ചന്ദ്രനിലും അതിവേഗ 4ജി നെറ്റ്‌വർക്ക്: പദ്ധതിക്ക് പിന്നിൽ വോഡഫോൺ, നോക്കിയ, ഓഡി

സ്പെയ്സ് എക്സ് മേധാവി ഇലോൺ മസ്കിന്റെ ചാന്ദ്രദൗത്യം വിജയിക്കുന്നതോടെ അവിടെ 4ജി മൊബൈൽ നെറ്റ്‍വർക്കും ലഭ്യമായിരിക്കും. ഇവിടെ താമസമാക്കുന്നവർക്ക് അതിവേഗ ഇന്റർനെറ്റും നെറ്റ്‌വർക്കും ലഭ്യമാക്കാനായി വോഡഫോൺ, നോക്കിയ, ഓഡി കമ്പനികളാണ് ഒന്നിച്ചു പ്രവർത്തിക്കുക.

അടുത്ത വർഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്നാണ് വോഡഫോൺ ഓസ്ട്രേലിയ അറിയിച്ചത്. 4ജി നെറ്റ്‌വർക്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് നോക്കിയയും കാർ നിർമാതാക്കളായ ഓഡിയുമാണ്. സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് കണക്‌ഷൻ ലഭ്യമാക്കുക.

ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രനിൽ 4ജി നെറ്റ്‌വർക്ക് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി വിവിധ സ്വകാര്യ കമ്പനികൾ അഞ്ചു കോടി ഡോളറാണ് ചെലവിടുന്നത്‌. ചന്ദ്രന്റെ പ്രതലത്തില്‍ നിന്നു ലൈവ് എച്ച്ഡി. വിഡിയോ ഭൂമിയിൽ എത്തിക്കാനും ദൗത്യത്തിന് പദ്ധതിയുണ്ട്.

സ്പെയ്സ് എക്സിന്റെ ഫാല്‍ക്കൺ 9 റോക്കറ്റ് വഴിയാണ് 4ജി നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ ചന്ദ്രനിലേക്ക് അയക്കുക.

ചന്ദ്രനിൽ വീടുവയ്ക്കാൻ പദ്ധതിയുമായി ഐഎസ്ആർഒ

ബഹിരാകാശ യാത്രികര്‍ക്കു താമസിക്കുന്നതിനായി ചന്ദ്രനിൽ വീടൊരുക്കാനുള്ള സ്വപ്ന പദ്ധതിയുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ. അടുത്ത ചന്ദ്രദൗത്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെങ്കിലും വീടിന്റെ പ്ലാൻ തയാറായി കഴിഞ്ഞു. 

റോബട്ടുകളും ത്രീഡി പ്രിന്ററുകളും ചന്ദ്രനിൽ എത്തിച്ച്, ചന്ദ്രനിലെ മണ്ണും അവിടെ ലഭ്യമായ മറ്റു പദാർഥങ്ങളും വീടുണ്ടാക്കാൻ ഉപയോഗിക്കും. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഔട്ട്പോസ്റ്റ് പോലെ ചന്ദ്രനിലും ഔട്ട്പോസ്റ്റ് ഒരുക്കുകയാണു ലക്ഷ്യമെന്നു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം.അണ്ണാദുരൈ പറഞ്ഞു. 

ഭാവിയിൽ രാജ്യാന്തര സ്പെയ്സ് സ്റ്റേഷനുകൾ ഇല്ലാതാകും. പകരം ബഹിരാകാശയാത്രികർക്കായി ചന്ദ്രനിൽ സ്ഥിര താമസസ്ഥലം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. അപ്പോഴേക്കും ചന്ദ്രനിൽ ഗവേഷണ കേന്ദ്രമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. 

ത്രീഡി പ്രിന്റർ ഉപയോഗിച്ചു പ്രവർത്തന മാതൃക സൃഷ്ടിച്ചു കഴിഞ്ഞു. ഇതിനോടകം ചന്ദ്രനിലെ 60 ടൺ മണ്ണു പുനഃസൃഷ്ടിക്കാൻ ഐഎസ്ആർഒയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്കു ചന്ദ്രനിൽ നിന്നെത്തിച്ച മണ്ണുമായി 99.6 ശതമാനമാണു സാമ്യം. ഇതു സംബന്ധിച്ച പരീക്ഷണം തുടരും.