നോക്കിയ വീണ്ടും കൊടുങ്കാറ്റുയര്‍ത്തുമോ? രണ്ടു മോഡലുകള്‍ക്ക് 3സി സര്‍ട്ടിഫിക്കറ്റ്

മൊബൈല്‍ ഫോണ്‍ രംഗത്തെ എതിരില്ലാത്ത സാന്നിധ്യമായിരുന്ന നോക്കിയ അതുപോലൊരു തിരിച്ചു വരവു നടത്തുമോ? ഇപ്പോഴത്തെ നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്എംഡി ഗ്ലോബല്‍ (HMD Global) പുതിയ നിര സ്മാര്‍ട്ട്‌ഫോണുകളുമായി എത്തുന്നു എന്നാണ് വാര്‍ത്തകള്‍. 2018ല്‍ അവരുടെ ഫോണുകള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനി ശ്രമിക്കുമെന്ന് അറിയുന്നു. ഇവയില്‍, 2018ല്‍ ഇറക്കുന്ന നോക്കിയ 6, നോക്കിയ 9 (shorturl.at/fGN34) എന്നീ മോഡലുകള്‍ക്ക് ചൈനയുടെ 3സി (CCC) സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു എന്നാണ് കേള്‍ക്കുന്നത്.

എന്താണ് 3സി സര്‍ട്ടിഫിക്കറ്റ്?

എന്താണ് 3സി സര്‍ട്ടിഫിക്കറ്റ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ചൈന കംപൽസറി സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് (China Compulsory Certificate മാര്‍ക്ക്, CCC അല്ലെങ്കില്‍ 3C മാര്‍ക്ക്) ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതോ, വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ആയ ഉപകരണങ്ങളില്‍ പതിക്കേണ്ട സുരക്ഷാ അടയാളമാണ്. ഉപയോക്താവിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഗുണനിലവാരമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യം, ശുചിത്വം, സുരക്ഷ, പരിസ്ഥിതി ആഘാതം കുറയ്ക്കല്‍, തട്ടിപ്പ് ഒഴിവാക്കല്‍ എന്നിവയാണ് 3സി മാര്‍ക്ക് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

നോക്കിയ 6, നോക്കിയ 9 കൂടാതെ TA-1062, TA-1077 എന്നീ മോഡല്‍ നമ്പറുകളുള്ള രണ്ടു ഫോണുകളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ നോക്കിയ കാര്യമായി ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണെന്നു വേണം കരുതാന്‍.

നോക്കിയ 6 ചൈനയില്‍ വില്‍ക്കുന്ന ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്കു നിര്‍ബന്ധമായും വാങ്ങേണ്ട സാക്ഷ്യപത്രമായ ടെനാ (TENAA)യും ലഭിച്ചുകഴിഞ്ഞു. എന്നാല്‍, ഈ സര്‍ട്ടിഫിക്കറ്റുകളൊന്നും പുതിയ മോഡലുകളില്‍ നിന്ന് എന്തു പ്രതീക്ഷിക്കാമെന്നു പറഞ്ഞു തരുന്നില്ല. എന്നാല്‍, നേരത്തെ പുറത്തു വന്ന ചില കേട്ടുകേള്‍വികള്‍ പറയുന്നത് നോക്കിയ 6ന് പുതിയ ട്രെന്‍ഡായ 18:9 അനുപാതത്തിലുള്ള ഡിസ്‌പ്ലെ ആയിരിക്കുമെന്നാണ്. കപ്പാസിറ്റിവ് ബട്ടണുകള്‍ക്കു പകരം സ്‌ക്രീനില്‍ തന്നെയുള്ള ബട്ടണുകളായിരിക്കും ഈ മോഡലിനുണ്ടാവുക എന്നും പറയുന്നു. 

നോക്കിയ 6 (2018) നു പ്രതീക്ഷിക്കുന്ന മറ്റു സ്‌പെസിഫിക്കേഷന്‍സ്: സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസര്‍, 4 GB റാം, 32GB സംഭരണശേഷി, ഇരട്ട പിന്‍ ക്യാമറ, നോക്കിയയുടെ സ്വന്തം ബോതി (Bothie) ഫീച്ചര്‍. നോക്കിയ 9നൊപ്പം നോക്കിയ 6 (2018) ഹാൻഡ്സെറ്റും ജനുവരി 19ന് പുറത്തു വരുമെന്നു കരുതുന്നു. നോക്കിയ 8 എന്നൊരു മോഡലും ചൈനയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. കൂടുതല്‍ മോഡലുകള്‍ എത്തുന്നുവെന്നത് നോക്കിയ വലിയൊരു തിരിച്ചു വരവു നടത്തുമെന്നതിന്റെ സൂചനയാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.