ഐഫോണ്‍ ഡിസൈന്‍ മോഷ്ടിച്ചത്, 1000 കോടി ഡോളര്‍ നഷ്ടപരിഹാരത്തിന് കേസ്

ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങിയത് 2007ലാണ്. എന്നാല്‍ ഇതിനും 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ വരച്ച ഡിസൈന്‍ മോഷ്ടിച്ചാണ് ഐഫോണ്‍ നിര്‍മ്മിച്ചതെന്ന അവകാശവാദവുമായി അമേരിക്കക്കാരന്‍ രംഗത്ത്. ഫ്‌ളോറിഡയില്‍ നിന്നുള്ള തോമസ് റോസ് ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് 1000 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. നഷ്ടപരിഹാരത്തിനൊപ്പം 1.5 ശതമാനം റോയല്‍റ്റിയും ഇയാള്‍ ആവശ്യപ്പെടുന്നു.

1992 മെയ് 23നും സെപ്തംബര്‍ 10നും ഇടയില്‍ താന്‍ വരച്ച മൂന്ന് ഡിസൈനുകളാണ് പിന്നീട് ആപ്പിള്‍ ഐഫോണിന് വേണ്ടി ഉപയോഗിച്ചതെന്നാണ് റോസിന്റെ അവകാശവാദം. ഇലക്ട്രോണിക് റീഡിംഗ് ഡിവൈസ് എന്നാണ് താന്‍ ഉപകരണത്തിന് പേരിട്ടിരുന്നതെന്നും തോമസ് റോസ് പറയുന്നു. ഡിസൈന്‍ തന്റേതാണെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി കൈ കൊണ്ട് വരച്ച മൂന്ന് രേഖാചിത്രങ്ങളും റോസ് പുറത്തുവിട്ടിട്ടുണ്ട്. അതുവരെ ലോകം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഉപകരണമായിരുന്നു 1992ല്‍ താന്‍ സ്വപ്‌നം കണ്ടിരുന്നതെന്ന് റോസ് അവകാശപ്പെടുന്നു.

1992 നവംബറില്‍ തന്റെ ഡിസൈനിന് യൂട്ടിലിറ്റി പേറ്റന്റ് ലഭിക്കുന്നതിനായി റോസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമായ ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് 1995 ഏപ്രിലില്‍ റോസിന്റെ പേറ്റന്റ് കാലാവധി അവസാനിപ്പിക്കുകയായിരുന്നു. കഥകളും നോവലുകളും വായിക്കുന്നതിനും ചിത്രങ്ങളും വിഡിയോകളും തുടങ്ങി സിനിമകള്‍ വരെ കാണാന്‍ സഹായിക്കുന്ന ഉപകരണമായിരുന്നു റോസിന്റെ സ്വപ്‌നം.

ഫോണും മോഡവും പോലുള്ള വാര്‍ത്താവിനിമയ ഉപകരണങ്ങളെ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമവും നടത്തിയിരുന്നെന്നും റോസ് അവകാശപ്പെടുന്നു. ഐഫോണിന് മുമ്പ് സമാനമായ ഉപകരണം ആപ്പിള്‍ ന്യൂട്ടണ്‍ പുറത്തിറക്കിയിരുന്നു. 1987ല്‍ ആരംഭിച്ച ഗവേഷണത്തിനൊടുവില്‍ 1993ലാണ് ആദ്യത്തെ പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് ആപ്പിള്‍ ന്യൂട്ടണ്‍ പുറത്തിറക്കിയത്. കയ്യക്ഷരം തിരിച്ചറിയുന്നത് പോലുള്ള സാങ്കേതിക വിദ്യകള്‍ ഈ ഉപകരണത്തിലുണ്ടായിരുന്നു. എന്തായാലും പുതിയവിവാദത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് ആപ്പിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.