പ്രളയമുണ്ടായാൽ എത്ര വീടുകൾ മുങ്ങും? മുൻകൂട്ടിക്കാണാൻ 'ഇൻഎസെയ്ഫ്’

പെരിയാർ തീരത്തു പ്രളയമുണ്ടായാൽ അതിലെത്ര വീടുകൾ മുങ്ങും? ഇന്തൊനീഷ്യയിൽ ലോകബാങ്കിന്റെയും ഓസ്ട്രേലിയൻ സർക്കാരിന്റെയും സഹായത്തോടെ ആരംഭിച്ച സ്വതന്ത്ര സോഫ്റ്റ്‍വെയറായ 'ഇൻഎസെയ്ഫിന്' ഉത്തരം കണ്ടെത്താനായേക്കും. പലതരത്തിലുള്ള ഡേറ്റ സോഫ്റ്റ്‍വെയറിലേക്ക് ഇട്ടുകൊടുത്താൽ വെള്ളപ്പൊക്കമെന്നല്ല, ഏതു പ്രകൃതി ദുരന്തത്തിന്റെയും വ്യാപ്തി വ്യക്തമാക്കിത്തരും. ഓപ്പൺസ്ട്രീറ്റ് മാപ്പിലെ വിവരങ്ങളാണ് ഇതിൽ നിർണായകം. 

2009ലും 2012ലും ഇന്തൊനീഷ്യയിൽ രണ്ടു പ്രധാന ഡാമുകൾക്കു തകർച്ചയുണ്ടായി വെള്ളപ്പൊക്കമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സോഫ്റ്റ്‍വെയർ നിർമിച്ചത്. ഓഗസ്റ്റിലെ പ്രളയത്തിന്റെ മാപ്പും മറ്റു വിവരങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്താൽ ഭാവിയിൽ വീണ്ടുമൊരു പ്രളയമുണ്ടായാൽ വ്യാപ്തി മുൻകൂറായി കണക്കാക്കാമെന്നു ചുരുക്കം. 

പ്രവർത്തനം ഇങ്ങനെ: 

∙ Hazard Data- മുൻപുണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച വിവരങ്ങൾ, ഡാമുകളിലെ ജലനിരപ്പ്, നദിയിലെ ജലനിരപ്പ്, 

ഒഴുക്ക്, വിവിധ സർവകലാശാലകളുടെ പഠനങ്ങൾ, ശാസ്ത്ര സ്ഥാപനങ്ങളുടെ അപഗ്രഥനങ്ങൾ 

∙ Exposure Data- മാപ്പിങ് എജൻസികൾ, കെട്ടിടങ്ങളുടെ ജിയോടാഗിങ് വിവരങ്ങൾ, ഓപ്പൺ സ്ട്രീറ്റ് മാപ്, റോഡ് ശൃംഖല തുടങ്ങിയ പശ്ചാത്തല വിവരങ്ങൾ 

∙ Impact Function- രണ്ടു തരത്തിലുള്ള ഡേറ്റ പ്രത്യേക അൽഗോരിതം ഉപയോഗിച്ച് വിലയിരുത്തിയശേഷം ഗ്രാഫുകളായും മാപ്പുകളായും ദുരന്തവ്യാപ്തിയുടെ വിവരങ്ങൾ ലഭിക്കും. എത്ര സ്കൂളുകൾ, ദേവാലയങ്ങൾ, ആശുപത്രികൾ മുങ്ങും എന്നിങ്ങനെ വിവരങ്ങൾ തരംതിരിച്ചെടുക്കാം.