹായിക്കുന്നു. മികച്ച കണ്ടന്റും പണവും ഒരുപോലെയുണ്ടാക്കാൻ സാധിക്കുന്നത് ഏറെ നല്ലതാണ്. അതിന് യൂട്യൂബ് പോലുള്ള മാധ്യമങ്ങൾ സഹായിക്കുന്നുണ്ട്. പല കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രമോഷന് വിഡിയോകള്‍ ഉപയോഗിക്കുന്നു. ബിയർഡോ പോലൊരു കമ്പനി കേരളത്തിലേക്കു വരും മുൻപ് പ്രമോഷൻ സോങ്ങിനു വേണ്ടി തന്നെ സമീപിച്ചതും റിനോഷ് ചൂണ്ടിക്കാട്ടി. ടെക്സ്പെക്റ്റേഷന് എത്തിയവർക്കു മുന്നിൽ തന്റെ പ്രശസ്തമായ ‘അയാം എ മല്ലു’ പാട്ടു കൂടി പാടിയാണ് റിനോഷ് അവസാനിപ്പിച്ചത്. 

ലൈവ് വിഡിയോകളുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്ന കമ്പനികളിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് ബ്രൈറ്റ്കോവ് ഏഷ്യ ജനറൽ മാനേജർ ബെൻ മൊറേൽ പറഞ്ഞു. ഐപിഎൽ പോലുള്ള മത്സരങ്ങൾ എങ്ങനെ വിവിധ മാധ്യമ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്നത് ഇതിന് ഉദാഹരണമാണെന്നും ബെൻ വ്യക്തമാക്കി.

ഒരു വശത്ത് സ്റ്റാർട്ടപ്പുകളും മറുവശത്ത് പരമ്പരാഗത കമ്പനികളും മത്സരിക്കുന്ന രീതിയാണ് ഇന്ത്യയിലേതെന്ന് അക്കാമയ് മീഡിയ പ്രോഡക്ട് സ്ട്രാറ്റജി ആൻഡ് മാർക്കറ്റ് ഡെവലപ്മെന്റ് മേധാവി വിജയ് കോലി പറഞ്ഞു. ഓൺലൈൻ, ഓഫ്‌ലൈൻ സേവനങ്ങളും ഇതേ രീതിയിൽ പരസ്പരം മത്സരിക്കുന്ന രീതിയാണ് ഇന്ത്യയിൽ. രാജ്യത്തിന്റെ മികച്ച വളര്‍ച്ചയ്ക്ക് ഇതു ഗുണകരമാണെന്നും വിജയ് വ്യക്തമാക്കി.

പ്രേക്ഷകർക്കു മുന്നിലേക്ക് എങ്ങനെയാണ് വിഡിയോ കണ്ടന്റ് എത്തിക്കുന്നത് എന്നതിലാണ് ഇനിയുള്ള കാലം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സിഎക്സ് സ്ട്രാറ്റജി ആൻഡ് ട്രാൻസ്ഫോർമേഷന്‍(ഒാറക്കിൾ) മേധാവി രത്നേഷ് മെഹ്റ പറഞ്ഞു. ബ്രോഡ്കാസ്റ്റിങ്ങിലായിരിക്കും പ്രധാന മാറ്റം. ടിവിയിലോ തിയേറ്ററിലോ ലഭിക്കുന്ന അതേ അനുഭവം തന്നെ പേക്ഷകനു മുന്നിൽ എത്തിക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള വിഡിയോയ്ക്കൊപ്പം അവ തടസ്സമില്ലാതെ കാണാനും സാധിക്കണം. ഏതാനും വർഷങ്ങൾക്കകം 5ജി എത്തും. അതോടൊപ്പം മറ്റ് കണക്ടിവിറ്റി സൗകര്യം കൂടി വർധിക്കുന്നതോടെ വിഡിയോ ഉപഭോഗത്തിന്റെ നിരക്ക് ഇന്ത്യയില്‍ വർധിക്കുമെന്നും രത്നേഷ് വ്യക്തമാക്കി.