Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിയാർ, പമ്പ തീരങ്ങളിലെ വീടുകൾ മാപ് ചെയ്തിരുന്നെങ്കിൽ...

Pamba

സ്വതന്ത്രവും സൗജന്യവുമായി ഭൂമിശാസ്ത്രപരമായ വിവരങ്ങൾ അടയാളപ്പെടുത്താനുള്ള ഉദ്യമമാണ് ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്. ദുരന്തനിവാരണത്തിലും മറ്റും ഓപ്പൺ സ്ട്രീറ്റ് മാപ്പുകളുടെ ഉപയോഗം കൂടിവരികയാണ്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ് ഹ്യുമാനിറ്റേറിയൻ ഓപ്പൺ സ്ട്രീറ്റ് മാപ്പ് സംഘം (Humanitarian Open Street Map Team- HOTOSM). കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ 4,000 കിലോമീറ്റർ റോഡുകളും 2.5 ലക്ഷം കെട്ടിടങ്ങളും അടയാളപ്പെടുത്തി.

പെരിയാർ, പമ്പ തീരങ്ങളിലെ വീടുകൾ നേരത്തേ കൃത്യമായി മാപ് ചെയ്തിരുന്നെങ്കിൽ പ്രളയത്തിൽ മുന്നറിയിപ്പ് നൽകുന്നതും രക്ഷാദൗത്യം നടത്തുന്നതും കൂടുതൽ എളുപ്പമാകുമായിരുന്നു. വീട്ടുനമ്പറുകൾക്കൊപ്പം ജിഐഎസ് ടാഗ് കൂടി നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് പണം ചെലവഴിച്ചിട്ടുണ്ട്. ഇത്തരം ഡേറ്റ പൊതുസഞ്ചയത്തിൽ പങ്കുവച്ചിരുന്നെങ്കിൽ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാകുമായിരുന്നു. 

വിവിധ സർക്കാർ വകുപ്പുകൾ അവരുടെ പക്കലുള്ള സ്വകാര്യസ്വഭാവമില്ലാത്ത വിവരശേഖരം പങ്കുവയ്ക്കണമെന്നു നിഷ്കർഷിക്കുന്ന നാഷനൽ ഡേറ്റ ഷെയറിങ് ആൻഡ് ആക്സസിബിലിറ്റി പോളിസി (എൻഡിഎസ്എപി) കേരളം നടപ്പാക്കിയാൽ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാനും വ്യാപ്തി മനസ്സിലാക്കാനും സഹായകമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും താലൂക്കുകളുടെയും അടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ മാപ്പുകൾ ലഭ്യമല്ലാതിരുന്നതിനാൽ സർക്കാർ സംരംഭമായ കേരള റെസ്ക്യു വഴിയുള്ള മാപ്പിങ്ങിൽ ഇതുൾപ്പെടുത്താൻ കഴിഞ്ഞില്ല. ലഭ്യമായിരുന്നതാകട്ടെ 2015ലെ മാപ് ആയിരുന്നു. ലഭ്യമായിരുന്ന 2011ലെ താലൂക്ക് മാപ്പിൽ 65 താലൂക്കുകളാണുള്ളത്, ഇന്നാകട്ടെ താലൂക്കുകള്‍ 77 ആയി.

മാപ്പിങ്ങിനു നിർമിത ബുദ്ധിയും! 

തായ്‍ലൻഡും കേരളവും തമ്മിലെന്തു ബന്ധമെന്തെന്നു ചോദിക്കാൻ വരട്ടെ! തായ്‍ലൻഡിൽ വിജയകരമായി നടപ്പാക്കിയ മാപ്പിങ് രീതിയുമായി ഫെയ്സ്ബുക് കേരളത്തിലേക്കും എത്തിയിരിക്കുകയാണ്. പ്രളയബാധിതമായ പ്രദേശങ്ങൾ മാപ് ചെയ്യുന്നതിന് ഫെയ്സ്ബുക്കിന്റെ ഓപ്പൺ സ്ട്രീറ്റ് മാപ് മേധാവി ദൃഷ്ടി പട്ടേലിന്റെ സംഘത്തിന്റെ സഹായവുമുണ്ടാകും. 

ഡിജിറ്റൽ മാപ്പുകളിലെ രാജാക്കന്മാരാണു ഗൂഗിൾ. ഫെയ്സ്ബുക്കും ഊബറുമുൾപ്പെടെയുള്ള കമ്പനികൾ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ് അവരുടെ ലൊക്കേഷൻ സേവനങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഗൂഗിൾ മാപ്പിന്റെ ചില സേവനങ്ങൾക്കു ചാർജ് 14 മടങ്ങ് വർധിച്ചതോടെയാണു കമ്പനികൾ സ്വതന്ത്ര പ്ലാറ്റ്ഫോമായ ഓപ്പൺ സ്ട്രീറ്റ് മാപ്പിലേക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്. ഗൂഗിളിന്റേതുപോലെ ഓരോ ചെറിയ പോയിന്റും അടയാളപ്പെടുത്തിയിട്ടില്ല ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ. ഗൂഗിളിന്റെ വിധേയത്വം വിട്ട് ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, ഊബർ ഉൾപ്പെടെയുള്ള കമ്പനികൾ ഓപ്പൺ‌ സ്ട്രീറ്റ് മാപ്പിലേക്ക് നീങ്ങുകയാണ്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ഒരു പ്രദേശത്തെ റോഡുകളും ജലാശയങ്ങളും കംപ്യൂട്ടർ സ്വയം മനസ്സിലാക്കിയെടുക്കാൻ കഴിയുന്ന മെഷീൻ ലേണിങ് പ്രോഗ്രാമാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. 

തായ്‍ലൻഡിൽ 1.5 ലക്ഷം കിലോമീറ്റർ റോഡുകളാണ് ഇത്തരത്തിൽ ഫെയ്സ്ബുക് മാപ് ചെയ്തത്. 

pamba

ഫെയ്സ്ബുക് മെഷീൻ ലേണിങ് 

മാപ്പിങ് ഇങ്ങനെ 

∙ ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ‌ ഗ്ലോബ് കമ്പനിയുടെ പ്രത്യേക ലൈസൻസ് നേടുന്നു. 

∙ ചിത്രങ്ങൾ പ്രത്യേക മെഷീൻ ലേണിങ് പ്രോഗ്രം ഉപയോഗിച്ച് വിലയിരുത്തുന്നു 

∙ റോഡുകൾ അടയാളപ്പെടുത്തുന്നു 

∙ പലയിടത്തും വിട്ടുപോയ ഭാഗങ്ങൾ ഓപ്പൺ സ്ട്രീറ്റ് മാപ് സംഘം കൂട്ടിച്ചേർക്കുന്നു 

∙ ഓപ്പൺ സ്ട്രീറ്റ് മാപ്പിലേക്ക് അപ്‍ലോഡ് ചെയ്തശേഷം സന്നദ്ധപ്രവർത്തകർ റോഡുകളുടെ പേരുകൾ അടയാളപ്പെടുത്തും.