sections
MORE

മഴയും ഡാമിലെ ജലവും: കേരളം ശാസ്ത്രീയ സംവിധാനം നടപ്പിലാക്കണം

Idukki Cheruthoni
SHARE

മഴ പ്രവചിക്കപ്പെട്ട സമയങ്ങളിൽ ജലനിയന്ത്രണവും വിനിയോഗവും സംബന്ധിച്ച് ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സംവിധാനമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമെന്ന് കാലാവസ്ഥ നിരീക്ഷകനായ എം. രാജീവൻ. ഓൺ മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഭൂമിശാസ്ത്രപരമായ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രാലയത്തിലെ സെക്രട്ടറി കൂടിയായ രാജീവൻ ഈ അഭിപ്രായം മുന്നോട്ടു വച്ചത്. 

പല വിദേശ രാജ്യങ്ങളിലും മാതൃകാപരമായ ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് യുഎസിലെ കൊളറാഡോ നദി ഏഴു സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്. നദിയിലൂടെ എത്രമാത്രം ജലമാണ് ഒഴുകുന്നതെന്നും ഇത് എത്രമാത്രം പ്രയോജനപ്പെടുത്താമെന്നും കൃത്യമായ കണക്ക് അവർക്കുണ്ട്. ചില സംസ്ഥാനങ്ങൾ ജലസേചനത്തിനും മറ്റു ചിലവ് വൈദ്യുതി ഉൽപാദനത്തിനും ജലം വിനിയോഗിക്കുന്നതിനാൽ ഉപയോഗിക്കുന്ന ജലത്തിന്‍റെ അളവ് സംസ്ഥാനങ്ങൾ തോറും വ്യത്യസ്തമായിരിക്കും.

സമാനമായ ഒരു സംവിധാനമാണ് നമുക്കും വേണ്ടത്. വെള്ളം എത്രത്തോളം ഉയരും, എത്രത്തോളം തുറന്നുവിടണം, എത്രത്തോളം സംരക്ഷിക്കണം, എത്ര വൈദ്യുതിയാണ് ഉൽപാദിപ്പിക്കേണ്ടത്. ഇതിനായി മഴ പ്രവചിപ്പിക്കപ്പെട്ടിട്ടുള്ള മൂന്നു ദിവസത്തേക്ക് എത്രമാത്രം ജലം സംഭരിക്കണം തുടങ്ങിയവയെല്ലാം സംബന്ധിച്ച കൃത്യമായ കണക്ക് വേണം. ഇതിന് സഹായിക്കുന്ന സോഫ്റ്റ്‍വെയറുകൾ ഇന്നു ലഭ്യമാണ്. പല സ്ഥാപനങ്ങളിലും ഇത് നിലവിലുമുണ്ട്. ഉദാഹരണത്തിന് ബക്രാനങ്കൽ അണക്കെട്ടിനായി പ്രളയ മുന്നറിയിപ്പു സംവിധാനം ഒരുക്കിയ ഡാനിഷ് ഹൈഡ്രോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ. ചെറിയ നദികൾ ധാരാളമുള്ള കേരളത്തിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്താൻ വളരെ എളുപ്പമാണ്. 

കാലാവസ്ഥ സംബന്ധമായ കാര്യങ്ങളിൽ സര്‍ക്കാർ തീരുമാനങ്ങൾക്ക് കരുത്താകുന്ന ശാസ്ത്രീയ സംവിധാനങ്ങളാണ് കേരളത്തിന് ആവശ്യം. ഏതു വ്യക്തി ഓഫീസിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ സംവിധാനം സ്വയം പ്രവർത്തിക്കണം. മികച്ച പരിശീലനം അനിവാര്യമായ കുറേയേറെ ഉദ്യോഗസ്ഥരുണ്ട്. കൃത്യമായ പ്രവചനം നൽകാൻ ഇവയ്ക്കാകണം. പ്രളയ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിൽ പലയിടത്തുമുണ്ട്. ഉദാഹരണമാണ് ബക്രാനങ്കൽ അണക്കെട്ട്. പല ഡാമുകളിലും ഇത്തരം സംവിധാനം നിലവിലില്ല. ചിലയിടത്ത് കടലാസിൽ‌ ഇതുണ്ടെങ്കിലും പ്രായോഗികമായിട്ടില്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഭരണസംവിധാനം നിരന്തരമായ ജാഗ്രതയിലായിരിക്കണം. തീരുമാനങ്ങൾ വളരെപ്പെട്ടെന്ന് എടുത്ത് ഫലപ്രദമായ ഏകോപനത്തിലൂടെ നടപ്പിലാക്കണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ കുറിച്ചുളള പൊതുധാരണയും മാറണം. ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങളെ അവർ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. 1999ൽ വീശിയടിച്ച ചുഴലിക്കാറ്റിനു ശേഷം കാലാവസ്ഥ പ്രവചനങ്ങൾക്ക് ഒഡീഷ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. മഴ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് തുടങ്ങിയവ സംബന്ധിച്ച പ്രവചനങ്ങൾ വരുമ്പോൾ അവർ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കും. ഗുജറാത്തും സമാന രീതിയിലാണ് പ്രവർത്തിക്കുന്നത്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനം വന്നാലുടൻ തന്നെ അവർ നദികളുടെ കരകളിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കൈകൊള്ളും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ എല്ലാ പ്രവചനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല. നൂറു ശതമാനം കൃത്യത ഇക്കാര്യത്തിൽ ലോകത്തൊരിടത്തും സംഭവിക്കുന്നുമില്ല. മുൻകരുതലാണ് പ്രധാനം.

അടുത്ത മൂന്നോ നാലോ ദിവസത്തെ കാലാവസ്ഥ സംബന്ധിച്ച കൃത്യമായ വിവരം നൽകാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് സാധിക്കും. കേരളത്തിൽ നിലവിൽ രണ്ട് റഡാറുകളാണ് ഉള്ളത് – തിരുവനന്തപുരത്തും കൊച്ചിയിലും. അടുത്ത മുന്നോ നാലോ മണിക്കൂറിലുള്ള മഴ സാധ്യത കൃത്യമായി പ്രവചിക്കാൻ ഈ റഡാറുകൾക്ക് സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA