സർക്കാർ സ്കൂൾ വിദ്യാർഥിയ്ക്ക് ഗൂഗിളിൽ ജോലി, ശമ്പളം 1.44 കോടി രൂപ!

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിൽ ഒരു ജോലി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്വപ്നമാണ്. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യൻ വിദ്യാർഥിക്ക് ഗൂഗിളിൽ ജോലി ലഭിച്ചിരിക്കുന്നു. അതും അദ്ഭുതപ്പെടുത്തുന്ന ശമ്പളത്തിന്. ചണ്ഡീഗഡ് സ്വദേശിയായ പതിനാറുകാരൻ ഹർഷിത് ശര്‍മ്മയ്ക്കാണ് ഗൂഗിളിൽ ജോലി കിട്ടിയിരിക്കുന്നത്. 

ഗ്രാഫിക് ഡിസൈൻ ടീമിലാണ് നിയമനം. വാർഷിക ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത് 1.44 കോടി രൂപയാണ്. അമേരിക്കയിലാണ് നിയമനം. ചണ്ഡീഗഡിലെ സെക്ടർ 33 ലെ ഗവൺമെന്റ് മോഡൽ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഹർഷിത്.

നിലവിൽ മാസത്തിൽ നാലു ലക്ഷം രൂപ ശമ്പളം ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നതോടെ മാസത്തിൽ 12 ലക്ഷം രൂപയായിരിക്കും ശമ്പളം. കഴിഞ്ഞ മേയിലാണ് ഹർഷിത് ഗൂഗിൾ ജോലിക്കായി ഓൺലൈനിലൂടെ അപേക്ഷ നൽകിയത്. അഭിമുഖം ഓൺലൈൻ വഴിയായിരുന്നു. പത്ത് വർഷമായി ഗ്രാഫിക്സ് ഡിസൈൻ മേഖലയിൽ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹർഷിത്.

ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി തന്നെയാണ് ജോലിക്ക് അപേക്ഷിച്ചത്. ജൂണിലാണ് നിയമന കത്ത് ലഭിച്ചത്. ബോളിവുഡ്, ഹോളിവുഡ് സിനിമകൾക്ക് പോസ്റ്റർ ചെയ്യാറുള്ള ഹർഷിതിന് പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ സ്കീം വഴി അവാർഡും കിട്ടിയിട്ടുണ്ട്.