64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ലും കോൾ മുറിയുന്നു, ‘പണി കിട്ടിയ’ ആപ്പിൾ തെറ്റ് സമ്മതിച്ചു!

64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റ് വാങ്ങിയ ചിലര്‍ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഒരു വിചിത്ര സ്വരം കേള്‍ക്കുന്നതായി പരാതി ഉയര്‍ന്നു.  ഈ സ്വരം മൂലം മറുതലയ്ക്കല്‍ സംസാരിക്കുന്നയാളുടെ സ്വരം മുറിയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉപയോക്താക്കള്‍ നടത്തുന്നത്. ഈ പ്രശ്‌നമുള്ള മോഡലുകളില്‍ ഫെയ്‌സ്‌ടൈം വിളികളും മുറിയുന്നു. ഐഫോണ്‍ 8 പ്ലസ് മോഡലിലും ഇത് വ്യക്തമായി അനുഭവിക്കാം.

സാധാരണ, തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നു സമ്മതിക്കാത്ത ആപ്പിള്‍ ഈ പ്രശ്‌നത്തില്‍ വേഗം പ്രതികരിച്ചു. ചില മോഡലുകള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് സമ്മതിക്കുയും അത് ഒരു സോഫ്റ്റ്‌വെയര്‍ കുഴപ്പമാണെന്ന് പറയുകയും ചെയ്തു. ഒരു സോഫ്റ്റ്‌വെയര്‍ പാച് അയച്ച് ഇതു പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.

ഹെഡ്‌ഫോണിലൂടെയോ സ്പീക്കറിലൂടെയോ ആണ് ഫോണ്‍ വിളിക്കുന്നതെങ്കില്‍ ഈ പ്രശ്‌നമില്ല. ഈ കുഴപ്പം ഏതെങ്കിലും ഒരു രാജ്യത്തു വിറ്റ മോഡലുകള്‍ക്കല്ല, മറിച്ച്, ആദ്യ സ്‌റ്റോക് എത്തിയ മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ അനുഭവക്കേണ്ടിവന്നു. ഇതു മൂലം താന്‍ വാങ്ങിയ ഫോണ്‍ മാറ്റി വാങ്ങിയ ഒരു ഉപയോക്താവു പറയുന്നത് തനിക്കു കിട്ടിയ പുതിയ ഫോണിലും ഇതുണ്ടെന്നാണ്. ഒന്നിലേറെ ആപ്പുകളെ ഈ പ്രശ്‌നം ബാധിച്ചിരിക്കുന്നതിനാല്‍ ഇത് ഒരു സോഫ്‌റ്റ്‌വെയര്‍ ബഗ് ആയിരിക്കുമെന്നാണ് സ്വതന്ത്ര ടെക് വിദഗ്ധരും അനുമാനിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഇന്നു ലഭ്യമാക്കിയ iOS 11.0.1 ല്‍ ഈ പ്രശ്‌നത്തിനു പരിഹാരമില്ല. വരും ആഴ്ചകളില്‍ ഇറക്കുന്ന പാച്ചിലൂടെ ഈ കുഴപ്പം തീര്‍ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതേസമയം, ഐഒഎസ് 11 ഇന്‍സ്റ്റോള്‍ ചെയ്ത പല ഉപയോക്താക്കളും തങ്ങളുടെ ഫോണില്‍ ബാറ്ററി നില്‍ക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഇതിനു മുൻപ് പലപ്പോഴും നേരിട്ടിട്ടുള്ളതിനാല്‍ കാര്യമായി എടുക്കാന്‍ വഴിയില്ല. അടുത്തിറക്കുന്ന പാച്ചുകളില്‍ ഈ പ്രശ്‌നവും പരിഹരിക്കപ്പെട്ടേക്കാം.

ബാറ്ററി പ്രശ്‌നം ചെറുതായി പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശം ഇതാ: എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയവ ഓണ്‍ ആയി കിടന്നാല്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടും. ഐഒഎസ് 11ല്‍ പുതുക്കി അവതരിപ്പിച്ച കണ്ട്രോള്‍ സെന്റര്‍ ഉപയോഗപ്രദമണെങ്കിലും ഇതിന് ഒരു പ്രശ്‌നമുണ്ട്. ഐഓഎസ് 10 വരെ ഐപാഡുകളില്‍ ലഭ്യമായിരുന്ന കണ്ട്രോള്‍ സെന്ററില്‍ വൈഫൈയും ബ്ലൂടൂത്തും ഓഫു ചെയ്താല്‍ അതു പൂര്‍ണ്ണമായും ഓഫ് ആകുമായിരുന്നു.

എന്നാല്‍ പുതുക്കിയ ഒഎസില്‍ ഇവ ഓഫ് ചെയ്താല്‍ അവ കണക്ടു ചെയ്തിരിക്കുന്ന ഉപകരണത്തില്‍ നിന്ന് വിടുതല്‍ നേടും എന്നല്ലാതെ ഇവ ഡിവൈസില്‍ ഓഫ് ആകുന്നില്ല. ഓഫ് ആക്കണമെന്നുള്ളവര്‍ സെറ്റിങ്‌സില്‍ തന്നെ പോയി വൈഫൈയും ബ്ലൂടുത്തും ഓഫ് ചെയ്യുക. ബാറ്ററി അത്ര വേഗം ഇറങ്ങുന്നില്ലെന്നു കാണാം. ഈ മാറ്റം ഐഒഎസ് 11ല്‍ ആപ്പിള്‍ മനപ്പൂര്‍വ്വം കൊണ്ടുവന്നതാണ്. ധാരാളം പരാതികള്‍ കിട്ടിയാല്‍ മാത്രമെ ഇതു പരിഹരിക്കാന്‍ ആപ്പിള്‍ ശ്രമിക്കൂ.