ചാറ്റ് മെസേജിങ്: ഉപയോക്താക്കളെ ഗൂഗിൾ ചതിക്കുമോ?

സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ചാറ്റ് എന്ന പേരില്‍ അവതരിപ്പിച്ച മെസേജിങ് സർവീസിനെതിരെ വ്യാപക ആരോപണം. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണൽ വരെ ഗൂഗിളിനെതിരെ രംഗത്തെത്തി‍. ഗൂഗിളിന്റെ പുതിയ ചാറ്റ് സർവീസ് ഓൺലൈൻ കുറ്റവാളികളുടെ ഇഷ്ട കേന്ദ്രമാകുമെന്നാണ് മുന്നറിയിപ്പ്.

ചാറ്റ് വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാതെയാണ് ഉപയോഗിക്കുന്നത്. ഈ സര്‍വീസ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വിലകല്‍പ്പിക്കുന്നില്ലെന്നും വ്യക്തി ഡേറ്റയ്ക്ക് സുരക്ഷയില്ലെന്നും സൈബര്‍ കുറ്റവാളികള്‍ക്ക് മികച്ച സമ്മാനമാണെന്നുമാണ് ആംനെസ്റ്റി കുറ്റപ്പെടുത്തുന്നത്.

ചാറ്റ് മെസേജുകൾ ഇന്റര്‍നെറ്റ് വഴിയല്ല കൈമാറ്റം ചെയ്യുന്നത്. ടെലികോം സേവനദാതാക്കൾ വഴിയുള്ള, സാധാരണ എംഎസ്എസ് ടെക്സ്റ്റ് മെസേജുകള്‍ പോലെയാണ് സര്‍വീസ് നടക്കുന്നത്. ഗൂഗിൾ എന്തുകൊണ്ടാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെ ഉപയോഗപ്പെടുത്താതെന്നാണ് മിക്ക ടെക് വിദഗ്ധരും ചോദിക്കുന്നത്.

ഗൂഗിളിന് ഇക്കാര്യത്തില്‍ ഹിഡൻ അ‍ജണ്ട ഉണ്ടെന്നാണ് മിക്കവരും ആരോപിക്കുന്നത്. ഗൂഗിളിന്റെ നിലവിലെ ചാറ്റിങ് ആപ്പ് അലോയില്‍ നിക്ഷേപം നടത്തുന്നത് നിർത്തുമെന്ന് നേരത്തെ തന്നെ ഗൂഗിൾ വ്യക്തമാക്കിയിരുന്നു.