sections
MORE

നെയ്യാറ്റിൻകരയിൽ നിന്ന് ബഹിരാകാശത്തേക്ക്, മലയാളികൾക്ക് അഭിമാനമായി ക്രിസ്

chris-nair
SHARE

ഡിസംബർ നാലിനു കലിഫോർണിയയിലെ വാൻഡെൻബെർഗ് എയർഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൻ 9 റോക്കറ്റിൽ എക്സീഡ്സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹത്തിനൊപ്പം കുതിച്ചുയർന്നത് കേരളത്തിന്റെ അഭിമാനം കൂടിയാണ്. ഹൈദരാബാദ് ബൻജാരാ ഹിൽസിലെ എക്സീഡ് ചെറിയ ബേസ്മെന്റ് ഫെസിലിറ്റിയിൽ‍ ഈ സ്വപ്നം നെയ്ത രണ്ടു പേരിൽ ഒരാൾ നെയ്യാറ്റിൻകര സ്വദേശിയാണ് – ക്രിസ് നായർ. സ്പേസ്, ഡിഫൻസ് മേഖലകളിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനായി വെഞ്ച്വർ ഫണ്ടായി ആരംഭിച്ച സ്ഥാപനം ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിന്നുള്ള ആദ്യ ഉപഗ്രഹം നിർമിച്ച കമ്പനിയായി മാറിയത് പിന്നീടുള്ള ചരിത്രം. ഒറ്റവിക്ഷേപണത്തിൽ 64 ഉപഗ്രഹങ്ങളുമായി കുതിച്ച സ്പേസ് എക്സ് ദൗത്യത്തിലാണ് ഒരു കിലോഗ്രാം ഭാരമുള്ള എക്സീഡ്സാറ്റ്–1 കഴിഞ്ഞ മാസം ഭ്രമണപഥത്തിൽ വിജയകരമായി എത്തിയത്. 

തിരുവനന്തപുരത്തേക്ക് എക്സീഡ് സ്പേസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള പ്രാരംഭ ചർച്ചകളിലാണ് ക്രിസ് ഇപ്പോൾ. ഐഎസ്ആർഒയ്ക്കു വേണ്ടി സ്വകാര്യപങ്കാളിത്തത്തോടെ 27 ഉപഗ്രഹങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയിലും എക്സീഡ് സ്പേസ് ഭാഗമാണ്.

കോഫി ഷോപ്പിലെ കൂടിക്കാഴ്ച

അഞ്ച് വർഷം മുൻപ് ഹൈദരാബാദിലെ ഗാർഡൻ കഫേയിലെ ഒരു കപ്പ് ഇറാനി ചായയ്ക്കു മുൻപിലാണ് പരിചയപ്പെടുന്നത്. അഷർ ഫർഹാന് ഹാം റേഡിയോയിലായിരുന്നു താൽപര്യമെങ്കിൽ ക്രിസ് നായർക്ക് താൽപര്യം വെഞ്ച്വർ ഫണ്ടിങ്ങിൽ. സ്പേസ് കമ്പനികളിൽ നിക്ഷേപിക്കാനായി 450 മില്യൻ ഡോളറിന്റെ ഫണ്ട് ആരംഭിക്കാനായിരുന്നു ആലോചന. എന്നാൽ യോജിച്ച ടീമുകളെ കണ്ടെത്താനായില്ല. പിന്നീട്, മെന്റർ ചെയ്യാൻ തിരഞ്ഞെടുത്ത ധ്രുവ എന്ന സ്പേസ് സ്റ്റാർട്ടപ്പ് ഇവരുടെ തന്നെ ഭാഗമായി. ഇതോടെയാണ് എക്സീഡ് സ്പേസിന്റെ തുടക്കം.

120 ദിവസം കൊണ്ട് ഒരു ഉപഗ്രഹം!

വെറും നാലുമാസമാണ് ഉപഗ്രഹം വികസിപ്പിക്കാൻ വേണ്ടിവന്നത്. വിക്ഷേപണവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയ്ക്കു പുറമേ വിവിധ രാജ്യങ്ങളിൽ സ്പേസ് എക്സ് പോലെയുള്ള സ്ഥാപനങ്ങൾ ഉള്ളതിനാൽ വിക്ഷേപണത്തിനുള്ള ചെലവും കുറഞ്ഞു. ഹാം റേഡിയോ ഉപയോക്താക്കളുടെ വോക്കി–ടോക്കിയുടെ റേഞ്ച് നാലുമടങ്ങ് വർധിപ്പിക്കാൻ എക്സീഡ്സാറ്റ് വഴി കഴിയും. ഭൂമിയിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഉപഗ്രഹം.

അളവുടേപ്പ് ആന്റിന ആയ കഥ!

ഭൂമിയിൽ നിന്ന് സന്ദേശങ്ങൾ കൈപ്പറ്റാനും തിരിച്ചയയ്ക്കാനും രണ്ട് ആന്റിനകൾ ആവശ്യമായി വന്നു. ചെറിയ ഉപഗ്രഹമായതിനാൽ ആന്റിന ഉപഗ്രഹത്തിനു മുകളിൽ ചുറ്റിവയ്ക്കുകയാണ് രീതി. വിക്ഷേപണവാഹനത്തിൽ നിന്നു വേർപെടുമ്പോൾ പ്രത്യേക സെൻസറുകളുടെ സഹായത്തോടെ ആന്റിന പൂർണരൂപത്തിലേക്ക് മാറുകയാണ് പതിവ്.

 എന്നാൽ സെൻസറുകൾ ചതിച്ചാൽ എല്ലാം തീരും. ഇതൊഴിവാക്കാനുള്ള ആലോചനകളെത്തിയത് വീട്ടിലെ അളവുടേപ്പിൽ. ചുറ്റും ചൂണ്ടയിൽ കൊരുക്കുന്ന ഫിഷിങ് ലൈൻ ചുറ്റി. തൊട്ടടുത്തുള്ള റെസിസ്റ്ററിലൂടെ കൂടിയ വോൾട്ടേജ് കടത്തിവിടുമ്പോൾ ഫിഷിങ് ലൈൻ ഉരുകുകയും ടേപ്പ് ആന്റിയായി ഉയരുകയും ചെയ്യും. ഇത് വിജയകരമായിരുന്നു. ഉപഗ്രഹത്തിന് ആവശ്യമായ വെള്ളി വയറുകൾ ഹൈദരാബാദിലെ അസർ എന്ന പരമ്പരാഗത ആഭരണ നിർമാതാവിന്റെ പക്കൽ നിന്നാണ് വാങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA