കൊറിയൻ പോര്: മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? തിരച്ചിലിൽ മുന്നിൽ അമേരിക്ക!

തുടർച്ചയായി മിസൈൽ പരീക്ഷണങ്ങള്‍ നടത്തി പ്രകോപനം തുടരുന്ന ഉത്തരകൊറിയ മറ്റൊരു യുദ്ധത്തിനു മുതിരുമെന്നാണ് ഒരു വിഭാഗം അമേരിക്കക്കാർ വിശ്വസിക്കുന്നത്. ഉത്തര കൊറിയൻ ബന്ധം കൂടുതല്‍ വഷളായതും ട്രംപിന്റെ നീക്കങ്ങളും രാജ്യാന്തര തലത്തില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ അമേരിക്ക, ഓസ്ട്രേലിയ നെറ്റ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ലോക മഹായുദ്ധവും അണ്വായുധ യുദ്ധവും തന്നെയാണ്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ ഇതെന്നാണ് മിക്കവരും ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള തിരച്ചിലുകൾ ഇപ്പോഴും ഹിറ്റാണ്. 

കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാം ലോകമഹായുദ്ധം എന്ന വാചകം സെര്‍ച്ച് എൻജിനുകളില്‍ കുത്തനെ ഉയര്‍ന്നത്. 2004 മുതല്‍ ഗൂഗിള്‍ പുറത്തുവിടുന്ന ട്രന്‍ഡിംഗ് റെക്കോഡുകളില്‍ ഏറ്റവും മുൻപിലുള്ളത് 'മൂന്നാം ലോകമഹായുദ്ധം' തന്നെ. കിം ജോങ് ഉൻ– ട്രംപ് നീക്കങ്ങളാണ് ഈ ആശങ്കയ്ക്ക് പ്രധാന കാരണം. ന്യൂക്ലിയാർ വാർ, ഗുവാം, നോർത്ത് കൊറിയ എന്നിവയും ഗൂഗിള്‍ സെർച്ചിങ്ങിൽ ഹിറ്റ് തന്നെ.  

കഴിഞ്ഞ എട്ടു മാസത്തെ ഗൂഗിള്‍ ട്രന്‍ഡില്‍ അമേരിക്ക, ബ്രിട്ടൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ആളുകളാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് കൂടുതലായി തിരഞ്ഞത്. മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടോ? മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചോ? എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഗൂഗിളില്‍ ഉയര്‍ന്നുവന്നത്. 

നേരത്തെ 2015 നവംബറിലും സമാനമായരീതിയില്‍ ഗൂഗിളില്‍ മൂന്നാം ലോകമഹായുദ്ധം ട്രന്‍ഡിംഗായിരുന്നു. അന്ന് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ആശങ്കകള്‍ വര്‍ധിച്ചത്. തുര്‍ക്കി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ലോകമഹായുദ്ധ ആശങ്കകള്‍ അന്ന് ഉയര്‍ന്നുവന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിഷയങ്ങള്‍ അതിവേഗത്തിലാണ് പ്രചരിക്കുന്നതും.  

അമേരിക്കയും ദക്ഷിണകൊറിയയും ഉത്തരകൊറിയക്കെതിരെ യുദ്ധത്തിനു സജ്ജമായി കഴിഞ്ഞു. യുദ്ധകപ്പലുകള്‍  വിന്യസിച്ചിട്ടുണ്ട്. ഇതെല്ലാമാണ് ലോകമഹായുദ്ധമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണം.