ആൻഡ്രോയ്ഡ് ന്യൂഗട്ട് വളരുന്നു, കരുത്തുകാട്ടി മാഷ്മെലോ

പുറത്തിറങ്ങി ഒരു വർഷത്തോടടുക്കുമ്പോൾ ആൻഡ്രോയ്ഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം ആകെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ 10 ശതമാനത്തിൽ സാന്നിധ്യമറിയിച്ചെന്നു ഗൂഗിൾ. 2016ൽ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് 6.0 മാഷ്മെലോ ആണ് ഇപ്പോൾ കരുത്തുകാട്ടി നിൽക്കുന്നത്. ആകെ ഉപകരണങ്ങളിൽ 31.2 ശതമാനത്തിലും മാഷ്മെലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്. 

ഇതുവരെ ഏറ്റവും പ്രചാരമുണ്ടായിരുന്ന ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് പ്രവർത്തിക്കുന്നത് 30.8 ശതമാനം ഉപകരണങ്ങളിലും കിറ്റ്കാറ്റ് 18.1 ശതമാനം ഉപകരണങ്ങളിലും പ്രവർത്തിക്കുന്നു. മറ്റ് ആൻഡ്രോയ്ഡ് പതിപ്പുകളുടെ പങ്കാളിത്തം ഇങ്ങനെ: ജെല്ലിബീൻ - 8.8 %, ഐസ്‌ക്രീം സാൻഡ് വിച്ച് - 0.8 %, ജിഞ്ചർബ്രെഡ് - 0.8 %. ആൻഡ്രോയ്ഡ് 2.2 ഫ്രോയോയ്ക്ക് മുൻപുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുള്ള ആൻഡ്രോയ്ഡ് മാർക്കറ്റ് സേവനം ഈ 30ന് ഗൂഗിൾ അവസാനിപ്പിക്കുകയാണ്. 

വർഷങ്ങൾ പഴക്കമുള്ള ഒഎസ് വേർഷൻ ഉപയോഗിക്കുന്നവർ വളരെ കുറവായതിനാലാണ് ഇത്. അതേ സമയം, ജിഞ്ചർബ്രെഡ് ഉപയോക്താക്കൾക്ക് 2020വരെ വാട്‌സാപ്പ് ഉപയോഗിക്കാനാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു. കാലഹരണപ്പെട്ട ഒഎസുകൾക്കുള്ള പിന്തുണ പിൻവലിക്കാനുള്ള നടപടിയുമായി വാട്‌സാപ്പ് മുന്നോട്ടു പോകുമ്പോഴാണ് ആൻഡ്രോയ്ഡ് 2.3 ജിഞ്ചർബ്രെഡിനെ കൈവിടില്ലെന്ന ഉറപ്പു നൽകിയിരിക്കുന്നത്.

More Mobile News