ഗൂഗിളിന്റെ സൗജന്യ വിഡിയോ കോ‌ളിന് മൊബൈൽ നമ്പർ മതി!

ടെക്ക് ലോകത്ത് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഈ മെസഞ്ചറിനെ മറികടക്കാൻ നിരവധി കമ്പനികൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ പുതിയ സംവിധാനവുമായി ഗൂഗിളും രംഗത്തെത്തി കഴിഞ്ഞു. ലളിതമായി, സൗജന്യമായി വിഡിയോ കോൾ സേവനമാണ് ഗൂഗിളിന്റെ പുതിയ വാഗ്ദാനം.

വിഡിയോ കോൾ ആപ്ലിക്കേഷൻ ഡ്യുവോ ആണ് ഗൂഗിളിന്റെ പുതിയ ഉൽപന്നം. മറ്റു വിഡിയോ കോൾ ആപ്ലിക്കേഷനുകളേക്കാൾ മികച്ചതാണ് ഡ്യുവോ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കഴിഞ്ഞ മേയിലാണ് ഈ ആപ്പ് അവതരിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഈ സേവനം ഔദ്യോഗികമായി ലഭ്യമായി തുടങ്ങിയത്. ഗൂഗിൾ ഡ്യുവോയുടെ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡ്യുവോയുടെ ഡിസൈനും ഓപ്ഷനുകളും വളരെ ലളിതമാണ്. ഡ്യുവോ ഉപയോഗിക്കാൻ ഗൂഗിൾ അക്കൗണ്ട് വേണ്ട, ആക്ടീവായ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിഡിയോ കോൾ ചെയ്യാം. എന്നാൽ മറ്റു വിഡിയോ കോൾ ആപ്ലിക്കേഷനുകൾക്കെല്ലാം പ്രത്യേകം അക്കൗണ്ടും മൊബൈൽ നമ്പറും വേണം.

കുറഞ്ഞ ഇന്റർനെറ്റ് കണക്‌ഷനിലും ഡ്യുവോ ഉപയോഗിക്കാൻ കഴിയും. ഡ്യുവോ വിഡിയോ കോളിങ് വേഗതയും വ്യക്തതയും നൽകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ ഗൂഗിൾ അവകാശപ്പെടുന്നുണ്ട്. വൈഫൈ, സെല്ലുലാർ ഡാറ്റാ കണക്‌ഷൻ ഉപയോഗിച്ച് കോൾ മുറിയാതെ സംസാരിക്കാൻ കഴിയും.