Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രാത്രി സംഭവിച്ചതെന്ത്? രഹസ്യചർച്ചയിൽ ആരെല്ലാം പങ്കെടുത്തു?

zuckerberg-1

രണ്ടു വർഷം മുൻപാണ്. ഫെബ്രുവരിയിലെ ഒരു രാത്രി; ബാർസലോണയിൽ അസാധാരണമായൊരു കൂടിക്കാഴ്ച നടന്നു. ഫ്രെനിമി’(Frenemy)കളുടെ കൂടിക്കാഴ്ച എന്നാണ് ഫോബ്സ് മാസിക അതിനെ വിശേഷിപ്പിച്ചത്. ശത്രുവാണോ മിത്രമാണോയെന്നു പരസ്പരം തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ ഒത്തു ചേർന്ന ഒരു സംഘം. തങ്ങളുടെ വരുമാനത്തിൽ സിംഹഭാഗവും തട്ടിയെടുത്ത ഒരു വ്യക്തിയുമായിട്ടായിരുന്നു 20 കമ്പനി പ്രതിനിധികളുടെ കൂടിക്കാഴ്ച. ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗായിരുന്നു ആ വ്യക്തി. പങ്കെടുത്തവരാകട്ടെ ലോകത്തിലെ പ്രധാനപ്പെട്ട ടെലികോം കമ്പനികളുടെ തലപ്പത്തുള്ളവരും.

യോഗത്തിനകത്ത് സംഭവിച്ചതെന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയാണ്. പങ്കെടുത്ത മുഴുവൻ പ്രതിനിധികളുടെയും പേരു പോലും പുറത്തറിഞ്ഞിട്ടില്ല. എന്നാൽ ചിലർ പറഞ്ഞു-‘അവിടെ നടന്നത് ഫെയ്സ്ബുക്കിന്റെ വളർച്ചയ്ക്കു വേണ്ടി വിവിധ ടെലികോം കമ്പനികളെ എങ്ങനെ ഉപയോഗപ്പെടുത്താം’ എന്ന ചർച്ചയായിരുന്നു. പക്ഷേ ടെലികോം കമ്പനിക്കു തോന്നും അത് തങ്ങളുടെ ഉയർച്ചയ്ക്കു വേണ്ടിയാണെന്ന്! അതായിരുന്നു സക്കർബർഗിന്റെ തന്ത്രം. വാട്ട്സാപ്പിനെ എഫ്ബി ഏറ്റെടുക്കുന്നുവെന്ന വാർത്തകൾക്കു തൊട്ടുപിറകെയായിരുന്നു ഈ നീക്കം. വിവിധ ടെലികോം കമ്പനികൾക്ക് എസ്എംഎസ് ഇനത്തിൽ 3250 കോടി ഡോളറിന്റെ വരുമാന നഷ്ടമായിരുന്നു 2013ൽ മാത്രം വാട്ട്സാപ് വരുത്തിവച്ചത്. എഫ്ബിയുടെ കയ്യിലെത്തിയ സ്ഥിതിക്ക് ഇനി വൈകാതെ തന്നെ വാട്ട്സാപ്പിൽ കോളിങ് സംവിധാനം ഉൾപ്പെടെ വരുമെന്നതും ഉറപ്പ്. സ്കൈപ്പ് കൂടി ഉൾപ്പെട്ട ഇത്തരം ‘ഓവർ-ദ്-ടോപ്(ഒടിടി) സംവിധാനങ്ങളിലൂടെ കോടികളാണ് വിവിധ ടെക്നോ കമ്പനികൾ സ്വന്തമാക്കുന്നത്. എന്നാൽ ഒടിടിക്ക് ആവശ്യമായ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ടെലികോം കമ്പനികൾക്ക് സംഭവിക്കുന്നത് വൻ നഷ്ടവും. എസ്എംഎസ് ലാഭം

തീർന്നു, ഇനി ഫോൺവിളിയിലൂടെ ലഭിക്കുന്ന ലാഭവും നഷ്ടമാകുമെന്നതിന്റെ സൂചനയായിരുന്നു കൂടിക്കാഴ്ചയിൽ കമ്പനിക്കു ലഭിച്ചത്. കാരണം ലോകജനസംഖ്യയിൽ 200 കോടിയോളം വരുന്നവർ സക്കർബർഗിനു കീഴിലെ രണ്ടു കമ്പനികളിലായുണ്ട്. ആ ഉപയോക്താക്കളെ വച്ചായിരുന്നു സക്കറിന്റെ മുതലെടുപ്പ്. അതായത് സൗജന്യമായി ഇന്റർനെറ്റ് നൽകി കൂടുതൽ പേരെ ഫെയ്സ്ബുക്കിലേക്ക് അടുപ്പിക്കുകയാണു ലക്ഷ്യം. അതിന് ചില കമ്പനികളുമായി പ്രത്യേക ‘പാക്കേജുകൾ’ ഒരുക്കണം. മിക്ക രാജ്യങ്ങളിലും ഫെയ്സ്ബുക്കിനു വേണ്ടി ‘എക്സ്ക്ലുസീവ്’ ഡേറ്റ പാക്കേജുകൾ തയാറാക്കാൻ ടെലികോം കമ്പനികൾ തയാവുകയും ചെയ്തു. ഇന്റർനെറ്റിനുള്ള സൗകര്യം മുഴുവൻ കമ്പനികളൊരുക്കുകയും അതുവഴി ഫെയ്സ്ബുക്ക് ലാഭം കൊയ്യുകയുമാണ് ചെയ്തത്. വൻനഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിലും നല്ലതാണല്ലോ ചെറിയൊരു ലാഭമെങ്കിലും ലഭിക്കുന്നതെന്ന മന:സ്സമാധാനത്തോടെ പല കമ്പനികളും ഒപ്പം നില്‍ക്കുകയും ചെയ്തു. ഇന്റർനെറ്റ് ആണ് തങ്ങളുടെ പ്രവർത്തനത്തിന്റെ അടിത്തറയെന്നത് സക്കർബർഗിനും വ്യക്തമാണല്ലോ. ഇന്ത്യയിലും അത്തരമൊരു നീക്കത്തിന് ശ്രമിച്ചെങ്കിലും ‘നെറ്റ് ന്യൂട്രാലിറ്റി’ വിവാദത്തിൽപ്പെട്ട് സംഗതി പൊലിഞ്ഞു പോയി. അതിന്റെ അലയൊലികൾ മറ്റു ചില രാജ്യങ്ങളിലുമെത്തി. അതോടെയാണ് സ്വന്തമായി ഇന്റർനെറ്റ് സേവനം നടപ്പാക്കാൻ ഫെയ്സ്ബുക്ക് തീരുമാനിക്കുന്നത്. വിമാനത്തിലൂടെയും ബലൂണിലൂടെയും ഒരു സാറ്റലൈറ്റ് തന്നെ അയച്ചും ഇന്റർനെറ്റ് ഏർപ്പാടാക്കി ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ വളർന്നു വരുന്ന വിപണി പിടിച്ചടക്കാനുള്ള ശ്രമങ്ങളും അവിടെ നിന്നു തുടങ്ങി. ടെലികോം കമ്പനികളുമായി ഇന്റർനെറ്റിന്റെ കാര്യത്തിൽ നീക്കുപോക്കു ചർച്ചകൾ നടത്തി സമയം കളയാനും ഇനി ഫെയ്സ്ബുക്കിനാകില്ല. കാരണം, കമ്പനിയുടെ പ്രധാന വരുമാന മാർഗമായ ‘മൊബൈൽ പരസ്യങ്ങൾ’ എന്തുവില കൊടുത്തും ജനങ്ങളിലേക്കെത്തിക്കേണ്ടതിപ്പോൾ ഫെയ്സ്ബുക്കിന്റെ ആവശ്യമാണ്. അതിന് ‘പരസ്യമായ’ ചില കണക്കുകൾ തരും തെളിവ്.

zuckerberg

‘പരസ്യ’മാണ് എഫ്ബിയുടെ വരുമാനം!!

ഇക്കഴിഞ്ഞ ജൂലൈയിൽ ഫെയ്സ്ബുക്ക് അവതരിപ്പിച്ച ലാഭക്കണക്കു മാത്രം മതി വാട്ട്സാപ് ഫോൺ നമ്പറുകളോട് എന്തുകൊണ്ടാണ് കമ്പനിക്കിത്ര കൊതിയെന്നു മനസിലാക്കാൻ. ഫെയ്സ്ബുക്കിന്റെ മൊത്തം പരസ്യവരുമാനത്തിൽ ഇത്തവണ മുൻവർഷത്തേക്കാൾ 63 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. അതായത് മൊത്തം 624 കോടി ഡോളർ വരുമാനം. അതിൽത്തന്നെ 84 ശതമാനവും മൊബൈൽ പരസ്യങ്ങൾ വഴിയാണ്. ലോകമെമ്പാടുമുള്ള 100 കോടിയിലേറെ വരുന്ന ഫെയ്സ്ബുക്ക് യൂസർമാരാണ് ഈ ലാഭം എഫ്ബിക്ക് നേടിക്കൊടുത്തത്. അതായത് ഒരു യൂസറിൽ നിന്ന് പ്രതിവർഷം ശരാശരി 3.82 ഡോളർ എന്ന കണക്കിലാണ് എഫ്ബി വരുമാനമുണ്ടാക്കുന്നത്. തീർന്നില്ല, സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ പ്രകാരം ഈ വർഷം തന്നെ ലോകത്തിലെ മൊത്തം സോഷ്യൽ മീഡിയ പരസ്യവരുമാനത്തിന്റെ മൂന്നിൽ രണ്ടും ഫെയ്സ്ബുക്കിനായിരിക്കും! കണ്ണഞ്ചിപ്പിക്കുന്ന കണക്കാണിത്. നിലവിൽ പ്രതിമാസം കമ്പനിക്ക് 30 ലക്ഷം സജീവ പരസ്യദാതാക്കളുണ്ട്. 2015ൽ അത് 25 ലക്ഷമായിരുന്നു. ആറു കോടിയിലേറെ കമ്പനികൾ തങ്ങളുടെ വളർച്ചയ്ക്കു വേണ്ടി എഫ്ബിയുടെ ബിസിനസ് പേജ് സംവിധാനം ഉപയോഗിക്കുന്നു‌. ഇവരിൽ നിന്നെല്ലാം പരമാവധി പരസ്യവരുമാനം ഊറ്റിയെടുക്കേണ്ടതുണ്ട് . അതിനു പക്ഷേ നിലവിലെ രീതികൾ പിന്തുടർന്നിട്ടു കാര്യമില്ല. വിവിധ വിമാനക്കമ്പനികൾ, യൂബർ പോലുള്ള ഓൺലൈൻ ടാക്സി സംവിധാനങ്ങൾ, ബാങ്കുകൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇവരുമൊക്കെ ചേർന്നൊരു നീക്കത്തിന് നാളുകളായി ഫെയ്സ്ബുക്ക് ശ്രമിക്കുന്നുണ്ട്. അതായത്, ഈ സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കി അവരുടെ വിവിധ നോട്ടിഫിക്കേഷനുകൾ വാട്ട്സാപ്പിലേക്കും മെസഞ്ചറിലേക്കുമെല്ലാം സന്ദേശമായി അയക്കാവുന്ന രീതി. അതിനാണിപ്പോൾ വാട്ട്സാപ് നമ്പറുകളിന്മേലുള്ള അവകാശം എഫ്ബി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സ്വകാര്യതാ നയത്തിലും ഇക്കാര്യം വാട്ട്സാപ് വ്യക്തമായി പറഞ്ഞിട്ടു
ണ്ട്:

fb-report

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എന്തെങ്കിലും അനധികൃത ഇടപാട് നടന്നാൽ ബാങ്കിൽ നിന്ന് ഒരു സന്ദേശം, വിമാനം വൈകിയാൽ എയർലൈൻ കമ്പനിയുടെ സന്ദേശം... ഇതെല്ലാം ഇപ്പോൾത്തന്നെ എസ്എംഎസ് ആയും ഫോൺകോളായും ലഭിക്കുന്നുണ്ട്. അത് വാട്ട്സാപ്പിലേക്കു കൂടി വ്യാപിക്കാനാണു ശ്രമം. ഈ ഫീച്ചറുകളെല്ലാം വരുംമാസങ്ങളിൽ പരീക്ഷിക്കേണ്ടതുണ്ട്. അതിന് സ്വകാര്യതാനയത്തിൽ മാറ്റം വരുത്തിയേ മതിയാകൂ...’ തങ്ങളുടെ പുതിയ നയംമാറ്റത്തിൽ വാട്ട്സാപ് ചൂണ്ടിക്കാട്ടുന്നു. രസകരമായത് ഇതൊന്നുമല്ല: ഇത്തരം നോട്ടിഫിക്കേഷനുകൾ വരുന്നത് ഉപകാരം തന്നെയാണ്. പക്ഷേ ഓരോ നോട്ടിഫിക്കേഷനും ചുവടെ നിങ്ങൾക്കിഷ്ടപ്പെട്ട, അല്ലെങ്കിൽ ഉപകാരമുള്ള ഒരു ‘ഡീലി’നെപ്പറ്റിയുള്ള വിവരങ്ങളുണ്ടാകും. അതായത് ‘ഫ്ലൈറ്റ് ഡിലേ’ ആണെന്നുള്ള സന്ദേശത്തോടൊപ്പം മലേഷ്യക്ക് 4000 രൂപയുടെ സ്പെഷൽ പാക്കേജുണ്ടെന്ന പരസ്യം താഴെക്കാണും. ഇതുപക്ഷേ ഒരു ‘സ്പാം’ അനുഭവമായിരിക്കില്ലെന്നും വാട്ട്സാപ് പറയുന്നു. പരസ്യത്തെ പരിസരത്തു പോലും അടുപ്പിക്കില്ലെന്നു പറഞ്ഞവരാണ് ഇങ്ങനെ വളഞ്ഞു മൂക്കുപിടിക്കുന്നതെന്നോർക്കണം. സ്വകാര്യസന്ദേശങ്ങൾക്കു വേണ്ടി മാത്രമായി നാം തയാറാക്കിയ വാട്ട്സാപ് നെറ്റ്‌വർക്കിലേക്കാണ് പുറമേ നിന്നൊരാളുടെ, അതും ഒരുപക്ഷേ നമുക്ക് പരിചയം പോലുമില്ലാത്ത കമ്പനിയുടെ സന്ദേശം വരുന്നതും. നോട്ടിഫിക്കേഷനുകളല്ലാതെ പരസ്യം മാത്രമായി വാട്ട്സാപ് സന്ദേശം വരുന്ന കാലവും വിദൂരമല്ല, അതിനെക്കുറിച്ച് കമ്പനി നിശബ്ദവുമാണ്. കാരണം വിഡിയോ പരസ്യങ്ങളാണ് ഇപ്പോൾ മൊബൈൽ ആഡ് വരുമാനത്തിൽ ഏറ്റവും ഉയർന്ന തുക ഓഫർ ചെയ്യുന്നത്. വിഡിയോ സ്ട്രീമിങ്ങിന്റെയും ഷെയറിങ്ങിന്റെയും കാര്യത്തിൽ വാട്ട്സാപ്പിനെപ്പോലെ സുരക്ഷിതവും സൗകര്യപ്രദവുമായ പ്ലാറ്റ്ഫോമുള്ളപ്പോൾ എന്തുകൊണ്ട് അത് പരീക്ഷിച്ചു കൂടാ...? 100 കോടി ഉപയോക്താക്കളെയും തങ്ങളുടെ വരുമാനവളർച്ചയിൽ ഉപയോഗപ്പെടുത്താൻ ഫെയ്സ്ബുക്ക് തീരുമാനിക്കുമ്പോൾ നിസ്സഹായരായിരിക്കാനേ വാട്ട്സാപ്പിനു സാധിക്കൂ. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നതും.

mobile-active-daily-users

ഇല്ല, ഞങ്ങളെ ഫെയ്സ്ബുക്ക് വിലയ്ക്കെടുത്തിട്ടില്ല

ഫെയ്സ്ബുക്കിലേതിനു സമാനമായി വാട്ട്സാപ്പിലും പരസ്യപ്രളയമായിരിക്കുമെന്ന പ്രചാരണം 2014ലെ ഏറ്റെടുക്കൽ സമയത്തു വന്നുവെന്നു പറഞ്ഞല്ലോ. ഒന്നും കാണാതെ സക്കർബർഗ് ഇത്തരമൊരു പടുകൂറ്റൻ നീക്കം നടത്തില്ലെന്ന ചിന്തയും ഇതിനു ബലം പകർന്നു. അതോടെ ഒരുകൂട്ടം ഉപയോക്താക്കൾ വാട്ട്സാപ്പിനെ വിട്ടു. 2014 ഫെബ്രുവരി, മാർച്ച് സമയത്ത് തങ്ങളുടെ യൂസർമാരുടെ എണ്ണത്തിൽ 30-40% വളർച്ചയുണ്ടായെന്ന മെസേജിങ് ആപ് ‘ടെലഗ്രാമി’ന്റെ അറിയിപ്പും അതിനിടെയാണു വരുന്നത്. സ്വാഭാവികമായും വാട്ട്സാപ് സംഘത്തിനെ പരിഭ്രാന്തിയിലാഴ്ത്താൻ പോന്നതായിരുന്നു അത്. അങ്ങിനെ ആശയക്കുഴപ്പത്തിലായിരുന്ന യൂസർമാർക്ക് മുന്നിലേക്ക് 2014 മാർച്ച് 17ന് വികാരഭരിതമായ ഒരു കുറിപ്പെത്തി. വാട്ട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗിൽ സ്ഥാപകരിലൊരാളായ ജാൻ കോം പോസ്റ്റ് ചെയ്തതായിരുന്നു അത്.

blog-post

ഫെയ്സ്ബുക്കുമായുള്ള കൂട്ടുകെട്ടിൽ ആരും അനാവശ്യമായി പേടിക്കേണ്ടെന്ന ആശ്വാസപ്പെടുത്തലോടെയാണ് ബ്ലോഗ് പോസ്റ്റിന്റെ തുടക്കം. ‘നിങ്ങളുടെ ഡേറ്റയും സ്വകാര്യതയും എന്നും ഞങ്ങൾ സംരക്ഷിക്കും...അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല’. ഓരോരുത്തരുടെയും ജീവിതത്തിൽ സ്വകാര്യമായുള്ള ആശയവിനിമയത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന കാര്യത്തെ വ്യക്തിപരമായിത്തന്നെയാണ് ജാൻ കോം കുറിപ്പിൽ ഓർമിപ്പിച്ചത്. അതിനദ്ദേഹം ചൂണ്ടിക്കാട്ടിയതാകട്ടെ സോവിയറ്റ് യൂണിയൻ കാലത്തെ ജീവിതവും. യുക്രെയ്നിലാണ് കോമിന്റെ ജനനം. 1980കളിൽ സോവിയറ്റ് യൂണിയനു കീഴിലെ ജീവിതം അത്രമാത്രം ‘രഹസ്യാത്മക’മായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഇന്നും മനസിൽ മുഴങ്ങിക്കേൾക്കുന്നുണ്ട് അക്കാലത്ത് അമ്മ എല്ലായിപ്പോഴും ഫോണിൽ അടക്കിപ്പറയുന്ന വാക്കുകൾ-‘എല്ലാം ഞാൻ നേരിട്ടുകാണുമ്പോൾ പറയാം’ എന്നതായിരുന്നു അത്...’ ആശയവിനിമയങ്ങളുടെയെല്ലാം അങ്ങേയറ്റത്ത് സോവിയറ്റ് യൂണിയന്റെ രഹസ്യപ്പൊലീസായ കെജിബി ചെവിയോർത്തിരിപ്പുണ്ടെന്ന ഭീതിയിൽ നിന്നായിരുന്നു കോമിന്റെ അമ്മയുടെ ആ വാക്കുകൾ. ഇങ്ങനെയൊരു ‘രഹസ്യ’ജീവിതത്തിൽ മനംമടുത്താണ് ആ കുടുംബം അമേരിക്കയിലേക്കു കുടിയേറിയതും. അങ്ങനെ നോക്കുമ്പോൾ സ്വകാര്യത എന്നത് തങ്ങളുടെ ഡിഎൻഎയിൽ തന്നെ ‘കോഡ്’ ചെയ്യപ്പെട്ടതാണെന്നും ജാൻ കോം കുറിക്കുന്നു. ‘ഇതേ ലക്ഷ്യത്തോടെയാണ് ഞങ്ങൾ വാട്ട്സാപ്പിനു രൂപം നൽകിയതും. അതിന് നിങ്ങളെക്കുറിച്ച് അധികമൊന്നും ഞങ്ങൾക്ക് അറിയേണ്ടതില്ല. നിങ്ങളുടെ പേരോ ഇമെയിൽ ഐഡിയോ വേണ്ട. നിങ്ങളുടെ പിറന്നാൾ എന്നാണെന്നറിയേണ്ട? നിങ്ങളുടെ വീട്ടുവിലാസം, ജോലി, ഇഷ്ടങ്ങൾ, നിങ്ങളെന്താണു തിരയുന്നത്, നിങ്ങളുടെ ജിപിഎസ് ലൊക്കേഷൻ ഇതൊന്നും വേണ്ട. ഈ ഡേറ്റയൊന്നും ശേഖരിക്കുന്നുമില്ല, ഭാവിയിൽ ഇതെല്ലാം ശേഖരിച്ചുവയ്ക്കാൻ യാതൊരു ഉദ്ദേശവുമില്ല... അതിപ്പോൾ ഫെയ്സ്ബുക്കിന്റെ കൂടെച്ചേർന്നാലും ഈ നയത്തിനൊരു മാറ്റവുമുണ്ടാകില്ല’ കോടിക്കണക്കിനു പേർക്ക് ആശ്വാസമായാണ് വാട്ട്സാപ്പിന്റെ ഈ വാക്കുകളെത്തിയത്. എഫ്ബി ഏറ്റെടുത്താലും സ്വതന്ത്രമായിത്തന്നെയായിരിക്കും വാട്ട്സാപ്പിന്റെ പ്രവർത്തനമെന്നും കോം കുറിച്ചു. മറിച്ച് പ്രചാരണം നടത്തുന്നതിനെ‘നിരുത്തരവാദപരമായ’ സമീപനം എന്നാണ് അദ്ദേഹം വിമർശിച്ചത്. എന്തായാലും വാട്ട്സാപ് വാക്കുപാലിച്ചു. ഇമെയിലോ വിലാസമോ ഒന്നും വാട്ട്സാപ് ചോദിച്ചില്ല മറിച്ച് ഫോൺ നമ്പർ മാത്രമെടുത്തു. 100 കോടി ഫോണ്‍ നമ്പറിനു വേണ്ടിയാണോ ഫെയ്സ്ബുക്ക് 1900 കോടി മുടക്കിയതെന്ന സംശയം സ്വാഭാവികം. പക്ഷേ ഒരു ഫോൺ നമ്പറിന് ഡിജിറ്റൽ മാർക്കറ്റിങ് ലോകത്തുള്ള മൂല്യത്തെക്കുറിച്ചറിഞ്ഞാൽ സംശയങ്ങളെല്ലാം അതോടെ തീരും.

(അതിനെക്കുറിച്ച് നാളെ)

related stories