ഐഫോൺ 6എസ് അമിതമായി ചൂടാകുന്നു

ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ മോഡലുകളായ ഐഫോൺ 6എസ് , ഐഫോൺ 6എസ് പ്ലസ് എന്നിവ പുറത്തിറക്കിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും തങ്ങൾക്ക് ലഭിച്ച ഫോണുകളുടെ പ്രവർത്തനത്തിൽ മിക്ക ഉപഭോക്താക്കളും തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ. ചില ഉപയോക്താക്കൾ പറയുന്നത് അവരുടെ പുതിയ ഐഫോൺ യാതൊരു കാരണവുമില്ലാതെ പൊടുന്നനെ സ്വിച്ച് ഓഫ് ആയിപ്പോകുന്നുവെന്നാണ്. പുതിയ ഐഫോൺ മോഡലുകളിലെ ഹോം ബട്ടൺ കുറച്ചു നേരം പ്രസ് ചെയ്തു പിടിക്കുമ്പോൾ ടച്ച് ഐഡി മൊഡ്യൂളുകൾ ചൂടാകുന്നു എന്നതാണ് മറ്റു ചിലരുടെ പരാതി.

ആപ്പിൾ ഉൽപ്പനങ്ങളുടെ സപ്പോർട്ട് കമ്മ്യൂണിറ്റി പേജിൽ നിരവധി ഉപയോക്താക്കളാണ് അവരുടെ പുതിയ ഐഫോൺ മോഡലുകൾ പ്രശ്നങ്ങളുണ്ട് എന്ന് സൂചിപ്പിക്കുന്നത്. ഐഫോൺ മോഡലുകളുടെ ആകസ്മികമായ ഷട്ട്ഡൌൺ, ടച്ച് ഐഡി ചൂടാകൽ എന്നിവയ്ക്ക് പുറമേ സ്പീക്കറുകൾ, വോള്യം നിയന്ത്രണ ബട്ടണുകൾ എന്നിവയുടെ പ്രവർത്തനത്തിലും നിരവധിപ്പേർ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തനിയെ ഷട്ട് ഡൗൺ ആകുന്ന ഹാൻഡ്സെറ്റുകൾ സ്ലീപ്പ് / വേക്ക് ബട്ടണുകൾ വഴി തിരിച്ചു ഓണാക്കാൻ കഴിയുന്നില്ലെന്നും ഇവർ പരാതിപ്പെട്ടിട്ടുണ്ട്.

ഇതിലെ പല പ്രശ്നങ്ങളും പുതിയ ആപ്പിൾ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വയർ സംബന്ധമായ തകരാറുകൾ മൂലമുള്ളതാണെന്നാണ് കരുതുന്നത്. ഐഒഎസ് 9 അല്ലെങ്കിൽ ഐഒഎസ് 9.0.1 അധിഷ്ഠിതമായ ഐഫോൺ 6എസ് , ഐഫോൺ 6എസ് പ്ലസ് ഫോണുകളിൽ 3D ടച്ച് ഡിസ്പ്ലേയുടെ സവിശേഷതകൾ ചില അപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുന്നില്ലെന്നും ഹാൻഡ്സെറ്റിൽ ഹെഡ്ഫോണ്‍ ഘടിപ്പിക്കുമ്പോൾ പലരുടേയും ഐഫോൺ അത് സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ കാണിക്കുന്നില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്തായാലും ഈ കാരണങ്ങൾ ഉപയോക്താക്കൾക്ക് ദീർഘനാൾ വിഷമിക്കാനുള്ള കാരണമുണ്ടാക്കാതെ ആപ്പിൾ പരിഹരിക്കുമെന്ന് ഉപഭോക്താക്കൾ തന്നെ പറയുന്നത് ആപ്പിളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ കൂടി അളവുകോലായാണ് കണക്കാക്കേണ്ടത്. വ്യാപകമായ ഏതെങ്കിലും ഹാർഡ്‌വെയർ പ്രശ്നങ്ങളോ കംപോണന്റ് തകരാറു മൂലമോ ആയിരിക്കാൻ സാധ്യതയില്ലാത്ത ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ് ഫോണുകളുടെ ഈ പ്രശ്നങ്ങൾ സോഫ്ട്‌വയർ അപ്ഡേറ്റ് വഴിയോ ഫേംവെയർ അപ്ഡേറ്റിലൂടെയോ ഉടൻ പരിഹരിക്കാൻ കഴിയുമെന്നാണ് ആപ്പിളിന്റെ ഭാഗത്ത് നിന്നുള്ള മറുപടികൾ വ്യക്തമാക്കുന്നത്.