Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യക്കാർ ഏതുനിമിഷവും ആക്രമിക്കും; ‘അദൃശ്യ യുദ്ധം’ ഭയന്ന് അമേരിക്ക, ബ്രിട്ടൻ

russian-hacker

സാങ്കേതിക ലോകത്തെ ‘അദൃശ്യ യുദ്ധ’ത്തെയാണ് മിക്ക രാജ്യങ്ങളും ഇപ്പോൾ ഭയക്കുന്നത്. തന്ത്രപ്രധാന ഡേറ്റകളെല്ലാം ചോർത്തി ഒരു രാജ്യത്തെ ഇരുട്ടിലാക്കാൻ വരെ ഓൺലൈനിൽ നിശബ്ദ യുദ്ധം നയിക്കുന്നവർക്ക് സാധിക്കും. അത്തരമൊരു ഭീതിയിലാണ് അമേരിക്കയും ബ്രിട്ടനും. ഇന്റര്‍നെറ്റിന്റെ പോക്കുവരവു നടക്കുന്ന ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി അമേരിക്കയും ബ്രിട്ടനും സംയുക്തമായി മുന്നറിയപ്പു നല്‍കി. 

ഇതിനോടകം എത്ര ഉപകരണങ്ങളെ ഹാക്കര്‍മാര്‍ വരുതിയിലാക്കിയെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ തങ്ങള്‍ക്ക് അറിയില്ലെങ്കിലും ലോകം മുഴുവനായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഇതു ബാധിക്കുന്നുവെന്നാണ് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നൽകുന്നത്.

ഇന്റര്‍നെറ്റ് റൗട്ടറുകളെ കീഴ്‌പ്പെടുത്തലാണ് ഒരു രീതിയെന്നു തോന്നുന്നു. റൗട്ടറുകളെ നിയന്ത്രണത്തില്‍ കൊണ്ടുവരിക വഴി അതിലൂടെയുള്ള ഇന്റര്‍നെറ്റിന്റെ പോക്കുവരവിനെയും വരുതിയിലാക്കാം. ഇതു വ്യാപകമാണ്. ഒരു പരിണതഫലമാണോ ലക്ഷ്യമെന്നും അറിയില്ലെന്നാണ് അമേരിക്കയും ബ്രിട്ടനും പറയുന്നത്. ഇതാകട്ടെ ശത്രുവിന്റെ കൈയ്യില്‍ വളരെ ശക്തായ ആയുധവുമാകാം. ഇന്നു ലോകത്തെ മിക്കവാറും ഇന്റര്‍നെറ്റ് പോക്കുവരവെല്ലാം നടക്കുന്നത് 2015നു ശേഷം നിര്‍മിച്ച റൗട്ടറുകളിലൂടെയാണ്. ഈ റൗട്ടറുകളെയാണ് റഷ്യൻ ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

റഷ്യന്‍ സര്‍ക്കാരാണ് ഇതിനു പിന്നിലെന്നു പറയാന്‍ തങ്ങള്‍ക്ക് 'അമിതമായ ആത്മവിശ്വാസം' ഉണ്ടെന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. ഈ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സർക്കാരും ഹാക്കര്‍മാരുടെ നീക്കത്തില്‍ ഉത്കണ്ഠ അറിയിച്ചു. ലോകമെമ്പാടുമുള്ള റൗട്ടറുകളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അവരും പറഞ്ഞു. ഓസ്‌ട്രേലിയയുടെ ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയും ഈ ആക്രമണകാരികള്‍ ലക്ഷ്യം വയ്ക്കുന്നതായി സൈബര്‍ സുരക്ഷാ മന്ത്രി ആങ്ഗസ് ടെയ്‌ലര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ നാനൂറോളം ബിസിനസ് സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടന്നിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.

ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഉപകരണങ്ങള്‍ക്ക് വീടുകളില്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന തരം റൗട്ടറുകള്‍ക്കുള്ള സുരക്ഷ പോലും ഇല്ലെന്ന രീതിയിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. ഇവയെയാണ് ഹാക്കര്‍മാര്‍ പിടിച്ചെയുക്കാന്‍ ശ്രമിക്കുന്നതെന്നും പറയുന്നു.

ഹാക്കര്‍മാര്‍ ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ബന്ധിത റൗട്ടറുകളെ സ്‌കാന്‍ ചെയ്യുന്നു. അവയെ കബളിപ്പിച്ച് പാസ്‌വേഡുകള്‍ തട്ടിയെടുക്കുന്നുവെന്ന് അമേരിക്കയും ബ്രിട്ടനും പറയുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്ന ഈ ആക്രമണം റഷ്യയുടെ സ്വഭാവദൂഷ്യത്തിനു നേരെ വിരല്‍ ചൂണ്ടുന്നതായി ഇരു രാജ്യങ്ങളും പറയുന്നു. ഇതേപ്പറ്റിയുള്ള ഉത്കണ്ഠ അറിയിക്കുന്നതും ചെറുത്തുനില്‍പ്പിനുള്ള ശ്രമങ്ങളും തങ്ങളുടെ പ്രതിരോധപ്രവര്‍ത്തനമാണെന്നാണ് അവര്‍ പറയുന്നത്. 

ഒളിഞ്ഞു നോട്ടത്തിനും പണം മോഷ്ടിക്കാനായുമൊക്കെ ആയിരിക്കണം ഈ നീക്കമെന്നാണ് അമേരിക്കയും ബ്രിട്ടനും കരുതുന്നത്. റഷ്യയ്‌ക്കെതിരെ ഇതുവരെ വിലക്കുകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും അടുത്ത ദിവസങ്ങളില്‍ അതു പ്രതീക്ഷിക്കാമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.