ഫെയ്സ്ബുക്ക് ‘ലൈവ്’നെ നേരിടാൻ യുട്യൂബ് ലൈവിൽ ചാറ്റ് റിപ്ലേ, ഓട്ടോമാറ്റിക് ക്യാപ്ഷൻ

ഫെയ്സ്ബുക്ക് വിഡിയോ ലൈവിന്റെ വെല്ലുവിളികളെ നേരിടാൻ സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിനു കീഴിലുള്ള യുട്യൂബ് വൻ മാറ്റങ്ങൾ വരുത്തി. ചാറ്റ് റിപ്ലെ, ഓട്ടോമാറ്റിക് ക്യാപ്ഷൻ തുടങ്ങി നിരവധി ഫീച്ചറുകളാണ് യുട്യൂബ് ലൈവ് സ്ട്രീമിങ്ങിനൊപ്പം അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. 

യുട്യൂബ് ലൈവിൽ കമന്റുകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും നേരത്തെ തന്നെ അവസരമുണ്ടായിരുന്നു. എങ്കിലും റിപ്ലെ നൽകാനുള്ള ഫീച്ചർ ഇല്ലായിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ലൈവിൽ ഇത് ലഭ്യമായിരുന്നു. വിഡിയോ കാണുന്നവരുടെ സ്വകാര്യത കണക്കിലെടുത്ത് ചില ഡേറ്റാ റിപ്പോർട്ടുകൾ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാറ്റ് റിപ്ലെ വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പുതിയ ഫീച്ചർ പ്രകാരം വിഡിയോ ലൈവ് ചെയ്യുമ്പോൾ തന്നെ കമന്റുകൾക്ക് റിപ്ലെ നൽകാനാകും. പുതിയ മാറ്റങ്ങളെ കുറിച്ച് യുട്യൂബിന്റെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് അറിയിച്ചത്. ചാറ്റ് റിപ്ലെയ്ക്ക് പുറമെ ഓട്ടോമാറ്റിക് ഇംഗ്ലിഷ് ക്യാപ്ഷൻ, ലൊക്കേഷൻ ടാഗ്സ്, ഐഎഫ്ടിടിടി ടെക്നോളജി എന്നിവയാണ് മറ്റു മാറ്റങ്ങൾ.

ലൈവ് ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്‌നിഷൻ ടെക്നോളജിയുടെ സഹായത്തോടെയാണ് ഇംഗ്ലിഷ് ക്യാപ്ഷനുകൾ ലഭ്യമാക്കുക. ഇതോടെ ഏതൊരാൾക്കും പെട്ടെന്ന് തന്നെ എല്ലാ വിഡിയോകൾക്കും ക്യാപ്ഷൻ നൽകാനാകും. ചാറ്റ് റിപ്ലെ നിലവിൽ ആൻഡ്രോയ്ഡ് ഡിവൈസുകളിലും ഡെസ്ക്ടോപ്പുകളിലും ലഭ്യമാണ്. ഐഒഎസിൽ വൈകാതെ തന്നെ വരുമെന്നും ഗൂഗിൾ അധികൃതർ അറിയിച്ചു.