രാഷ്ട്രീയ നേതാവിന്റെ വിവാഹവാര്‍ത്ത ട്വീറ്റ് നീക്കിയത് എന്തിന്? ദുരൂഹത തുടരുന്നു

ട്വിറ്ററിലൂടെ ഇനി അശ്ലീല, മോശം കാര്യങ്ങൾ എഴുതി വിടാമെന്ന് ആരും കരുതേണ്ട. എല്ലാം കാണാനും കളയാനും മുകളിൽ ഒരാളുണ്ട്! അനിഷ്ടകരമായ, ദ്രോഹപരമായ ഉദ്ദേശത്തോടെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത് ഉപഭോക്താക്കളെ പരമാവധി സുരക്ഷിതരാക്കാനാണ് ട്വിറ്റര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇങ്ങനെയുള്ള ട്വീറ്റുകള്‍ അത് എഴുതുന്ന വ്യക്തിയുടെ ടൈംലൈനില്‍ തന്നെ മറ്റുള്ളവര്‍ക്ക് കാണാനാവാത്ത രീതിയില്‍ അവശേഷിക്കും.

മോശം ഭാഷ ഉപയോഗിക്കുന്ന ട്വീറ്റുകള്‍ തിരിച്ചറിഞ്ഞു അവ നീക്കം ചെയ്യുന്നതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി ട്വിറ്റര്‍. ജോൺ സ്വീനെയാണ് (@SuperNerdLand) ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്‍. അത്ര നല്ല ഭാഷയില്‍ അല്ലാത്ത തന്റെ ട്വീറ്റ് മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റുന്നില്ലെന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചു. ഈ പോസ്റ്റിന്റെ URL നല്‍കുമ്പോള്‍ 'error' എന്ന സന്ദേശമാണ് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും കണ്ടു.

എന്നാല്‍ അനിഷ്ടകരമല്ലാത്ത പോസ്റ്റുകളും ഇത്തരത്തില്‍ ട്വിറ്റര്‍ നീക്കം ചെയ്തു കളയുന്നതായി പരാതിയുണ്ട്. ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ വിവാഹവാര്‍ത്ത 'ദുരൂഹസാഹചര്യത്തില്‍' ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമായിരുന്നു! എന്നാൽ ഈ പോസ്റ്റിൽ ചീത്തയായി ഒന്നും ഇല്ലായിരുന്നു.

അതേസമയം, മോശം പോസ്റ്റുകള്‍ ഇടുന്നവരുടെ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി പൂട്ടാനും ട്വിറ്ററിനു പദ്ധതിയുണ്ട്. ഇങ്ങനെയുള്ള ആശയങ്ങള്‍ ഒളിപ്പിച്ചു വച്ച ട്വീറ്റുകള്‍ ഇടാമെന്നും കരുതണ്ട. എല്ലാം കണ്ടുപിടിക്കാന്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കുകയാണ് ട്വിറ്റര്‍.