ലാറി പേജിന്റെ പറക്കും ടാക്സി റെഡി, ഡിസൈൻ കൊള്ളാം, അനുമതി കിട്ടിയാൽ ടേക്ക് ഓഫ്

ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് പറക്കുംകാര്‍ നിര്‍മാണ പദ്ധതികള്‍ക്കു വേണ്ടി രഹസ്യമായി പണം മുടക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഏറ്റവും അവസാനമായി പറക്കും ടാക്സികൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് അദ്ദേഹം. ലാറി പേജിന്റെ തന്നെ കിറ്റി ഹോക്ക് കമ്പനിയാണ് പറക്കും ടാക്സിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം ന്യൂസിലൻഡിലാണ് അവതരിപ്പിക്കുന്നത്. അനുമതി കിട്ടിയാൽ വൈകാതെ തന്നെ ഡ്രോണിന്റെ ടേക്ക് ഓഫ് നടക്കുമെന്നാണ് അറിയുന്നത്.

സെഫൈയര്‍ എയര്‍ വര്‍ക്സ് കമ്പനിയുടെ സഹായത്തോടെ നേരത്തെ തന്നെ പറക്കും വാഹനത്തിന്റെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു. പറക്കും കാർ നിർമാണത്തിനായി സീ അറോ, കിറ്റി ഹോക്ക് എന്നീ സ്റ്റാര്‍ട്ട് അപ്പുകളിൽ വർഷങ്ങൾക്ക് മുൻപെ ലാറി പേജ് പണം നിക്ഷേപിച്ചിരുന്നു.

'കോറ' എന്ന് പേരിട്ടിരിക്കുന്ന ഈ പറക്കും ഡ്രോണിൽ സുഖകരമായി രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. പിറകുവശത്തെ വലിയ പ്രോപ്പല്ലറാണ് ഡ്രോണിന്റെ ശക്തി. പറക്കും വാഹനത്തിൽ ആകെ പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വിമാനും ഡ്രോണും ഒത്തുചേർന്നാലുള്ള ഡിസൈനിലാണ് കോറ നിർമിച്ചിരിക്കുന്നത്. നിന്ന നിൽപില്‍ കുത്തനെ ഉയരാനും താഴാനും കോറയ്ക്ക് സാധിക്കും.

മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗത്തിൽ പറക്കാൻ ശേഷിയുള്ള കോറ ഒരുതവണ ചാർജ് ചെയ്താൽ തുടർച്ചായയി നൂറ് കിലോമീറ്റര്‍ സഞ്ചരിക്കും.

ലാറി പേജ് 2010 ൽ തന്നെ പറക്കും കാർ നിർമിക്കാൻ സീ അറോ കമ്പനിയുമായി സഹകരിച്ചിരുന്നു. ഹെലിക്കോപ്റ്ററുകളുടേതിന് സമാനമായി തറയില്‍ നിന്നും നേരെ പറന്നുയരാന്‍ സാധിക്കുന്ന ചെറു ഇലക്ട്രിക്ക് കാറുകള്‍ നിര്‍മിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. 2011ല്‍ തങ്ങളുടെ പറക്കുംകാര്‍ മാതൃകയ്ക്ക് ഇവര്‍ പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തു. ഗൂഗിളിന്റെ ആസ്ഥാനത്തിന് തൊട്ടടുത്തുള്ള സീ അറോ കമ്പനി ഗൂഗിളിന്റെ ഭാഗമാണെന്ന വാര്‍ത്തകളും പരന്നിരുന്നു. എന്നാല്‍ ഇതിനെ സീ അറോ പരസ്യമായി നിഷേധിച്ചിരുന്നു. 

ഗൂഗിളുമായോ ആല്‍ഫബെറ്റുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സീ അറോ അന്ന് അറിയിച്ചത്. ഗൂഗിളുമായി ബന്ധമില്ലെങ്കിലും ഗൂഗിള്‍ സ്ഥാപകനുമായുള്ള സീ അറോയുടെ ബന്ധമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സീ അറോയിലെ തന്റെ സ്ഥാനത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരമരഹസ്യമായിരിക്കണമെന്ന ഉടമ്പടിയിലാണ് ലാറി പേജ് നിക്ഷേപത്തിന് തയ്യാറായത്.

2015ലാണ് ലാറിപേജ് പണം നിക്ഷേപിച്ചിരിക്കുന്ന രണ്ടാമത്തെ പറക്കും കാര്‍ നിര്‍മാണ കമ്പനിയായ കിറ്റി ഹോക്ക് സ്ഥാപിക്കപ്പെടുന്നത്. ഇവരുടെ ആസ്ഥാനവും ഗൂഗിളിനോട് ചേര്‍ന്നാണ്. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതിയുടെ സ്ഥാപകനും ഗൂഗിള്‍ എക്‌സ് ഗവേഷണ വിഭാഗത്തിന്റെ തലവനുമായ സെബാസ്റ്റ്യന്‍ ത്രോണാണ് ഈ കമ്പനിയുടെ തലപ്പത്തുള്ളത്.