പുതിയ ഐഫോണ്‍ ഫെറാറി, വരുന്നത് അത്യുഗ്രൻ ഫീച്ചറുകൾ!

അടുത്ത വര്‍ഷം സമൂല മാറ്റം വരുത്തിയ ഐഫോണ്‍ വരുന്നു വരുന്നുവെന്ന് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളു കുറെ ആയല്ലോ. ഇതു വരെ കേട്ടത് നലവിലുള്ള മോഡലുകള്‍ കുടുതല്‍ മികവോടെ ഇറങ്ങുമെന്നാണ്. എന്നാല്‍ പുതിയ ഊഹാപോഹങ്ങള്‍ പറയുന്നത് നിലവിലുള്ള മോഡലുകള്‍ ഐഫോണ്‍ 7s, 7s Plus എന്നീ മോഡലുകളായി നിലനിറുത്തുമെന്നാണ്.

പക്ഷേ, വിപ്ലവകരമായ മാറ്റങ്ങളുമായി ആപ്പള്‍ ഇറക്കാന്‍ പോകുന്നത് മൂന്നാമതൊരു മോഡല്‍ ആയിരിക്കുമെന്നാണ്. ആ മോഡലിനു തത്കാലം കൊടുത്തിരിക്കുന്ന കോഡ്‌നാമം ആണത്രെ ഫെറാറി (Ferrari). 2017ല്‍ ഈ മോഡലും മാര്‍ക്കറ്റില്‍ എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

പുതിയ ഹൈഎന്‍ഡ് മോഡലിന് ഗ്ലാസ് സാന്‍ഡ്‌വിച് (glass sandwich) ഡിസൈനാണ് ഉണ്ടാകുക. ഐഫോണ്‍ 4ല്‍ ഗ്ലാസ് ആന്‍ഡ് സ്റ്റീല്‍ സാന്‍ഡ്‌വിച് ഡിസൈന്‍ പരീക്ഷിച്ചിരുന്നല്ലോ. പൂര്‍ണമായും OLED ഡിസ്‌പ്ലെ ആയിരിക്കും പുതിയ ഫോണിനെന്ന് വിശ്വസിക്കപ്പെടുന്നു. സാംസങ് ഗ്യാലക്‌സി എഡ്ജ് (EDGE) ഫോണിനെ അനുസ്മരിപ്പിക്കുന്ന ഡിസൈന്‍ ആയിരിക്കാം പുതിയ ഫോണിനെന്നും കേള്‍ക്കുന്നു.

ഷവോമി Mi 5s ല്‍ കണ്ടതു പോലെ കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സെന്‍സറും, വയര്‍ലെസ് ചാര്‍ജിങും പുതിയ ഫോണില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. 15 അടി അകലെ വച്ചാല്‍ പോലും ചാര്‍ജു ചെയ്യാനുള്ള കഴിവുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റിന് ആപ്പിള്‍ അപേക്ഷിച്ചിരുന്നു. 3D ശേഷിയുള്ള ക്യാമറയാണ് മറ്റൊരു സവിശേഷത. നിലവിലുള്ള മോഡലുകളെക്കാള്‍ വലിപ്പവും പുതിയ ഫോണിനു പ്രതീക്ഷിക്കുന്നു-5.7 ഇഞ്ച്.

പുതിയ ഫോണിന്റെ നിര്‍മ്മാണത്തില്‍ സുപ്രശസ്ത വാഹന നിര്‍മ്മാതാക്കളായ ഫെറാറിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതിന്റെ ഫലമാണോ ഈ പേരെന്നും ചിലര്‍ സംശയിക്കുന്നുണ്ട്.