വെട്ടിനിരത്തലിൽ ജാക്കിന് നഷ്ടം 2 ലക്ഷം, മോദിക്ക് 2.84 ലക്ഷവും

വ്യാജൻമാരെയും നിഷ്ക്രിയ അക്കൗണ്ടുകളും കണ്ടെത്തി ഒഴിവാക്കുന്ന നടപടിക്രമങ്ങളുമായി സമൂഹമാധ്യമമായ ട്വിറ്റർ മുന്നോട്ടുപോകുമ്പോൾ കമ്പനി സിഇഒ ജാക് ഡേർസേക്ക് നഷ്ടമായത് രണ്ടുലക്ഷം ഫോളോവർമാരെ. ട്വീറ്റിലൂടെ ജാക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നവരിൽ ഒരാളായ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മൂന്നു ലക്ഷം പേരെയാണ് നഷ്ടമായത്. 

ട്വിറ്ററിന്‍റെ ഔദ്യോഗിക അക്കൗണ്ടിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക് ദൃശ്യമായത് – എട്ടുലക്ഷം. സംശയകരമായ അക്കൗണ്ടുകൾ ഒഴിവാക്കുന്ന പ്രക്രിയ വരുന്ന ഏതാനും മാസം നീണ്ടു നിൽക്കും. വിശ്വാസ്യത നിലനിർത്താനാണ് ഇത്തരമൊരു നീക്കമെന്നാണ് ട്വിറ്റർ അവകാശപ്പെടുന്നത്. നാലു ലക്ഷം പേരുടെ പിന്തുണയാണ് മുൻ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് നഷ്ടമായത്.

ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം അക്കൗണ്ട് പിന്തുടരുന്നവരിൽ 2.84 ലക്ഷം പേരുടെ കുറവാണുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ കുറവ് 1.40 ലക്ഷം പേരുടെയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നാകട്ടെ 17,503 പേരെ നഷ്ടമായി. പ്രമുഖരുടെ അക്കൗണ്ടിൽ വ്യാജൻമാരുണ്ടെന്ന് ട്വിറ്റർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇത്തരമൊരു നീക്കം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വ്യസനമുണ്ടാക്കുന്നതാണെങ്കിലും കൃത്യതയും സുതാര്യതയും ട്വിറ്ററിനെ കൂടുതൽ മികവുറ്റതാക്കുമെന്നാണ് പ്രതീക്ഷയെന്ന് നിയമ വിഭാഗം തലവൻ വിജയ് ഗാഡെ കുറിച്ചു.