Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ വീടുകളിൽ എന്തിന് ‘രഹസ്യ’ ചിപ്, ഗൂഢാലോചന സർക്കാരിന്റേത്?

irani-modi

എട്ടു കോടിയോളം ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്ഥാപനത്തിലൂടെ ചോർത്തപ്പെട്ടതിന്റെ പേരിലാണ് കമ്പനി സ്ഥാപകൻ മാർക് സക്കർബർഗ് നിയമക്കുരുക്കിൽ പെട്ടത്. അമേരിക്കൻ ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് അവരുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പരസ്യങ്ങളും ഡോണള്‍ഡ് ട്രംപിന് അനുകൂലമായ ക്യാംപെയ്ൻ വാർത്തകളുമെല്ലാം എത്തിച്ചാണ് കേംബ്രിജ് അനലിറ്റിക്ക ‘ഡേറ്റ’ ഉപയോഗപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള അഞ്ചു ലക്ഷത്തോളം ഉപയോക്താക്കളുടെ വിവരങ്ങളും ഇത്തരത്തിൽ കേംബ്രിജ് അനലിറ്റിക്കയ്ക്കു ലഭിച്ചിരുന്നു. ഇതിന്മേൽ കേന്ദ്ര സർക്കാർ ഫെയ്സ്ബുക്കിനോട് വിശദീകരണവും തേടി. അതിനിടെയാണു സമാനമായ പ്രശ്നത്തിൽ ഇപ്പോൾ കേന്ദ്രവും കുടുങ്ങിയിരിക്കുന്നത്. 

രാജ്യത്തു പുതുതായി സ്ഥാപിക്കുന്ന ഡിടിഎച്ച് കണക്‌ഷനുകൾക്കൊപ്പമുള്ള സെറ്റ് ടോപ് ബോക്സുകളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) ഒരു ഇലക്ട്രോണിക് ചിപ് കൂടി സ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശം ട്രായ്ക്കു നൽകിയത്. ഉപഭോക്താക്കൾ ടിവിയിൽ ഏതെല്ലാം ചാനലുകൾ കാണുന്നു, എത്ര സമയം കാണുന്നു എന്നെല്ലാം അറിയാൻ വേണ്ടിയാണിതെന്നാണു പറയപ്പെടുന്നത്. പരസ്യദാതാക്കൾക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വല്‍ പബ്ലിസിറ്റി(ഡിഎവിപി)യ്ക്കും ഇതുവഴി തങ്ങളുടെ പണം ഫലപ്രദമായി വിനിയോഗിക്കാനാകുമെന്നും മന്ത്രാലയം പറയുന്നു. പരസ്യദാതാക്കളെ സഹായിക്കാൻ വേണ്ടിയാണിതെന്ന് ട്രായിയുടെ ന്യായീകരണം. 

virat-flat-mumbai-tv-area

എന്നാൽ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ലോകത്തിനു മുന്നിൽ ഇന്ത്യ തെറ്റായ സന്ദേശമാണ് ഇതുവഴി നൽകുന്നത്. വ്യക്തിപരമായും, ഡേറ്റയിന്മേലുമുള്ള സ്വകാര്യത അടിസ്ഥാന അവകാശമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തു നിന്നാണ് ഇത്തരമൊരു നീക്കമെന്നും ഓര്‍ക്കണം. ‘ജനങ്ങൾ എന്തെല്ലാമാണ് ടിവിയിൽ കാണുന്നതെന്നറിയാൻ ഒട്ടേറെ വഴികളുണ്ട്. അതു നടപ്പാക്കുന്നതിനു പകരം ചിപ് ഘടിപ്പിച്ച് വിവരം ശേഖരിക്കുന്നത് സ്വകാര്യതയിന്മേലുള്ള കടന്നു കയറ്റമാണ്. ഒരേസമയം വ്യക്തിയുടെയും അവരുടെ ഡേറ്റയുടെയും സ്വകാര്യതയിലേക്കാണ് ഈ ചിപ് കടന്നുകയറ്റം നടത്തുന്നത്’ പ്രശസ്ത സൈബർ വിദഗ്ദനായ പവൻ ദുഗ്ഗൽ പറയുന്നു. 

മറ്റു പല വിവരങ്ങളും ശേഖരിക്കാൻ ഈ ചിപ്പിലൂടെ സാധിക്കും. ഇന്റർനെറ്റിൽ അധിഷ്ഠിതമായ സ്മാർട് ടിവി വ്യാപകമാകുന്ന ഇക്കാലത്ത് പ്രത്യേകിച്ചു. ഓരോ വ്യക്തിയും എന്തു കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നതും അവർ ടിവിയിൽ എന്തു തിരയുന്നുവെന്നുമെല്ലാമുള്ള വിവരങ്ങൾ ചിപ്പിലൂടെ ശേഖരിക്കാമെന്നും പവൻ പറയുന്നു. അതേസമയം, ഏറ്റവുമധികം പേർ കാണുന്ന ചാനലുകളെ പ്രമോട്ട് ചെയ്യാനും തങ്ങളെ സഹായിക്കുന്നതാണ് ഈ ചിപ്പെന്ന് ട്രായ് സമർത്ഥിക്കുന്നു. എന്നാൽ ഒരു വ്യക്തിയുടെ രാഷ്ട്രീയ നിലപാട് ഉൾപ്പെടെ തിരിച്ചറിയാൻ അവർ കാണുന്ന ചാനലുകളിൽ നിന്നു സാധിക്കും. പ്രത്യേകിച്ച് ചെറു രാഷ്ട്രീയ കക്ഷികൾക്കും മൾട്ടിനാഷനൽ കമ്പനികൾക്കും വരെ സ്വന്തമായി ചാനലുകളുള്ള ഒരു രാജ്യത്ത്. അതിനനുസരിച്ച് ഓരോരുത്തർക്കും നേരെ രാഷ്ട്രീയപരമായ ഭീഷണികൾ നടത്താനും സ്വാധീനിക്കാനുമെല്ലാം അധികാരത്തിലിരിക്കുന്നവർക്കു സാധിക്കും. 

tv-antina

ഏറ്റവും കൂടുതൽ േപർ കാണുന്ന ചാനലുകൾക്ക്, ഭരിക്കുന്നവരുടെ രാഷ്ട്രീയമനുസരിച്ച് പരസ്യങ്ങൾ നൽകാനും അതു തടയാനുമുള്ള നടപടികളും സ്വീകരിക്കാം. ഉദാഹരണത്തിന് ഏതെങ്കിലും ഒരു സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ എതിർപാർട്ടിയുടെ ചാനലാണ് ഏറ്റവുമധികം പേർ കാണുന്നതെന്നിരിക്കട്ടെ. അവർക്കു നേരെ അനാവശ്യ നിയന്ത്രണങ്ങളും മറ്റും കൊണ്ടുവന്നു കുരുക്കിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ ടിവി ചാനലുകൾക്ക് അധികാരം മാറുന്നതിനനുസരിച്ച് എതിരാളികള്‍ നിയന്ത്രണങ്ങളും മറ്റും കൊണ്ടു വന്നു ‘പണി’ കൊടുക്കുന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഒരു സംസ്ഥാനത്തിന് ഇതെല്ലാം സാധിക്കുമെങ്കിൽ കേന്ദ്രത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ! 

ചില വീടുകളിൽ മാത്രം, അവരുടെ അനുവാദത്തോടെ, പ്രത്യേക തരം ‘മീറ്ററുകൾ’ സ്ഥാപിച്ചുള്ള കണക്കെടുപ്പാണ് നിലവിൽ നടത്തുന്നത്. പക്ഷേ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്) നേതൃത്വത്തിലുള്ള ഈ കണക്കെടുപ്പ് ആധികാരികമല്ലെന്നാണു സർക്കാർ നിലപാട്. ഒരു വിഭാഗം ജനത്തിൽ നിന്നുള്ള കണക്ക് എന്ന പരമ്പരാഗത രീതി മാറ്റി, മൊത്തം പ്രേക്ഷകരുടെ വിവരശേഖരണത്തിലേക്കു മാറുന്നത് അപകടകരമാണെന്നാണ് വിദഗ്ധരുടെ പക്ഷം. സെറ്റ് ടോപ് ബോക്സ് അധികം വൈകാതെ തന്നെ ഒരു നിരീക്ഷണ ഉപകരണമായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സെർവറുകളിൽ സൂക്ഷിക്കപ്പെടുന്ന ഡേറ്റ ഹാക്ക് ചെയ്യാനും സാധ്യതയേറെ. ഈ ഡേറ്റ എന്തിനെല്ലാം ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും കേന്ദ്രം കൃത്യത ഉറപ്പാക്കേണ്ടി വരും. കൂടാതെ ഈ ഡേറ്റ ലഭിക്കുന്ന പരസ്യദാതാക്കൾ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തിലും വ്യക്തത വേണം. ദുരുപയോഗം ചെയ്യപ്പെട്ടാൽ ഫെയ്സ്ബുക്കിനേറ്റ തിരിച്ചടിയേറ്റതിനേക്കാൾ കനത്ത പ്രഹരമായിരിക്കും കേന്ദ്ര സര്‍ക്കാരിനു നേരെയുണ്ടാവുക. 

chip-set-top-box

വീടിന്റെ സ്വകാര്യതയിലിരുന്ന് ഒരാൾ കാണുകയോടെ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങളുടെ കണക്കെടുക്കുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിത്തന്നെ കണക്കാക്കും. ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ആക്ടിനെയും മറ്റു സുപ്രധാന നിയമങ്ങളെയും ഹനിക്കുന്ന ഈ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും സൈബർ വിദഗ്ധർ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ മാർക് സക്കർബർഗിന്റെ ഇപ്പോഴത്തെ അവസ്ഥയായിരിക്കും നാളെ നരേന്ദ്രമോദി സർക്കാരിനും വന്നുചേരുക. 

related stories