ഐഫോൺ 8 പൊട്ടിപ്പിളരുന്നു, ഉപയോക്താക്കൾ ഭീതിയിൽ, അന്വേഷിക്കുമെന്ന് ആപ്പിൾ

ആപ്പിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് ഐഫോൺ 8 പൊട്ടിപ്പിളരുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ ഹിറ്റാണ്. ഫോൺ വാങ്ങിയവരും വാങ്ങാനിരിക്കുന്നവരും ഐഫോൺ 8 ന്റെ ദുരന്തത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വൻ വില നൽകി വാങ്ങിയ ഹാൻഡ്സെറ്റ് ചാർജ് ചെയ്യുന്നതിനിടെയാണ് പിളരുന്നതായി കണ്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ആപ്പിൾ അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ മാസം അവതരിപ്പിച്ച ഐഫോൺ 8 പുറത്തിറങ്ങി ആദ്യ ആഴ്ചകളിൽ തന്നെ പത്തോളം പരാതികളാണ് വന്നിരിക്കുന്നത്. ഈ വാർത്തകളെല്ലാം ആപ്പിളിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൻ പ്രതീക്ഷകളോടെ വിപണിയിൽ എത്തിയ ഹാൻഡ്സെറ്റുകളുടെ വില്‍പന പ്രതിസന്ധിയിലായിട്ടുണ്ട്.

ജപ്പാൻ, ഗ്രീസ്, കാനഡ, ചൈന, തായ്‌വാൻ രാജ്യങ്ങളി നിന്നായി പത്തോളം കേസുകൾ വന്നുകഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഫോട്ടോകൾ ആപ്പിളിന് വൻ തലവേദയായിട്ടുണ്ട്. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചാർജിങ്ങിനിടെ സ്ക്രീൻ പൊട്ടിപ്പിളർന്നിരിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

അതേസമയം, ചില ഫോണുകൾ രാത്രി മുഴുവൻ ചാർജ് ചെയ്തതിനാലാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ട് ചെയ്തിരിക്കുന്നതെല്ലാം ബാറ്ററി തകരാറാണ്. ഹാർഡ്‌വെയർ പ്രശ്നമാണെങ്കിൽ ഹാൻഡ്സെറ്റുകൾ തിരിച്ചെടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

സാംസങിന്റെ ഗാലക്സി നോട്ട് 7 ന് സംഭവിച്ചതു പോലെയുള്ള തീപിടുത്തം ഐഫോൺ 8 നെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. വീർത്തുവരുന്ന ബാറ്ററിയാണ് ഇപ്പോഴത്തെ പ്രശനം.