പൊട്ടിയാലും സ്വയം കൂടിച്ചേരും; ഫോണുകളിലേക്ക് വരുന്നു, അദ്ഭുത ടച്ച് സ്ക്രീന്‍!

ആന ചവിട്ടിയാലും പൊട്ടില്ല എന്ന രീതിയിലാണ് ചില മൊബൈൽ ഫോണുകളുടെ പരസ്യങ്ങൾ. സത്യമായിരിക്കാം, ആന ചവിട്ടിയാൽ പൊട്ടില്ല പക്ഷേ നിലത്തു വീണാൻ പൊട്ടും. ചിന്നിച്ചിതറിയ ആ ഗ്ലാസൊന്നു മാറ്റിയിടണമെങ്കിൽ ഏകദേശം ഫോണിനു ചെലവഴിച്ച അതേ തുക തന്നെ നൽകേണ്ടിയും വരും. അത്തരം സാഹചര്യങ്ങളിൽ ഫോൺ മാറ്റി പുതിയതു വാങ്ങുകയല്ലാതെ വേറെ വഴിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ നിലവിൽ മൊബൈൽ ഫോൺ ഉപയോക്താക്കൾ അനുഭവിക്കുന്ന പ്രധാന പേടികളിലൊന്ന് ഡിവൈസ് നിലത്തു വീണാൽ ചിന്നിച്ചിതറി ഉപയോഗശൂന്യമാകുമോയെന്നതാണ്. പക്ഷേ ഗവേഷകർ അതിനൊരു മറുപടിയുമായെത്തിയിരിക്കുകയാണിപ്പോൾ– പൊട്ടിയാലും തനിയെ ‘റിപ്പയർ’ ചെയ്യുന്ന ഗ്ലാസ് സ്ക്രീനാണ് കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ തയാറാക്കിയിരിക്കുന്നത്. 

പൊട്ടിച്ചും നിലത്തിട്ട് ഉരച്ചുമെല്ലാം അവർ ഈ സ്ക്രീനിന്റെ ശേഷി പരിശോധിച്ചു. എന്തിനേറെപ്പറയണം ഗ്ലാസ് രണ്ടുകഷ്ണമാക്കി ഒടിക്കുക കൂടി ചെയ്തു. പക്ഷേ 24 മണിക്കൂറിനകം ആ പൊട്ടിയ ഭാഗം സ്വയം ഒട്ടിച്ചേരുകയായിരുന്നു. അവശേഷിച്ചതാകട്ടെ നേരിയ ഒരു അടയാളവും! യഥാർഥ വലുപ്പത്തേക്കാളും 50 മടങ്ങു വരെ വലിച്ചുനീട്ടാവുന്ന തരം പോളിമർ കൊണ്ടാണ് ഈ സെൽഫ് ഹീലിങ് സ്ക്രീനിന്റെ നിർമാണം. ഇതോടൊപ്പം ഉയർന്ന അയോണിക് ശേഷിയുള്ള കണികകളുമുണ്ട്. ഇവ രണ്ടും തമ്മിൽ അയോൺ–ഡൈപോൾ ഇന്ററാക്‌ഷൻ (ചാർജ്ഡ് അയോണുകളും പോളാർ തന്മാത്രകളും തമ്മിലുള്ളത്) നടക്കും. അതുവഴി ഒരു ‘ബോണ്ട്’ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഗ്ലാസ് പൊട്ടുകയോ സ്ക്രാച്ച് വീഴുകയോ ചെയ്താലും ഇവ രണ്ടും തമ്മിലുള്ള ആകർഷണം കാരണം ഏറെ വൈകാതെ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നർഥം. 

നിലവിൽ എൽജിയുടെ ജി ഫ്ലെക്സ് പോലുള്ള ചില ഫോണുകളിൽ ഇത്തരത്തിലുള്ള വസ്തു ഉപയോഗപ്പെടുത്തുന്നുണ്ട്. അതുപക്ഷേ ബാക്ക് കവറിലാണ്; പോറലുണ്ടായാൽ സ്വയം ആ പ്രശ്നം പരിഹരിക്കുന്നതാണ് ഇതിന്റെ ഗുണവും. ജി ഫ്ലെക്സിലുപയോഗിച്ച പദാർഥത്തിലൂടെ പക്ഷേ വൈദ്യുതി കടന്നുപോകില്ല. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ തയാറാക്കിയ വസ്തുവിലൂടെ വൈദ്യുതി കടന്നുപോകുന്നു എന്നതാണു പ്രത്യേകത. അതിനാൽത്തന്നെ മൊബൈൽ സ്ക്രീനുകൾക്കും ബാറ്ററികൾക്കും ഏറെ അനുയോജ്യവുമാണ്. 

ഭൂരിപക്ഷം ഫോൺ സ്ക്രീനുകൾക്കും താഴെ ഇലക്ട്രോഡുകളുടെ ഒരു ശൃംഖല (ഗ്രിഡ്)യുണ്ടാകും. അതിൽ തൊടുമ്പോൾ നിങ്ങളുടെ വിരലുകൾ കൂടി ഉൾപ്പെട്ട സർക്യൂട്ട് പൂർത്തിയാവുകയും ടച്ച് പ്രവർത്തിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ സ്മാർട് ഫോൺ മേഖലയിൽ വിപ്ലവകരമായ മാറ്റമായിരിക്കും ഈ സെൽഫ് ഹീലിങ് മെറ്റീരിയൽ കൊണ്ടുവരിക. പൊട്ടലോ കോറലോ വീഴാത്ത മെഡിക്കൽ ഉപകരണങ്ങളും റോബട്ടുകളെയുമെല്ലാം നിർമിക്കാനും ഇതുപയോഗിക്കാം. മൂന്നു വർഷത്തിനകം ഈ ‘അദ്ഭുതവസ്തു’ വിപണിയിലെത്തിക്കാനാകുമെന്ന ഉറപ്പും ഗവേഷകർ നൽകുന്നു. അതിനോടകം തികച്ചും ‘പെർഫെക്ട്’ ആയി സ്വയം ‘മുറിവുണക്കാൻ’ സാധിക്കുന്ന വിധത്തില്‍ ഇതിനെ പരിഷ്കരിച്ചെടുക്കുമെന്നും അവരുടെ ഉറപ്പ്.