ആപ്പിളിനു തിരിച്ചടി, ഐഫോണ്‍ 7നേക്കാള്‍ മികച്ചത് ഗൂഗിള്‍ പിക്‌സല്‍!

ആപ്പിളിന്റെ ഐഫോണ്‍ 7ന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോൺ പിക്‌സല്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപഭോക്താക്കളുടെ പ്രീതി കൂടുതല്‍ പിടിച്ചു പറ്റിയത് ഐഫോണ്‍ 7നേക്കാള്‍ പിക്‌സലായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ ആക്ടിവേഷന്‍ നിരക്ക് കഴിഞ്ഞ നാല് ആഴ്ചയിലെ ശരാശരിയെ അപേക്ഷിച്ച് 112 ശതമാനം വര്‍ധിച്ചപ്പോള്‍ ഐഫോണ്‍ 7ന്റേത് വെറും 13 ശതമാനമായി കുറഞ്ഞു.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഐഫോണ്‍ 7നേക്കാള്‍ വില്‍പനയില്‍ സാംസങ് ഗാലക്‌സി 7ന് മുന്‍തൂക്കം നേടിയെന്നതാണ്. പുതിയ ആക്ടിവേഷന്‍ നിരക്കുകളില്‍ കഴിഞ്ഞ നാല് ആഴ്ചയിലെ ശരാശരിയേക്കാള്‍ 36 ശതമാനത്തിന്റെ വര്‍ധനയാണ് ഗാലക്‌സി 7 നേടിയത്. 9.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഐപാഡ് പ്രോയുടേയും ഐപാഡ് മിനി 2വിന്റേയും വില്‍പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഐപാഡ് പ്രോ 24 ശതമാനം വര്‍ധിച്ചപ്പോള്‍ ഐപാഡ് മിനി 2വിന്റേത് 19 ശതമാനമാണ്.

ലോകലിറ്റിക്‌സ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഐഫോണ്‍ 6 എസിന്റേയും ഐഫോണ്‍ 6എസ് പ്ലസിന്റേയും വില്‍പനയില്‍ യഥാക്രമം 36 ശതമാനത്തിന്റേയും 29 ശതമാനത്തിന്റേയും വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഐഫോണ്‍ 7ന്റേയും ഐഫോണ്‍ 7എസിന്റേയും വില്‍പന 13 ശതമാനവും ഒരു ശതമാനവുമായി ഇടിയുകയാണുണ്ടായത്.

അതേസമയം, ഈ ശതമാനക്കണക്കുകള്‍ ഗൂഗിളിന്റെ പിക്‌സല്‍ വില്‍പനയില്‍ ആപ്പിള്‍ ഐഫോണ്‍ 7നെ കടത്തിവെട്ടിച്ചെന്ന് അര്‍ഥമാക്കുന്നില്ല. കാരണം ഒരു ആഴ്ചയിലെ കണക്ക് ആകെയുള്ള വില്‍പനയെ എങ്ങനെ ബാധിക്കുമെന്ന് കരുതാനാകില്ല. ഈ ആഴ്ച ഐഫോണ്‍ 7നേക്കാള്‍ ഗൂഗിള്‍ പിക്‌സലിന് ജനപ്രീതി കൂടിയെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.