മാനഭംഗത്തിനിരയായ പെൺകുട്ടികളെ പോലും വെറുതെ വിട്ടില്ല, ഗൂഗിൾ പ്രതിക്കൂട്ടിൽ

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന് അറിയാത്തതായി ഒന്നുമില്ല. ബുദ്ധിയും തന്ത്രവുമുണ്ട്. തങ്ങള്‍ക്ക് അതീതമായി ഒന്നുമുണ്ടാവരുതെന്ന ചിന്ത കാരണം അവര്‍ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതില്‍ ഒരു നിയന്ത്രണവും കാണിക്കുന്നില്ല എന്നാണല്ലൊ ആരോപണം. തങ്ങള്‍ക്ക് എല്ലാം അറിയാമെങ്കിലും സെര്‍ച്ചിലൂടെ അതില്‍ പലതും പൊതുസമൂഹത്തിനു വെളിവാക്കുന്നതില്‍ നേരത്തെ കൂടുതല്‍ കരുതല്‍ കാണിച്ചിരുന്നു.

ഇപ്പോഴിതാ, സര്‍വ്വ അറിവിന്റെയും അധിപനായ ഗൂഗിള്‍ മാനഭംഗത്തിനു ഇരയായവരുടെ പേരുകൾ വേണ്ടവർക്കെല്ലാം വെളിപ്പെടുത്തിക്കൊടുക്കുന്നു. ശാരീരിക ആക്രമണത്താല്‍, കഠിനമായ മാനസികാഘാതത്തില്‍പ്പെട്ടു കഴിയുന്നവരുടെ പേരുവിവരങ്ങള്‍ ഗൂഗിളിലെ റിലേറ്റഡ് സെര്‍ചിലൂടെ വെളിപ്പെടുത്തുന്നു എന്നാണ് കണ്ടെത്തല്‍. ലോകത്തെ പല പ്രധാന മാനഭംഗ കേസുകളിലെയും ആക്രമണകാരികളുടെ വിവരങ്ങള്‍ തിരയുമ്പോള്‍ കുറ്റവാളികളുടെ പേരുകള്‍ക്കൊപ്പം ഇരയുടെ പേരും വെളിപ്പെടുത്തുന്നുവത്രെ.

ഇത്തരം കേസുകളെക്കുറിച്ച് ഗൂഗിളില്‍ അന്വേഷിക്കുന്നവര്‍ 'റിലേറ്റഡ് സെര്‍ച്,' 'ഓട്ടോകംപ്ലീറ്റ്' എന്നീ ഫങ്ഷനുകള്‍ ഉപയോഗിക്കുമ്പോഴാണ് പേരുകള്‍ വെളിപ്പെടുത്തുന്നത്. ഗൂഗിളില്‍ നടത്തുന്ന ഓരോ സെര്‍ചും സേവു ചെയ്യപ്പെടുന്നതിനാല്‍ ഇരകളുടെ പേരുകള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ചുകളും എപ്പോഴും ലഭ്യമായിരിക്കാം.

ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സിലെ വിമെന്‍ ആന്‍ഡ് ഇക്വാളിറ്റീസ് കമ്മിഷന്റെ ചെയര്‍പേഴ്‌സണ്‍ ആയ മരിയ മില്ലര്‍ പറഞ്ഞത് ബ്രിട്ടനിലെ നിയമത്തിനനുസരിച്ച് ഗൂഗിള്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് സെര്‍ച് എൻജിന്റെ പ്രവര്‍ത്തനരീതി മാറ്റേണ്ടിയിരിക്കുന്നു എന്നാണ്. ലേബര്‍ പാര്‍ട്ടി എംപി ജെസ് ഫിലിപ്‌സ് പറഞ്ഞത് മാനഭംഗത്തിനോ ചൂഷണത്തിനോ ഇരയായാവരെ, ചൂണ്ടയില്‍ ഇരകോര്‍ത്തു വച്ചിരിക്കുന്നതു പോലെ ഒരു ക്ലിക്കിനു വേണ്ടി ഗൂഗിള്‍ ഉപയോഗിക്കുന്നുവെന്നാണ്. തങ്ങള്‍ സമൂഹത്തില്‍ തിരിച്ചറിയപ്പെടുമെന്ന ഭീതിയാല്‍, ഇരകള്‍ മുന്നോട്ടുവരാന്‍ മടിക്കും ഇത്തരം വെളിപ്പെടുത്തലുകള്‍ മൂലമെന്നാണ് അവര്‍ പറയുന്നത്. സര്‍വൈവേഴ്‌സ് ട്രസ്റ്റിലെ ഫേ മാക്‌സറ്റെഡ് പറഞ്ഞത് ഗൂഗിള്‍ പേരുകൾ തുറന്നുവച്ചിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നാണ്.

സന്നദ്ധ പ്രവര്‍ത്തകര്‍ പൊലീസിനോടും കോടതികളോടും ഗൂഗിളിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെപ്പറ്റി പറഞ്ഞു കഴിഞ്ഞു. ആജീവനാന്ത അജ്ഞാതാവസ്ഥയാണ് (anonymity) ബ്രിട്ടനിലെ നിയമം ഇരകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതികള്‍ പുറത്തുവന്നാല്‍ പോലും ഇരകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്താവില്ല എന്നാണ് നിയമം പറയുന്നത്.

ബ്രിട്ടനില്‍ ഈ നിയമം തെറ്റിക്കുന്നതു ക്രിമിനല്‍ കുറ്റമാണ്. 5,000 പൗണ്ടാണു പിഴ. നിയമം തെറ്റിച്ചതിന്റെ പേരില്‍ ഒന്‍പതു പേര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഗൂഗിൾ വക്താവു പറഞ്ഞത് തങ്ങള്‍ ഓട്ടോകംപ്ലീറ്റ് പ്രെഡിക്‌ഷന്‍സിലൂടെയോ റിലേറ്റഡ് സെര്‍ചിലൂടെയോ ഇരകളുടെ പേരു വെളിയില്‍ വരുന്ന രീതി പ്രോത്സാഹിപ്പിക്കാറില്ലെന്നും ഇപ്പോള്‍ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങള്‍ നീക്കം ചെയ്തുവെന്നുമാണ്. സമീപകാലത്ത് പ്രവചന രീതിയില്‍ മാറ്റം വരുത്തിയെന്നാണ് അവര്‍ പറയുന്നത്. കൂടാതെ, ഇത്തരം അവസരങ്ങളില്‍ ആളുകള്‍ പ്രശ്‌നം തങ്ങളെ അറിയിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ്.