Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകളിൽ ഇനി കേന്ദ്ര സര്‍ക്കാരിന്റെ ചിപ്പ്, വീട്ടിലെന്ത് കാണുന്നുവെന്ന് നിരീക്ഷിക്കും

chip-set-top-box

രാജ്യത്തെ ഓരോ പൗരനും എന്തൊക്കെ കാണുന്നു, അവർക്ക് താൽപര്യപ്പെട്ടത് എന്തെല്ലാമാണ്? എല്ലാം നിരീക്ഷിക്കാൻ പോകുകയാണ് സർക്കാർ. നിങ്ങൾ റൂമിലിരുന്ന് കാണുന്നതും കേൾക്കുന്നതും എന്തെന്ന് സര്‍ക്കാരിനും അറിയണം. ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ചിപ്പ് തന്നെ അവതരിപ്പിക്കാൻ പോകുകയാണ്.

വിവിധ കമ്പനികളുടെ ടിവി സെറ്റ്ടോപ് ബോക്സുകളിൽ വിവരശേഖരണത്തിന് ഇലക്ട്രോണിക് ചിപ്പുകൾ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഏതൊക്കെ ചാനൽ, എത്രനേരം പ്രേക്ഷകർ എത്രമാത്രം കാണുന്നുവെന്നതിന്റെ ആധികാരിക വിവരം ശേഖരിക്കാനാണു ചിപ്പ് വയ്ക്കുന്നതെന്നാണു കേന്ദ്ര വാ‍ർത്താവിനിമയ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ ഫലത്തിൽ ഇതു സ്വകാര്യതയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്നാണ് ആരോപണം. 

പ്രേക്ഷകർ കാണുന്ന ചാനലുകൾ, കാണുന്ന സമയം എന്നിവ കണക്കിലെടുത്താണ് പരസ്യദാതാക്കൾ പണം ചെലവഴിക്കുക. നിലവിൽ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ആണ് ഇക്കാര്യം നിർണയിക്കുന്നത്. ബാർക്കിന്റെ കണക്കുകൾ ആധികാരികമല്ലെന്നാണു സർക്കാർ നിലപാട്. 

കൂടുതൽ ശാസ്ത്രീയമായ കാഴ്ചക്കണക്കു കണ്ടെത്താനാണു ചിപ്പുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ പറയുന്നു. പുതിയതായി നൽകുന്ന ഡിടിഎച്ച് കണക‌്ഷനുകൾക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്സുകളിൽ ചിപ്പ് പിടിപ്പിക്കാനാണ് നിർദേശം. ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി (ട്രായി) നൽകിയ ശുപാർശയാണിത്.

ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റെ തന്ത്രമാണ് നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൗരൻമാരുടെ സ്വകാര്യത ചോർത്താനുള്ള തന്ത്രമാണ് സ്മൃതി ഇറാനിയുടെതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

സോഷ്യല്‍മീഡിയകളിലെല്ലാം മോദി സര്‍ക്കാരിന്റെ വിവാദ നടപടിക്കെതിരേ ശക്തമായി പ്രതികരിക്കുന്നുണ്ട്. 'ഒളിഞ്ഞുനോട്ട സര്‍ക്കാര്‍' എന്നാണ് മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്.

related stories